റാഫേല്‍ കരാറുമായി ബോഫോഴ്‌സിനെ താരതമ്യം ചെയ്യരുത്: ചിദംബരം
നാഗ്പൂര്‍: ഫ്രാന്‍സുമായി ഒപ്പുവച്ച റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബോഫോഴ്‌സ് കരാറിനെ താരതമ്യം ചെയ്യരുതെന്ന് മുന്‍കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. രണ്ട് ഇടപാടുകളും തമ്മില്‍ താരതമ്യം ചെയ്യുന്നത് ഒരുകാരണവശാലും ശരിയല്ല. ബോഫോഴ്‌സ് ഇടപാടില്‍ ഒരുതരത്തിലുള്ള അഴിമതിയും നടന്നിട്ടില്ല. എന്നാല്‍ റാഫേല്‍ കരാറില്‍ ഇതല്ല അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.
1980ല്‍ സ്വീഡനുമായുണ്ടാക്കിയ ബോഫോഴ്‌സ് ആയുധ കരാറില്‍ അഴിമതിയുണ്ടെന്ന് തെളിയിക്കാനായില്ല. എന്നാല്‍ റാഫേല്‍ ഇടപാടില്‍ ഇതല്ല സ്ഥിതി. കരാറിനെതിരേ കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന് ഇത് കോടതിയെ സമീപിക്കേണ്ടതായ പ്രശ്‌നമല്ല. എല്ലാ കാര്യത്തിനും കോടതിയെ സമീപിക്കുകയെന്നത് ഇന്ന് ഇന്ത്യയില്‍ പുതിയൊരു ശൈലിയായിരിക്കുകയാണ്.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുകയാണ് വേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് മുന്‍പില്‍ വസ്തുത വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എല്ലാ സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നത് പാര്‍ലമെന്റിലാണ്, മറിച്ച് കോടതിയിലല്ല. ഇന്ത്യയില്‍ മാത്രമാണ് ഇത്തരം സംഭവങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടാതെ നേരിട്ട് കോടതിയിലേക്ക് പോകുന്നത്. അതിന് പകരം പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചക്ക് വരികയാണ് വേണ്ടത്.
പാര്‍ലമെന്റില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പില്‍ വയ്ക്കാവുന്നതാണ്.
അടിയന്തരമായി 36 യുദ്ധ വിമാനങ്ങള്‍ വാങ്ങിക്കാന്‍ ഫ്രാന്‍സുമായി ഇന്ത്യ കരാറില്‍ ഒപ്പുവച്ചത് എന്തിനാണ്. 2015ല്‍ കരാര്‍ പ്രഖ്യാപിച്ചിട്ടും ഇതുവരെ ഒരു യുദ്ധവിമാനം പോലും ഇന്ത്യയിലേക്ക് എത്തിയിട്ടില്ല. ആദ്യവിമാനം ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത് 2019 സെപ്റ്റംബറിലാണ്. ശേഷിക്കുന്നവ 2022ലും എത്തും. അടിയന്തരമായി കരാറുണ്ടാക്കിയിട്ടും ആദ്യ വിമാനം ഇന്ത്യയിലെത്തുന്നത് കരാര്‍ ഒപ്പുവച്ച് നാല് വര്‍ഷത്തിനു ശേഷമായിരിക്കും. ഇതെല്ലാം വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്‌സിനെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതിലും വലിയ ദുരൂഹതയുണ്ടെന്നും ചിദംബരം പറഞ്ഞു.
ബോഫോഴ്‌സ് ഇടപാട് അഴിമതിയായിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജെ.ഡി കപൂറിന്റെ വിധിന്യായത്തില്‍ ബോഫോഴ്‌സ് ഇടപാടില്‍ അഴിമതിയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റാഫേല്‍ ഇടപാടിനെ ബോഫോഴ്‌സുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പ്രധാനമന്ത്രി വി.പി സിങിന്റെ സാങ്കല്‍പികവും ഭാവനാപരവുമായ ഒന്നായിരുന്നു ബോഫോഴ്‌സ് ഇടപാടില്‍ അഴിമതിയുണ്ടെന്നതെന്നും ചിദംബരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."