ദുരിതാശ്വാസ ക്യാംപിലെ ബാസ്‌കറ്റ്‌ബോള്‍ താരം 53കാരി കൃഷ്ണമ്മ
ആലപ്പുഴ: നൈറ്റി ധരിച്ച് തോളില്‍ തോര്‍ത്തിട്ട ഒരു സാധാരണ വീട്ടമ്മയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ കായികതാരം. പ്രളയത്തിനു മുന്നില്‍ പകച്ച 53കാരി ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കളിക്കളത്തില്‍ പഴയ ബാസ്‌കറ്റ്‌ബോള്‍ താരമായതോടെയാണിത്. ലേ അപ്പിലും ഫ്രീ ത്രോയിലുമെല്ലാം പന്ത് കൃത്യം ബാസ്‌ക്കറ്റിലെത്തിച്ചു. അവിടെയുണ്ടായിരുന്നവര്‍ ഫേസ്ബുക്കിലും വാട്‌സപ്പിലും പോസ്റ്റു ചെയ്ത വീഡിയോകള്‍ വൈറലായത് വളരെ പെട്ടെന്നായിരുന്നു.
ഹൃദ്രോഗിയായ ഭര്‍ത്താവ് പ്രകാശനും മക്കള്‍ക്കുമൊപ്പം ഇപ്പോള്‍ തകഴി പഞ്ചായത്തിലെ കുന്നുമ്മയിലാണ് താമസം. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിലേക്കും ദുരിതങ്ങളിലേക്കുമാണ് മലവെള്ളം പാഞ്ഞുകയറിയത്. വസ്ത്രങ്ങള്‍ മാത്രമെടുത്ത് ഈ കുടുംബം ക്യാംപില്‍ അഭയം തേടുകയായിരുന്നു.
ആലപ്പുഴ പട്ടണക്കാട് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍നിന്നാണ് തകഴി സ്വദേശി കൃഷ്ണമ്മ അതിജീവനത്തിന്റെ പ്രതീകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. ട്രിബിളിങിലെയും സ്‌കോറിങിലെയും മികവ് ചൂണ്ടിക്കാട്ടിയ പലരും ഇവര്‍ പഴയ താരമാണെന്നുറപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റുകളിട്ടു.
തകഴി സ്‌കൂളിലെ ക്യാംപിലേക്കാണ് ആദ്യം പോയത്. അവിടെയും വെള്ളമുയര്‍ന്നപ്പോള്‍ പട്ടണക്കാട് ക്യാംപിലെത്തി. ക്യാംപില്‍ ഹാന്‍ഡ്‌ബോള്‍കൊണ്ട് ബാസ്‌ക്കറ്റ്‌ബോള്‍ പരീക്ഷണം നടത്തിയ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഉന്നം പിഴയ്ക്കാത്ത കൃഷ്ണമ്മയുടെ പ്രകടനം കാണികള്‍ക്ക് വിസ്മയമായി. പിറ്റേന്ന് ബാസ്‌ക്കറ്റ്‌ബോള്‍ എത്തിച്ചു നല്‍കി എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോള്‍ അവര്‍ പഴയ താരമായി മാറുകയായിരുന്നു.
വീഡിയോ കണ്ട് ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ പലരും ഫോണ്‍ ചെയ്യുന്നുണ്ടെന്ന് കൃഷ്ണമ്മ പറഞ്ഞു. ആലപ്പുഴ ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു. 11 ദിവസം ക്യാംപില്‍ താമസിച്ചശേഷം ഓഗസ്റ്റ് 27നാണ് ഇവര്‍ വീട്ടിലേക്കു മടങ്ങിയത്. ഇടിഞ്ഞു വീഴാറായ വീടിനുള്ളില്‍ ഭീതിയിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നതെന്ന് കൃഷ്ണമ്മ പറഞ്ഞു.
1982-86 കാലയളവില്‍ അറവുകാട് സ്‌കൂള്‍ ടീമിലെ താരമായിരുന്നു കൃഷ്ണമ്മ. ആലപ്പുഴ ജില്ലാ സ്‌കൂള്‍ ടീമിലും, സെന്റ് മൈക്കിള്‍സ് കോളജിലും ആലപ്പുഴ ടൗണ്‍ ക്ലബിലുമൊക്കെ ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ച കാലം കൃഷ്ണമ്മയുടെ ഓര്‍മകളില്‍ ഇന്നുമുണ്ട്. 10-ാം ക്ലാസോടെ പഠനവും ബാസ്‌ക്കറ്റ്‌ബോള്‍ കളിയും അവസാനിച്ചു.
മൂത്തമകന്‍ കെട്ടിട നിര്‍മാണ ജോലിയില്‍ സഹായിയാണ്. ആയൂര്‍വേദ നഴ്‌സിങ് പരിശീലിച്ച രണ്ടാമത്തെ മകന് ജോലിയുമില്ല. പിതാവിന്റെ രോഗത്തെത്തുടര്‍ന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഇളയ മകന്‍ പോളിടെക്‌നിക് പഠനം ഉപേക്ഷിച്ചു. ജീവിത ദുരിതങ്ങളുടെ നടുവില്‍ കഴിയുമ്പോഴാണ് ഇവര്‍ക്കിടയിലേക്കും മഹാദുരന്തമായി പ്രളയമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."