എലിപ്പനി പടരുന്നു; മരണം 32
കോഴിക്കോട്: പ്രളയാനന്തരം ഭീതിവിതച്ച് പടരുന്ന എലിപ്പനിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ ഒരു മാസത്തിനിടെ ജില്ലയില്‍ എലിപ്പനിയെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം 16 ആയി.
നല്ലളം തെക്കെപാടം പെരുളില്‍ അയ്യപ്പുട്ടിയുടെ ഭാര്യ രാധ(64), മുക്കം പന്തലങ്ങല്‍ രാമന്റെ മകന്‍ ചുള്ളിയോട്ടില്‍ ശിവദാസന്‍ (61), മാങ്കാവില്‍ താമസിക്കുന്ന കാരന്തൂര്‍ വെള്ളാരംകുന്നുമ്മല്‍ കൃഷ്ണന്‍ (55), വടകര മേപ്പയില്‍ പുതിയാപ്പ് ഇല്ലത്ത് മീത്തല്‍ ആണ്ടി (63), മൂടാടി തെരുവിലെ കൊയ്യോടന്റെവിട കൃഷ്ണന്റെ മകന്‍ രാജേഷ് (34) എന്നിവരാണ് മരിച്ചത്. ഇതില്‍ ആണ്ടിയുടെ മരണം മാത്രമാണ് എലിപ്പനിയെ തുടര്‍ന്നാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.
60 ഓളം പേര്‍ എലിപ്പനി ലക്ഷണത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിലും നിരവധി പേര്‍ ചികിത്സയിലുണ്ട്. ജില്ലയിലെ കന്നിപ്പാറ, പൂവാട്ട്പറമ്പ്, ഉണ്ണികുളം, കക്കോടി, അരക്കിണര്‍, കൊമ്മേരി, ചേവായൂര്‍, പന്തീരാങ്കാവ്, ചെറുവാടി, മലാപ്പറമ്പ്, പുത്തൂര്‍, കടലുണ്ടി, വാവാട്, ചാലിയം, മുതുകാട്, നടക്കാവ്, വേങ്ങേരി, കല്ലായ്, ചെറുവണ്ണൂര്‍, ചേമഞ്ചേരി, ഒടുമ്പ്ര, ഫറോക്ക് എന്നിവിടങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രളയാനന്തരം ജില്ലയില്‍ എലിപ്പനി പടരുന്നതിനെതിരേ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും മണസംഖ്യ ഉയരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് ഇന്നലെ മരിച്ചത്. ലിജു, പ്രജു എന്നിവര്‍ മരിച്ച രാധയുടെ മക്കളാണ്. മരുമകള്‍: റീഷ്മ. മാളുക്കുട്ടിയാണ് ശിവദാസന്റെ മാതാവ്. ഭാര്യ: ഷീലാദേവി. മക്കള്‍: ഷാജു, ഷൈജു.
10 വര്‍ഷത്തോളമായി മാങ്കാവിലെ ഭാര്യ വീട്ടിലാണ് കൃഷ്ണന്‍ താമസിച്ചിരുന്നത്. ഭാര്യ: പ്രമീള. മൂന്ന് ദിവസം മുന്‍പാണ് ആണ്ടിയെ പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബാബു, സത്യന്‍, വിനോദന്‍, ഷാജി. രാജേഷിന്റെ മാതാവ്: തങ്കം. സഹോദരങ്ങള്‍: അരുണ്‍രാജ്, അജേഷ്.
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അത്തിപ്പാറ തുണ്ടിക്കട്ടിയില്‍ കുമാര്‍(52) മരിച്ചു.ഒരാഴ്ചയായി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.തമിഴ്‌നാട് സ്വദേശിയായ കുമാര്‍ ദീര്‍ഘനാളായി അത്തിപ്പാറയിലാണ് താമസം.ഭാര്യ: രാജേശ്വരി.മക്കള്‍: അനിത, വിഷ്ണുപ്രിയ
പെരിന്തല്‍മണ്ണ എരവിമംഗലം പാട്ടശ്ശേരിത്തൊടി സുകുമാരന്റെ ഭാര്യ പ്രമീള(40) എലിപ്പനി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ 28ന് പനി ബാധിച്ച് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയ പ്രമീളയെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. വേങ്ങര സ്വദേശികളായ ചക്കിക്കുട്ടിയുടേയും ചെള്ളിയുടേയും മകളാണ്. മക്കള്‍: ശ്രുതി, നിയ, യദുകൃഷ്ണന്‍. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ഷൊര്‍ണൂര്‍ പുണ്യതീരത്ത് നടക്കും.
എലിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നാലു ലക്ഷത്തിലധികം പ്രതിരോധ മരുന്നുകള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു. സര്‍ക്കാര്‍ ആശുപത്രിക്കുപുറമെ 16 താല്‍ക്കാലിക ആശുപത്രികള്‍കൂടി സ്ഥാപിച്ചായിരുന്നു പ്രതിരോധ പ്രവര്‍ത്തനം.
വയനാട്ടില്‍ ബോധവല്‍ക്കരണ പരിപാടികള്‍ തുടരുന്നതിനിടെ വയനാട്ടില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചുണ്ടേല്‍ വിജിന്‍ നിവാസില്‍ വിജയന്‍പിള്ളയുടെ മകന്‍ വിജിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് എലിപ്പനിയുമായി വിജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സന്ധ്യയോടെ മരിക്കുകയായിരുന്നു.
തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. പുല്ലഴി സ്വദേശി നെടുംവീട്ടില്‍ മോഹനന്റെ മകന്‍ നിഷാദ് (23) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് നിഷാദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ പ്രതിരോധ ഗുളിക കഴിക്കണം
തിരുവനന്തപുരം: പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ചില ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി. എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് പ്രതിരോധം, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍.
ഇത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗം മൂര്‍ഛിച്ച പലര്‍ക്കും പെന്‍സുലിന്‍ ചികിത്സ ആവശ്യമായി വരും. അതുകൊണ്ടുതന്നെ താലൂക്കാശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സുലിന്റെ ലഭ്യതയും ഇതിനുവേണ്ട മുന്‍കരുതലുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പെന്‍സുലിന്‍ ചികിത്സയെപ്പറ്റി കൃത്യമായ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ജാഗ്രത വേണം: മന്ത്രി
കണ്ണൂര്‍: മഴക്കെടുതിയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരും ഏതെങ്കിലും രീതിയില്‍ മലിനജലവുമായി ബന്ധപ്പെടുന്നവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
എലിപ്പനി പകരാനുള്ള സാധ്യത കണക്കിലെടുത്താണിത്. പനി, പേശിവേദന, തലവേദന, വയറുവേദന, ഛര്‍ദ്ദി, കണ്ണ് ചുവക്കല്‍ തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങളുള്ളവര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സ തേടണം. എലിപ്പനി സാധ്യതയുള്ള കേസുകളില്‍ സാധാരണ പനിക്കുള്ള മരുന്ന് നല്‍കി രോഗികളെ പറഞ്ഞയക്കാതിരിക്കാന്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് എനിപ്പനി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലുള്‍പ്പെടെ എലിപ്പനിയെന്ന് സംശയിക്കുന്ന 24 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് മരണം മാത്രമാണ് എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."