സമനില തെറ്റിയത് മുഖ്യമന്ത്രിയ്ക്ക്; കള്ളുകുടിച്ച കുരങ്ങനെ തേള് കുത്തിയ പോലെ: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായിക്ക് സമനില തെറ്റിയിരിക്കുകയാണ്. രാഷ്ട്രീയമായി ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി പറയാതെ വ്യക്തിപരമായി അക്രമം നടത്തുന്ന മുഖ്യമന്ത്രിക്ക് സ്വന്തം നിഴലിനെ പോലും ഭയമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി ഏത് സമയത്തും തന്നിലേക്ക് എത്തുമെന്ന ഭയമാണ് അദ്ദേഹത്ത്. കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയാല്‍ എങ്ങനെ ഇരിക്കും എന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ വികാരപ്രകടനങ്ങള്‍ കണ്ടാല്‍ തോന്നുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പി അധ്യക്ഷനെ വേറെ കണ്ടോളാം എന്നു പറയുന്ന പിണറായിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കില്‍ ഞങ്ങളും തയ്യാറാണ്. പിണറായിയുടെ ഭീഷണി ബി.ജെ.പിക്ക് നേരെ വേണ്ട. ഭീഷണി കൊണ്ട് പിന്മാറുന്നവരല്ല ബി.ജെ.പിയെന്ന് പിണറായിക്ക് വ്യക്തമായി അറിയാം. വാടിക്കല്‍ രാമകൃഷണന്‍ മുതല്‍ ആ മറുപടി ഞങ്ങള്‍ കണ്ടിട്ടുണ്ട്. അതിനെ നേരിട്ടിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനസിക നില തെറ്റിയത് പിണറായിക്കാണ്. സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലും മയക്കുമരുന്ന് കേസിലുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനും മറ്റു മന്ത്രിമാര്‍ക്കും സി.പി.എം നേതാക്കളുടെ മക്കള്‍ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയത് അന്വേഷണ ഏജന്‍സികളാണ്. അതൊന്നും പ്രതിപക്ഷം കെട്ടിച്ചമച്ചതല്ല. എന്നാല്‍ ആരോപണങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
ലൈഫ് മിഷനില്‍ കമ്മിഷന്‍ അടിച്ചതിനെ കുറിച്ചോ ഒരു മന്ത്രി ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയതിനെ കുറിച്ചോ സെക്രട്ടേറിയറ്റില്‍ തീ കത്തിയപ്പോള്‍ ഏതൊക്കെ ഫയലുകള്‍ കത്തിയെന്നതിനെ കുറിച്ചോ ഇതുവരെ വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നല്‍കിയില്ല. നാലരകൊല്ലം മുന്‍പ് മറ്റൊരു മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ പിണറായി സ്വീകരിച്ച നിലപാട് കുറ്റാരോപിതര്‍ അധികാരത്തില്‍ നിന്ന് മാറണം എന്നായിരുന്നു. ഇപ്പോള്‍ അത് ബാധകമാകില്ലെ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
അഴിമതി പണത്തിന്റെ വലിയ ഭാഗം പിണറായി വിജയനിലേക്കാണ് പോയതെന്ന ആരോപണം സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കൂടുതല്‍ മന്ത്രിമാരിലേക്ക് അന്വേഷണം എത്തും. രണ്ടു ദിവസങ്ങളായി തിരുവനന്തപുരത്തെ ഒരു മന്ത്രിയെ കാണാനില്ല. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഒറ്റ അഴിമതിക്കാരനും രക്ഷപ്പെടാന്‍ അനുവദിക്കില്ല.
രാഷ്ട്രീയമായ ആരോപണങ്ങള്‍ക്ക് അത്തരത്തിലുള്ള മറുപടിയാണ് വേണ്ടത്. ഭീഷണിപ്പെടുത്തി സമരത്തെ അടച്ചമര്‍ത്താമെന്നത് വ്യാമോഹമാണ്. പൊലീസിനൊപ്പം ഡിവൈഎഫ്ഐ ക്രിമിനലുകളും ബിജെപിയെ നേരിടാന്‍ രംഗത്തു വന്നിട്ടുണ്ട്. ഡിവൈഎഫ്ഐ അതേ നാണയത്തില്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. ബിജെപിയുടെ പെണ്‍പുലികള്‍ മാത്രം മതി അതിന്. തങ്ങളെ വകവരുത്തിയാലും ഈ സമരവുമായി മുന്നോട്ടു പോകും. ഈ പാപക്കറയില്‍ നിന്ന് കൈകഴുകാന്‍ പിണറായിക്ക് കഴിയില്ലന്നും സുരേന്ദ്രന്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."