സത്യാനന്തരത്തില്‍ നിന്ന് കൊവിഡാനന്തര കാലത്തേക്ക്
സത്യത്തിനും വസ്തുതകള്‍ക്കും അപ്പുറം വികാരങ്ങള്‍ക്കും അസത്യത്തിനും പ്രാധാന്യം നല്‍കി അതില്‍നിന്ന് പൊതുഅഭിപ്രായം രൂപപ്പെടുത്തുന്ന അവസ്ഥയാണ് സത്യാനന്തര കാലത്തിന്റെ സവിശേഷത. ശാസ്ത്രവും മാധ്യമങ്ങളുമടക്കം സത്യത്തിനപ്പുറം താല്‍പര്യങ്ങള്‍ക്കനുകൂലമായി അതിനോട് പങ്കുചേരുന്നു. ഇന്ന് ലോകത്തെ പല രാജ്യങ്ങളുടെയും ഭരണാധികാരികള്‍ ഈ സത്യാനന്തര പ്രചാരണങ്ങളിലൂടെ അധികാരത്തിലെത്തിയവരാണ്. പല ഭരണാധികാരികളും അസത്യ പ്രചാരണങ്ങളിലൂടെ സ്വന്തം പൗരന്മാരെ വംശീയവും വര്‍ഗീയവുമായി വേര്‍തിരിച്ചാണ് അധികാരത്തിന്റെ പടവുകള്‍ കയറിക്കൂടിയത്. ട്രംപ് അധികാരാരോഹണത്തിനു മുമ്പ് നടത്തിയ പ്രസ്താവനകളും ശേഷമുണ്ടായ പ്രവര്‍ത്തനങ്ങളും എത്രമേല്‍ വംശീയമായിരുന്നു എന്ന് ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. ഇന്ത്യയിലടക്കം വംശീയവും വര്‍ഗീയുമായി പൗരന്മാരെ വേര്‍തിരിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനെതിരേ സമരങ്ങളുടെ വേലിയേറ്റങ്ങളുണ്ടായി. ലോകത്ത് അത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് കൊവിഡ് - 19 മഹാമാരി ദുരന്തം വിതച്ചെത്തിയത്. മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ പോലും കഴിയാത്തത്ര ചെറിയ കൊറോണ വൈറസിനെ വര്‍ഷം പകുതി കഴിഞ്ഞിട്ടും മനുഷ്യനു കൈപ്പിടിയിലാക്കാന്‍ സാധിച്ചിട്ടില്ല. ആന്തരിക കലഹങ്ങളും അതിര്‍ത്തികള്‍ക്കപ്പുറം ബാഹ്യമായ പോരാട്ടങ്ങളും കൊണ്ട് ലോകത്തിന്റെ ആധിപത്യം നേടാനുള്ള മത്സരങ്ങളിലായിരുന്നു മനുഷ്യന്‍. ഇന്ന് എല്ലാ സംഘര്‍ഷങ്ങളും ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് വൈറസിനെതിരേയുള്ള പോരാട്ടത്തിലാണ്. വൈറസിനെതിരേ മനുഷ്യന്‍ ഐക്യ സമരത്തിലാണ്.
മാനവികതയുടെ ഒരുമ മനുഷ്യനു ബോധ്യപ്പെട്ട കാലമാണിത്. ഈ കാലത്ത് മനുഷ്യന്റെ ചിന്തകളെ ചൂടുപിടിപ്പിക്കുന്നത് കൊവിഡാനന്തര ലോകത്തിന്റെ സ്ഥിതി എന്താകും എന്നതാണ്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, വാണിജ്യ, ഉല്‍പാദനരംഗത്തൊക്കെ വന്‍മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോകുന്നു എന്നാണ് സാമൂഹികശാസ്ത്രജ്ഞരും രാഷ്ട്രീയനിരീക്ഷകരും പ്രവചിക്കുന്നത്. കൊവിഡ് കാലം എന്നാണവസാനിക്കുക എന്നും കൊവിഡാനന്തര കാലം എന്തായിരിക്കുമെന്നുമുള്ള ആലോചനകള്‍ സജീവമാണ്. കഴിഞ്ഞ കാലങ്ങളില്‍ അഭയാര്‍ഥികള്‍ക്കു നേരെ അതിര്‍ത്തികള്‍ അടച്ചിട്ടവര്‍ ഇന്ന് അതിര്‍ത്തികള്‍ക്കുള്ളില്‍ സ്വയംതീര്‍ത്ത അതിര്‍വരമ്പിനുള്ളില്‍ ഒതുങ്ങിയിരിക്കുന്ന ചരിത്രത്തിന്റെ വൈപരീത്യം കാലത്തിന്റെ കണക്കു തീര്‍ക്കലാണോ?
കൊവിഡിനു മുന്‍പും ദുരന്തങ്ങള്‍ ധാരാളം ലോകത്തുണ്ടായിട്ടുണ്ട്. പ്രളയവും പകര്‍ച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും മനുഷ്യനെ ഭയത്തിലാക്കിയ കാലം കഴിഞ്ഞു പോയിട്ടുണ്ട്. എന്നാല്‍ ലോകത്തിന്റെ എട്ടു ദിക്കുകളിലും ഭൂഖണ്ഡങ്ങളുടെ അതിര്‍ത്തിഭേദിച്ച് ഇങ്ങനെ ഒരു മഹാമാരി മുന്‍പുണ്ടായതായി അറിവില്ല. ഇത് പ്രകൃതിയുടെ പ്രതികാരമാണോ അതല്ല മനുഷ്യ നിര്‍മിതിയാണോ എന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുമില്ല. എന്തായാലും വൈറസുകള്‍ക്ക് ദേശ രാഷ്ട്രങ്ങുടെ അതിര്‍ത്തികളോ ഒന്നും രണ്ടും മൂന്നും ലോകങ്ങളായി വേര്‍തിരിച്ച ചേരിതിരിവുകളുടെ വേര്‍തിരിവുകളോ ഇല്ല. ജൈവ, രാസായുധ കച്ചവടത്തിന് വികസിപ്പിച്ചെടുത്ത സാംക്രമിക വൈറസുകള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കാന്‍ മനുഷ്യനാവില്ല. നിശ്ചയിച്ചയച്ച ഇരയുടെ ഭാഗത്തേക്ക് മാത്രമല്ല, വേട്ടക്കാരനരികിലേക്കു തന്നെയും അത് തിരിച്ചുവരും. ജൈവായുധങ്ങള്‍ക്ക് ശരി തെറ്റുകളുടെ പക്ഷം പിടിക്കാനറിയില്ല. അത് മനുഷ്യരാശിയുടെ തന്നെ ശത്രുവാണ് എന്ന യാഥാര്‍ഥ്യം കൊവിഡാനന്തര കാലത്ത് മനുഷ്യനുണ്ടാവേണ്ട പ്രാഥമിക തിരിച്ചറിവാകണം.
പ്രകൃതിക്കേറ്റ പരുക്കുകള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രകൃതി തന്നെ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം ശുദ്ധമാവുകയും ഓസോണ്‍ പാളികളുടെ സുഷിരങ്ങള്‍ അടഞ്ഞുപോവുകയും ചെയ്തു എന്നത് സന്തോഷകരമായ വാര്‍ത്തകളാണ്. മനുഷ്യന്‍ രോഗാതുരനായ ഈ കാലത്ത് പ്രകൃതി രോഗമുക്തി നേടി എന്നാണ് പ്രകൃതി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡാനന്തര കാലത്ത് പരിസ്ഥിതിയോടു മനുഷ്യന്‍ പാലിക്കേണ്ട മര്യാദകള്‍ നിയമമാക്കി മാറ്റി സാമൂഹിക മാറ്റം വരുത്തേണ്ടതുണ്ട്. പരിസ്ഥിതി ശുദ്ധീകരിക്കപ്പെട്ടതിന്റെ നന്മകള്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോള്‍ തന്നെ കാര്‍ഷിക രംഗത്ത് വരാനിരിക്കുന്ന പ്രതിസന്ധികള്‍ വിലയിരുത്തപ്പെടുകയും ക്രിയാത്മകമായ പരിഹാരങ്ങള്‍ അടിയന്തിരമായി നിര്‍വഹിക്കേണ്ടതുമുണ്ട്. ആഗോള ഭക്ഷ്യ പ്രതിസന്ധിയെ കുറിച്ച് അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. വിപണന മാര്‍ഗ തടസം കാരണം കയറ്റുമതി, ഇറക്കുമതി രംഗത്തെ പ്രതിസന്ധികള്‍ , ഉല്‍പാദന അവശ്യവസ്തുക്കളുടെ ലഭ്യത കുറവ്, തൊഴില്‍ മേഖലയിലെ നിശ്ചലത ഇതെല്ലാം ഭക്ഷ്യോല്‍പ്പാദന രംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കും.
കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പല രാഷ്ട്രങ്ങളിലും ഭക്ഷ്യ ദൗര്‍ലഭ്യം കാരണം പോഷകാഹാരക്കുറവ് അപകടകരമാംവിധം അനുഭവപെട്ടിട്ടുണ്ട്. കൊവിഡാനന്തര കാലം പോഷകാഹാരക്കുറവിന്റെ വ്യാപനം തടയാന്‍ വീട്ടുവളപ്പുകള്‍ കൃഷിയിടങ്ങളാക്കി ഓരോ കുടുംബവും സ്വയംപര്യാപ്തത നേടേണ്ടിവരുമോ? ആയുധ കൂമ്പാരങ്ങളല്ല ആതുരാലയങ്ങളാണ് ജനങ്ങള്‍ക്ക് അത്യാവശ്യമായി വേണ്ടത് എന്ന് രാഷ്ട്രനേതാക്കള്‍ക്ക് കൊവിഡാനന്തരം തിരിച്ചറിവുണ്ടാവാന്‍ ജനങ്ങള്‍ പ്രതികരിക്കേണ്ടി വരും. ഓണ്‍ലൈന്‍ വഴി മീറ്റിങ്ങുകളും കോടതി വ്യവഹാരങ്ങളും ഓഫിസ് ജോലികളും വിദ്യാര്‍ഥികള്‍ക്ക് പഠനവും നിര്‍വഹിക്കാന്‍ സാധ്യമാണെന്ന് കൊവിഡ് കാലം ബോധ്യപ്പെടുത്തി. വരുംകാലത്ത് അത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത് സാധാരണമാവുമോ? പ്രവാസലോകത്തെ തൊഴില്‍ നഷ്ടം വലിയ തോതില്‍ അനിശ്ചിതത്വം ഉണ്ടാക്കും. മതപ്രബോധനരംഗം പോലും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകും എന്നാണ് ബോധ്യമാവുന്നത്. മാനവ വിഭവശേഷിയുടെ ഉയോഗം കുറച്ച് സാങ്കേതികസംവിധാന ഉപയോഗം വര്‍ധിക്കുന്നതിലൂടെ പുതിയ സംസ്‌കാരം രൂപപ്പെട്ടാല്‍ അത് മാനവികതക്കും സാഹോദര്യത്തിനും ജനാധിപത്യത്തിനുമടക്കം എങ്ങനെ ബാധിക്കും എന്നതും കൊവിഡാനന്തര കാല ചിന്തകളില്‍ വരേണ്ടതാണ്.
ധൂര്‍ത്തും ആര്‍ത്തിയും ഇല്ലാത്ത മിതത്വവും ലാളിത്യവും പരിശീലിക്കപ്പെട്ടതിന്റെ തുടര്‍ച്ച കൊവിഡാനന്തരം അല്‍പകാലത്തേക്കെങ്കിലും പിന്തുടരേണ്ടിവരും. 'മനുഷ്യന്റെ ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, ആര്‍ത്തിക്കുള്ളത് ഇല്ല' എന്ന ഗാന്ധിയുടെ വാക്കുകള്‍ ആപ്തവാക്യമായി ഉയര്‍ത്തി വരുംകാലത്തേക്ക് ചുവടുവയ്ക്കാം. സത്യാനന്തര കാല ചെയ്തികളുടെ പ്രായശ്ചിത്തം ചെയ്യുന്നതാവുമോ കൊവിഡാനന്തര കാലം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."