അടിയന്തര ധനസഹായ വിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കും
കാക്കനാട്: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്.
ദുരിതബാധിതര്‍ക്കു വിതരണം ചെയ്യുന്നതിനായി കിറ്റ് തയാറാക്കുന്ന ജില്ലയിലെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ജനങ്ങള്‍ വിശ്വാസപൂര്‍വം ഏല്‍പ്പിച്ച തുകയില്‍ നിന്നാണ് ധനസഹായം വിതരണം ചെയ്യുന്നത്.
അതിനാല്‍ അര്‍ഹരായവര്‍ക്കാണ് തുക ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ദുരിതബാധിതരുടെ കൃത്യമായ കണക്ക് തയാറാക്കി യോഗ്യരായവരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ബാങ്കുകളിലേക്കും ട്രഷറി അക്കൗണ്ടുകളിലേക്കുമാണ് തുക കൈമാറുന്നത്.ദുരിതബാധിതരുടെ പട്ടിക തയാറാക്കിവരികയാണ്. ഇതു വെരിഫൈ ചെയ്ത ശേഷമാണ് തഹസില്‍ദാര്‍ തുക നല്‍കുക. വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കു പ്രത്യേക ക്യാംപുകള്‍ തുറക്കുന്നുണ്ട്. ഇതിനായി കമ്യൂനിറ്റി ഹാളുകള്‍ പോലുള്ള സ്ഥലം വാടകയ്ക്കെടുക്കും.
ചിലര്‍ ഫോസ്റ്റര്‍ ഹോമുകള്‍ വിട്ടുനല്‍കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിന്റെ പട്ടിക കലക്ടര്‍മാര്‍ക്കു നല്‍കിയിട്ടുണ്ടെന്നും എലിപ്പനി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് നല്കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."