ഒരു കാമറ ക്ലിക്കില്‍ സഫലമായത് എട്ടുപേരുടെ പുനരധിവാസ സ്വപ്നങ്ങള്‍
മുക്കം: ഒരു ചിത്രത്തിന് അനേകായിരം കഥകള്‍ പറയാനുണ്ടാകും. യുദ്ധങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും തീവ്രത പൂര്‍ണമായും അനാവരണം ചെയ്ത നിരവധി ഫോട്ടോഗ്രാഫര്‍മാരെ ചരിത്രത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ ഒരൊറ്റ ക്ലിക്കില്‍ നിരവധി പേരുടെ പുനരധിവാസ സ്വപ്നങ്ങള്‍ സഫലമാക്കിയ ഒരു ചിത്രമുണ്ട്.
മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ രൗദ്രഭാവവും അത് നേരിടേണ്ടിവന്ന മനുഷ്യരുടെ നിസഹായാവസ്ഥയും വരച്ചുകാട്ടിയ ഒരു ചിത്രമാണ് ഇപ്പോള്‍ എട്ടു കുടുംബങ്ങള്‍ക്ക് താങ്ങായിരിക്കുന്നത്.
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലെ കല്‍പ്പിനിയില്‍ ഓഗസ്റ്റ് 16ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും തകര്‍ന്ന് മരണപ്പെട്ട തയ്യില്‍തൊടി പ്രകാശന്റെയും മകന്‍ പ്രബിന്‍ പ്രകാശന്റെയും വീട്ടിലെ വളര്‍ത്തുനായയുടെ ചിത്രമാണ് ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലില്‍ വീടടക്കം ഒലിച്ചു പോയെങ്കിലും നായയുടെ കൂടു മാത്രം ബാക്കിയാവുകയായിരുന്നു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പറോഡ് സ്വദേശിയും ഫോട്ടോഗ്രാഫറുമായ സാലിം ജിറോഡാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
ദുരന്തത്തിന്റെ ഭീകരത നേരിട്ടനുഭവിച്ച നായയുടെ നിര്‍വികാരമായ രംഗമാണ് സാലിം ജിറോഡ് തന്റെ കാമറയിലൂടെ ഒപ്പിയെടുത്തത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ചിത്രം കണ്ട നിരവധി പേരാണ് കുടുംബത്തിന് സഹായ വാഗ്ദാനവുമായി എത്തിയത്. ഇതില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൃഗസ്‌നേഹികളുടെ സംഘടനയുടെ പ്രവര്‍ത്തകന്‍ സച്ചിന്‍ സ്റ്റാലിന്‍ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന പ്രകാശന്റെയും പരിസര പ്രദേശത്തെ എട്ട് വീട്ടുകാരുടെയും പുനരധിവാസത്തിനുള്ള മുഴുവന്‍ സഹായങ്ങളും വാഗ്ദാനം ചെയ്യുകയായിരുന്നു.
ഇത് ദുരന്തബാധിതര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും സാലിം പകര്‍ത്തിയ ചിത്രം പ്രസിദ്ധീകരിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."