ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ സഹായത്തിനു വിദഗ്ധ സംഘമുണ്ടാക്കും
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പദ്ധതി പ്രൊജക്ടുകളുടെ ഭാഗമായ നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാങ്കേതിക സഹായങ്ങള്‍ നല്കാന് പ്രത്യേക സംവിധാനം ആലോചിക്കുന്നതായി പ്രസിഡന്റ് കെ.വി സുമേഷ്. ജില്ലാതല വകുപ്പ് മേധാവികളുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് എന്‍ജിനിയറിങ്ങ്, ഇലക്ട്രിക്കല്‍ സാങ്കേതിക വിദഗ്ധരായ വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സഹായ സംവിധാനമാണ് ഉദ്ദേശിക്കുന്നത്.
പുതിയ വാര്‍ഷിക പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. പ്രൊജക്ടുകള്‍ രൂപീകരിക്കുന്ന ഘട്ടത്തില്‍ തന്നെ പ്രായോഗികത പരിശോധിച്ച് നടപ്പാക്കാനാവുന്നതാണെന്ന് ഉറപ്പാക്കണം. അംഗീകരിച്ച പ്രൊജക്ടുകള്‍ ഭേദഗതി വരുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ട സ്ഥിതിവരാതെ നോക്കണം. ഈ വര്‍ഷത്തെ പദ്ധതിയില്‍ ബഹുവര്‍ഷ പ്രൊജക്ടുകള്‍ അല്ലാതുള്ളവ സ്പില്‍ ഓവര്‍ ആകുന്ന നില ഒഴിവാക്കണമെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു.
പദ്ധതി പ്രവര്‍ത്തനം മികച്ച രീതിയില്‍ വിജയിപ്പിക്കാന്‍ ആസൂത്രണ-നിര്‍വഹണ ഘട്ടങ്ങളില്‍ കൃത്യമായ ഇടപെടല്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷരായ വി.കെ സുരേഷ് ബാബു, കെ.പി ജയബാലന്‍, ടി.ടി റംല, കെ ശോഭ, സെക്രട്ടറി എം.കെ ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."