ആര്‍.എസ്.എസ് നിര്‍മിക്കുന്ന കുറ്റിച്ചൂലുകള്‍
ആം ആദ്മി പാര്‍ട്ടി യു.പി.എ. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍.എസ്.എസ് പദ്ധതിയായിരുന്നു എന്ന പ്രശാന്ത് ഭൂഷന്റെ വെളിപ്പെടുത്തല്‍ കൃത്യമായ ഒരു ആരോപണമാണ് എന്നു മാത്രമല്ല ഭാരതത്തില്‍ നടക്കുന്ന അതീവഗുരുതരമായ രാഷ്ട്രീയ ഗൂഢപദ്ധതികളിലേയ്ക്കുള്ള ഒരു വിരല്‍ ചൂണ്ടലുമാണ്. എ.എ.പിയുടെ രാപ്പനി അറിയുന്ന ഒരാളാണ് പ്രശാന്ത് ഭൂഷണ്‍. സ്വന്തം ജീവിതംകൊണ്ട് ധൈഷണികമായ സത്യസന്ധതയും വിശ്വാസ്യതയും നേടിയെ വ്യക്തിത്വം. ശശി തരൂരിനെപ്പോലുള്ള ലോകം ആദരിക്കുന്ന ചിന്തകനും എഴുത്തുകാരനുമായ ഒരു രാഷ്ട്രീയ നേതാവ് ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തു.
2012 നവംബര്‍ 26നാണ് ആം ആദ്മി പാര്‍ട്ടി രൂപംകൊള്ളുന്നത്. അഴിമതിയെ വെറുക്കുന്ന വലിയൊരു വിഭാഗം സാമൂഹ്യശാസ്ത്രജ്ഞരും എഴുത്തുകാരും പത്രപ്രവര്‍ത്തകരുമൊക്കെ ഈ പ്രസ്ഥാനത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. കേരളത്തില്‍ സാറാ ജോസഫും എം.എന്‍ കാരശ്ശേരിയും സി.ആര്‍ നീലകണ്ഠനുമൊക്കെ എ.എ.പിയുടെ നേതൃത്വനിരയിലേയ്ക്ക് വന്ന മലയാളികളാണ്. പിന്നീട് ഇവര്‍ ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണസമയത്തെ നേതാക്കളായിരുന്നു പ്രശാന്ത് ഭൂഷണും ആനന്ദകുമാറും യോഗേന്ദ്രയാദവും ഷാസിയ ഇല്‍മിയും. പ്രശാന്ത് ഭൂഷണ്‍ ആരാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ആനന്ദ്കുമാര്‍ ജെ.എന്‍.യു അധ്യാപകനും പ്രഗത്ഭനായ സാമൂഹ്യശാസ്ത്രജ്ഞനുമാണ്. യോഗേന്ദ്ര യാദവ് ആക്റ്റിവിസ്റ്റും ഇലക്ഷന്‍ വിശകലനശാസ്ത്രത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ വ്യക്തിത്വവുമാണ്. ഷാസിയ ഇല്‍മി സ്റ്റാര്‍ ന്യൂസിന്റെ മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായിരുന്നു. അഴിമതി വിരുദ്ധ ബില്ലിനുവേണ്ടിയുള്ള മീഡിയാ കാംപയിന്‍ നടത്തിയത് ഷാസിയ ഇല്‍മിയാണ്. ഇവരെല്ലാം തന്നെ എ.എ.പി വിട്ടു. ഷാസിയ ഇല്‍മി പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു. എ.എ.പി വിട്ട് നേരെ ബി.ജെ.പിയിലേയ്ക്ക് പോകുമ്പോള്‍ അവരുടെ രാഷ്ട്രീയം വ്യക്തം. അരവിന്ദ് കെജ്‌രിവാളിന്റെ ഏകാധിപത്യത്തില്‍ വിയോജിച്ചുകൊണ്ടായിരുന്നു ഇവരൊക്കെ പാര്‍ട്ടി വിട്ടത്. എന്നാല്‍, എ.എ.പിയില്‍ പതിയിരിക്കുന്ന സംഘ്പരിവാര്‍ ചതി വെളിപ്പെടുത്താന്‍ ധൈര്യം കാണിച്ചത് പ്രശാന്ത് ഭൂഷണാണ്. ഈ സംശയം പലരും ഉയര്‍ത്തിയിരുന്നുവെങ്കിലും പ്രശാന്ത് ഭൂഷണെ പോലെ ഒരാള്‍ പറയുമ്പോള്‍ ആ ആരോപണത്തിന് അസാധാരണമായ രാഷ്ട്രീയമാനം കൈവരുന്നുണ്ട്.
ജന ലോക്പാല്‍ ബില്ലിനുവേണ്ടി 2011ലാണ് കിസന്‍ബാബു റാവു ഹസാരെയെന്ന അണ്ണാ ഹസാരെ ഡല്‍ഹിയില്‍ സത്യഗ്രഹം നടത്തുന്നത്. ഡല്‍ഹിയിലെ മധ്യവര്‍ഗ്ഗം ഇളകി മറിഞ്ഞു. നവ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ഇത്തരം സമരങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പരിചിതമാണ്. അതൊരു ഉയര്‍ന്ന ജനാധിപത്യ പ്രകടനവുമാണ്. ഭരണകൂടങ്ങളെ തിരുത്താനും നേര്‍വഴിക്കു നടത്താനും ഇത്തരം പ്രസ്ഥാനങ്ങള്‍ അനിവാര്യമാണ്. ഏകാധിപതികള്‍ ഭരിക്കുന്ന സ്ഥലങ്ങളില്‍ നവ സാമൂഹ്യപ്രസ്ഥാനങ്ങളുടെ സമരങ്ങള്‍ അസാധ്യമാണ്. രാജഭരണവും പട്ടാള ഭരണവും നിലനില്‍ക്കുന്ന രാജ്യങ്ങളിലുമതെ. ജനാധിപത്യ രാജ്യങ്ങളില്‍ ഇത്തരം സമരങ്ങള്‍ ഉയര്‍ന്ന ജനാധിപത്യ ബോധത്തിലേയ്ക്കും അഴിമതി രഹിത ഭരണത്തിലേയ്ക്കുമാണ് പൊതുവെ നയിക്കുക. എന്നാല്‍ ഇന്ത്യയില്‍ അണ്ണാ ഹസാരെ സമരം ജനാധിപത്യത്തെ തകര്‍ക്കുകയും വംശീയ /ഫാസിസ്റ്റ് സര്‍ക്കാരിനെ വാഴിക്കുകയും ചെയ്തു. അതുകൊണ്ടാണ് അണ്ണാ ഹസാരെയുടെ സമരത്തെ സംശയത്തോടെ കാണേണ്ടിവരുന്നത്.
മഹാരാഷ്ട്രയില്‍ ഔറംഗാബാദിനടുത്തുള്ള റാലേഗന്‍ സിദ്ധിയില്‍ ഒരു പരിസ്ഥിതി സൗഹൃദഗ്രാമം പുതിയ വികസന മാതൃകയായി അവതരിപ്പിക്കുകയായിരുന്നു അണ്ണാ ഹസാരെ. ലോകമെമ്പാടും അത് അറിയപ്പെട്ടു. പട്ടാളസേവനത്തിനുശേഷം തന്റെ പിതാമഹന്മാരുടെ ഗ്രാമമായ റാലേഗന്‍ സിദ്ധിയിലേയ്ക്ക് പോകുകയായിരുന്നു അദ്ദേഹം. 1965ല്‍ ഇന്തോ-പാക് യുദ്ധത്തില്‍ പങ്കെടുത്ത ആളാണ് അണ്ണാ ഹസാരെ. വര്‍ഷപാതം വളരെ കുറഞ്ഞ പ്രദേശമാണ് റാലേഗന്‍ സിദ്ധി. കിട്ടുന്ന മഴവെള്ളം സമര്‍ഥമായി ഉപയോഗിച്ചാണ് വരള്‍ച്ചയെ നേരിട്ടതും ആ ഗ്രാമം ലോകത്തിനുതന്നെ മാതൃകയായതും. അതിനുശേഷമാണ് അഴിമതി രഹിത പ്രക്ഷോഭത്തിലേയ്ക്ക് പ്രവേശിക്കുന്നത്. അവിവാഹിതനായി അദ്ദേഹം ജീവിച്ചു. ലളിതജീവിതം നയിക്കുകയും ചെയ്തു. അണ്ണ ഹസാരെ ഗാന്ധിയനാണെന്ന് പറയുമെങ്കിലും ഗാന്ധിയന്‍ മാതൃക എത്രത്തോളം അദ്ദേഹം പിന്തുടര്‍ന്നിട്ടുണ്ടെന്നറിയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനാ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. അവിടെ ഒരു കടയില്‍ പെപ്‌സിക്കുപ്പികള്‍ നിരത്തിവച്ചത് കണ്ടു. ഗാന്ധിയന്‍ ഗ്രാമത്തില്‍ പെപ്‌സിക്കുപ്പിയോ എന്ന് മഹാരാഷ്ട്രയിലെ ഒരു ആക്റ്റിവിസ്റ്റ് സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അണ്ണാ ഹസാരെ പെപ്‌സിക്കെതിരേ നിലപാടെടുത്തിട്ടില്ല എന്നാണ് പറഞ്ഞത്. ബീഡിവലി നിര്‍ത്താനായി ഒരു മനുഷ്യനെ മരത്തില്‍ കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിച്ചതായും കേട്ടിട്ടുണ്ട്. ഒരു ഏകാധിപത്യ സ്വഭാവം അണ്ണാ ഹസാരെയില്‍ ഉണ്ടായിരുന്നു. അത് കെജ്‌രിവാളിലും ആരോപിക്കപ്പെട്ടിട്ടുണ്ട്. അണ്ണാ ഹസാെരയെ ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കാന്‍ സമര്‍ഥമായി സംഘ്പരിവാര്‍ ഉപയോഗപ്പെടുത്തി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു നൈതിക പോരാട്ടത്തിലും അണ്ണാ ഹസാരെയെ കണ്ടിട്ടുമില്ല. ഡല്‍ഹിയിലെ സത്യഗ്രഹത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പിന്നെയാര്‍ക്കുമറിയില്ല.
എ.എ.പിയുടെ രാഷ്ട്രീയമെന്നത് ഒരു മധ്യവര്‍ഗ്ഗത്തെ മാത്രം അഭിസംബോധന ചെയ്യുന്നതാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ സവിശേഷ പ്രശ്‌നങ്ങളൊന്നും ഈ രാഷ്ട്രീയപ്പാര്‍ട്ടി ഏറ്റെടുത്തില്ല. ദലിതുകളെയോ ആദിവാസികളെയോ ആകര്‍ഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അവര്‍ നേരിടുന്ന ഒരു പ്രശ്‌നവും എ.എ.പിക്ക് വിഷയവുമായില്ല.
മധ്യവര്‍ഗ്ഗത്തിന്റേതായ ചില വികസന കാഴ്ചപ്പാടുകളുണ്ട്. അവരുടെ സുഖജീവിതം ഉറപ്പിക്കാനുള്ള വഴികള്‍. എന്നാല്‍ മധ്യവര്‍ഗ്ഗത്തിന്റെ സുഖജീവിതത്തിന്റെ പേരില്‍ ഒരുപാട് നഷ്ടപ്പെടുന്ന അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യരെ കേള്‍ക്കാന്‍ എ.എ.പി ശ്രമിച്ചിട്ടില്ല. ദലിതുകളെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും ആകര്‍ഷിക്കുന്ന ഒരു രാഷ്ട്രീയ പദ്ധതിയും എ.എ.പിക്കില്ല.
മധ്യവര്‍ഗ്ഗത്തിന്റെ വികസനസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് സാധിച്ചേക്കാം. നീതിനിഷേധിക്കപ്പെടുന്ന ജനതയ്ക്കുവേണ്ടി എന്ത് ചെയ്യാന്‍ സാധിക്കും എന്നതാണ് യഥാര്‍ഥ പ്രശ്‌നം. ന്യൂനപക്ഷങ്ങളും ദലിതുകളും ആദിവാസികളും അനുഭവിക്കുന്ന നീതിനിഷേധമാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രശ്‌നം. രാജ്യം ഇത്രയേറെ ഫാസിസ്റ്റുവല്‍ക്കരിക്കപ്പെട്ട ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വന്‍തോതില്‍ വേട്ടയാടപ്പെടുന്നു. അന്വേഷണ ഏജന്‍സികള്‍ മുഴുവനും ജനാധിപത്യ പോരാട്ടങ്ങളെ അട്ടിമറിക്കാനായി ഉപയോഗിക്കുന്നു. ഇവിടെ കുറ്റകരമായ നിശബ്ദത പുലര്‍ത്തുകയാണ് കെജ്‌രിവാള്‍. സംഘ്പരിവാരത്തിനെതിരായി അദ്ദേഹം ശബ്ദിക്കാറില്ല. അദ്ദേഹം യഥാര്‍ഥ ജനാധിപത്യ വിശ്വാസിയാണെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനു വേണ്ടിയാണ് പോരാടേണ്ടത്. ഇന്ത്യന്‍ ഭരണഘടനതന്നെയും ഭീഷണി നേരിടുന്നു. ഭാവിയില്‍ തെരഞ്ഞെടുപ്പുപോലും അട്ടിമറിക്കപ്പെട്ടേക്കാം. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം തെരഞ്ഞെടുപ്പില്‍ പോലും ഇപ്പോള്‍ സംശയങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇന്ത്യന്‍ ജനാധിപത്യം തിരിച്ചുപിടിക്കുക എന്നതിനര്‍ഥം ആര്‍.എസ്.എസിന്റെ പിടിയില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്നു തന്നെയാണ്.
ജനാധിപത്യസമരങ്ങളെ കലാപം കൊണ്ട് നേരിടുകയും പിന്നീട് കലാപങ്ങളുടെ ഉത്തരവാദിത്വം ജനാധിപത്യ പോരാളികള്‍ക്കുമേല്‍ കെട്ടിവയ്ക്കുകയും ചെയ്യും. മുസല്‍മാന്‍മാരായ ജനാധിപത്യ പോരാളികളെ പ്രത്യേകമായി തിരഞ്ഞുപിടിച്ച് ജയിലിലാക്കും. യു.എ.പി.എ ചുമത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവിലിടാം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നയിച്ച മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സംഭവിച്ചതെന്താണെന്നു നമുക്കറിയാം. ഇപ്പോഴിതാ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥിയും ആക്റ്റിവിസ്റ്റുമായ ഉമര്‍ ഖാലിദിനെയും അറസ്റ്റ് ചെയ്തിരിക്കുന്നു. യെച്ചൂരിയേയും അവര്‍ വെറുതെ വിടുന്നില്ല. ഇത്തരത്തില്‍ ഭരണകൂട ഭീകരത വളരുന്നു. ശബ്ദിക്കുന്നവരുടെ നാവരിയാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ നിശബ്ദത പാലിക്കുകയാണ് കെജ്‌രിവാളും എ.എ.പിയും. പാര്‍ട്ടി എന്നതു തന്നെ കെജ്‌രിവാള്‍ മാത്രമായി ചുരുങ്ങി. ആത്മാനുരാഗിയായ ഒരു ഏകാധിപതിയെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റ രീതികള്‍. മറ്റ് നേതാക്കള്‍ ആരാണെന്നോ പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയെന്താണെന്നോ പ്രത്യയശാസ്ത്രമെന്താണെന്നോ നമുക്കറിയില്ല. വ്യക്തിജീവിതത്തിലെ ലാളിത്യംകൊണ്ട് മാത്രം ഒരു രാഷ്ട്രത്തിന്റെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും മനസിലാക്കാനാവില്ല. ഇന്ത്യയെന്ന രാജ്യത്തിന്റെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും കെജ്‌രിവാളിന് ഉള്‍ക്കൊള്ളാനായില്ല. ജാതിബന്ധങ്ങളിലെ സങ്കീര്‍ണത വിശകലനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അഴിമതി മാത്രമല്ല രാജ്യം നേരിടുന്ന പ്രശ്‌നം. സി.എ.എ വിരുദ്ധപോരാട്ടത്തെ അദ്ദേഹം കണ്ടതുപോലുമില്ല. അതുതന്നെ അദ്ദേഹത്തിന്റെ സംഘ്പരിവാര്‍ അജന്‍ഡ. മുസ്‌ലിം വിരുദ്ധത മറനീക്കി പുറത്തുവന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ടായി.
കേരളത്തില്‍ രൂപപ്പെട്ട വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന പ്രസ്ഥാനം ആര്‍.എസ്.എസ് അജന്‍ഡ ഒളിച്ചുകടത്തുന്ന മറ്റൊരു അണ്ണാ ഹസാരെ മോഡല്‍ ഓപ്പറേഷനാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെ വെളിപ്പെടുത്തുന്നു. അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു. നേതാക്കളുടെ കുടിപ്പക കൊണ്ട് ശിഥിലമാണ് ബി.ജെ.പി. ഇന്നത്തെ രീതിയില്‍ കേരളത്തില്‍ ബി.ജെ.പിയുടെ ഭാവി ഇരുളടഞ്ഞതാണ്. പൊതുസമ്മതി നേടാനുള്ള ഓളമുണ്ടാക്കാന്‍ മറ്റു വഴി തേടിയേ പറ്റൂ. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സാധാരണക്കാരെ വഞ്ചിക്കാന്‍ പറ്റുന്ന മികവുറ്റ മുദ്രാവാക്യമാണ്. ഡല്‍ഹിയിലേതുപോലെ ഒരു പരീക്ഷണശാല അനിവാര്യമാണ്, ആര്‍.എസ്.എസിന്. അധികാരത്തിലെത്തും മുന്‍പ് മധുരമുള്ള പല മുദ്രാവാക്യങ്ങളും കാണും. അതിനുപിന്നില്‍ പതിയിരിക്കുന്നത് വംശീയതയും ഫാസിസവും പൗരാവകാശ ലംഘനങ്ങളും ജനവിരുദ്ധതയും കോര്‍പ്പറേറ്റുവല്‍ക്കരണവും. അതുകൊണ്ട് നമ്മള്‍ ശ്രദ്ധിച്ചേ മതിയാവൂ. കുറ്റിച്ചൂലുകള്‍ക്കു പിന്നില്‍ പതിയിരിക്കുന്നത് ആരുടെ അജന്‍ഡകളെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മള്‍ മണ്ടന്മാരാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."