അക്രമങ്ങള്‍ അരങ്ങേറിയത് എം.എല്‍.എ അടക്കമുള്ളവരെ ചോദ്യം ചെയ്തതിന് പിന്നാലെ
കാസര്‍കോട്: കല്ല്യോട്ട് സി.പി.എം വ്യാപക ആക്രമണം അഴിച്ചു വിട്ടത് പെരിയ ഇരട്ടക്കൊലപാതക കേസില്‍ എല്‍.ഡി.എഫ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതിന് പിന്നാലെ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, നിലവിലെ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി മുസ്തഫ എന്നിവരെ കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നു ആരോപിച്ച് സി.പി.എം നേതൃത്വത്തില്‍ കല്ല്യോട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയും അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്തതെന്നാണ് ആരോപണം.
ശരത് ലാലിന്റെ സുഹൃത്ത് ദീപുവിന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം ബോംബേറും അക്രമങ്ങളും നടന്നിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം കാണിച്ചു എന്ന് ആരോപിച്ച് സി.പി.എം നേതൃത്വത്തില്‍ കല്ല്യോട്ടു പ്രതിഷേധ പ്രകടനം നടക്കുകയും പിന്നാലെ പ്രദേശത്തെ യുവജന വാദ്യകലാസംഘം ഓഫിസ് തര്‍ക്കുകയും ചെയ്തു. കൃപേഷിന്റെ നേതൃത്വത്തില്‍ ഇവിടെ ഒട്ടനവധി വിദ്യാര്‍ഥികള്‍ക്ക് നേരത്തെ വാദ്യ കലാപഠനം നടത്തി വന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതാണ് കേന്ദ്രം. ഇതിനു പിന്നാലെയാണ് കൃപേഷിന്റെ പിതാവിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയത്. ഇരുപത്തഞ്ചോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ വീടിന് സമീപം വന്ന് കൊല്ലുമെന്നും ഉറങ്ങാന്‍ വിടില്ലെന്നും മകന്റെ ഗതി നിനക്കും ഉണ്ടാകുമെന്നും പറഞ്ഞതായും കൃഷ്ണന്‍ പരാതിയില്‍ പറയുന്നു.
ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും കേസന്വേഷണം സി.ബി.ഐക്ക് ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എം.എല്‍.എ അടക്കമുള്ളവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൃപേഷിന്റെ പിതാവ് കൃഷ്ണനെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതിനിടെ ഇരട്ടക്കൊലക്കേസിലെ കേസിലെ മൂന്നു പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന സജി ജോര്‍ജ്, മുരളി, രഞ്ജിത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 17 ആകുമ്പോള്‍ സംഭവം നടന്നു മൂന്നു മാസം പൂര്‍ത്തിയാകും. അതിനിടയില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയുണ്ട്. ജനപ്രതിനിധികളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മൂന്നു പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവം നടന്ന പിറ്റേ ദിവസം അര്‍ധ രാത്രി എം.എല്‍.എയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തായി പാര്‍ട്ടി ഗ്രാമത്തില്‍ വച്ച് കൊലയാളികള്‍ സഞ്ചരിച്ച വാഹനം പൊലിസ് പിടികൂടുകയും ഉടമ സജിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സജിയെ പൊലിസില്‍ നിന്നും മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ ബലമായി മോചിപ്പിച്ചു കൊണ്ട് പോവുകയും സംഭവം വിവാദമായതോടെ പിറ്റേന്ന് പൊലിസില്‍ ഹാജരാക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."