HOME
DETAILS
MAL
എന്‍.ഐ.എ അറസ്റ്റ്; യാക്കൂബ് അടിമാലിയിലെ ചപ്പാത്തിക്കടയില്‍ ജോലി ചെയ്തത് അഞ്ച് മാസം
backup
September 20 2020 | 02:09 AM
അടിമാലി (ഇടുക്കി): ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിടിയിലായ യാക്കൂബ് ബിശ്വാസ് ഇടുക്കി അടിമാലി ഇരുന്നൂറേക്കറില്‍ ചപ്പാത്തി കടയില്‍ ജോലി ചെയ്തിരുന്നതായി വിവരം.
പെരുമ്പാവൂര്‍ സ്വദേശി അഷ്‌റഫ് നടത്തി വന്നിരുന്ന ചപ്പാത്തി കടയിലാണ് ഇയാള്‍ ജോലി ചെയ്തത്. അഷ്‌റഫ് കട നിര്‍ത്തിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശിയായ കൊച്ചുമോന്റെ ഇരുന്നൂറേക്കറിലെ ചായക്കടയില്‍ ജോലിയെടുത്തു.
2019 ഫെബ്രുവരിയില്‍ അടിമാലിയിലെത്തിയ യാക്കൂബ് ജൂണ്‍ 3 വരെ ഇവിടെ ജോലി ചെയ്തു. തുടര്‍ന്ന് നാട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് ജോലി നിര്‍ത്തി പോവുകയായിരുന്നു.
ഇതോടെ കട നിര്‍ത്തിയ കൊച്ചുമോന്‍ ഇപ്പോള്‍ അടിമാലി പൊളിഞ്ഞപാലത്ത് മറ്റൊരു കടയില്‍ തൊഴിലാളിയാണ്. അതേസമയം ഇയാളെ കുറിച്ച് അറിയില്ലെന്നാണ് ജില്ലാ പൊലിസ് മേധാവി നല്‍കുന്ന വിവരം. ഇതേക്കുറിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
മുര്‍ഷിദ് എത്തിയത് രണ്ടുമാസം മുന്‍പ്; തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിരുന്നതായി വീട്ടുടമ
കൊച്ചി: എന്‍.ഐ.എ അറസ്റ്റുചെയ്ത മുര്‍ഷിദ് ഹസന്‍ രണ്ടുമാസം മുന്‍പാണ് താമസത്തിനായി എത്തിയതെന്ന് പാതാളത്ത് ഇയാള്‍ താമസിച്ചിരുന്ന വീടിന്റെ ഉടമ നാസര്‍.
മറ്റു നാലുപേര്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയതിനുശേഷമാണ് താമസസ്ഥലം നല്‍കിയത്. ഇത് യഥാര്‍ഥമാണെന്ന് പരിശോധനയില്‍ തെളിയുകയും ചെയ്തിരുന്നു. സ്‌പോണ്‍സര്‍ മുഖാന്തരമാണ് ഇയാള്‍ താമസിക്കാനെത്തിയത്. ഇയാള്‍ നിര്‍മാണജോലികള്‍ക്കും പുറംപണികള്‍ക്കുമൊക്കെ പോയിരുന്നു. ഇടയ്ക്ക് ചായക്കടയിലും ജോലിചെയ്തിരുന്നു. ഒരുവര്‍ഷമായി ഇവിടെ ജോലിചെയ്തുവരുന്നതായി കൂടെ താമസിച്ചിരുന്നയാളും പറഞ്ഞു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസാറഫ് പെരുമ്പാവൂരിലെ പരിചിതമുഖം
പെരുമ്പാവൂര്‍: എന്‍.ഐ.എ അറസ്റ്റുചെയ്ത മുസാറഫ് ഹുസൈന്‍ പെരുമ്പാവൂരിലെ പരിചിതമുഖം. കഴിഞ്ഞ 10 വര്‍ഷമായി പെരുമ്പാവൂരില്‍ കഴിയുന്ന ഇയാള്‍ ഒരു തുണിക്കടയിലെ ജീവനക്കാരനാണ്. കടയുടമയുടെ വിശ്വസ്തന്‍ കൂടിയായ ഇയാളാണ് കടതുറക്കുന്നതും അടക്കുന്നതും. തന്റെ വിശ്വസ്തനായ തൊഴിലാളിയായിരുന്നു മുസാറഫ് എന്നും ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി അറിയില്ലെന്നും കടയുടമ അബൂബക്കര്‍ പറഞ്ഞു. അച്ചടക്കമുള്ള കുടുംബം എന്നാണ് മനസിലാക്കിയത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി തോന്നിയിട്ടില്ലെന്ന് മുടിക്കല്‍ വഞ്ചിനാട് ജങ്ഷനില്‍ പലചരക്ക് കട നടത്തുന്ന സിദ്ദീഖ് പറഞ്ഞു. മുസാറഫ് പതിവായി തന്റെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."