അപകടം തടയാന്‍ ഐക്യത്തോടെ
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്‍ഗ്രസും പ്രാദേശിക കക്ഷികളും ചേര്‍ന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ തന്ത്രം മെനഞ്ഞ് പ്രതിപക്ഷം.
ഇതിന്റെ ഭാഗമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി വിരുദ്ധചേരിയിലെ 21 പ്രതിപക്ഷ കക്ഷികള്‍ ഉടന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.
ഇതുസംബന്ധിച്ച് 21 കക്ഷിനേതാക്കള്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് കൈമാറും. ഫലം പുറത്തുവന്ന ഉടന്‍ പരസ്പരം പിന്തുണക്കാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കുന്ന കത്ത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനും സാധ്യതയുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ചെയ്തു.
17-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനി രണ്ടുഘട്ട വോട്ടെടുപ്പ് മാത്രം അവശേഷിക്കാനിരിക്കെയാണ് അസാധാരണ നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവരുന്നത്.
പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരിക്കെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാകും മുന്‍പേ ഒരുമുഴം മുന്നിലെറിഞ്ഞ് പ്രതിപക്ഷത്തിന്റെ നീക്കം. ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന് മുതിര്‍ന്ന നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവും അഭിപ്രായപ്പെട്ടിരുന്നു. 2014ലേതു പോലെ ബി.ജെ.പിക്ക് ഇത്തവണ ഒറ്റയ്ക്ക് ഭരിക്കാന്‍ കഴിയില്ലെന്ന് എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ശിവസേനയും അഭിപ്രായപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നുള്ള സഖ്യസര്‍ക്കാര്‍ വരുന്നത് തടയാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള ബി.ജെ.പിക്ക് രാഷ്ട്രപതി അവസരം നല്‍കിയേക്കുമെന്ന സൂചനകളും ഉണ്ടായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ടാണ് പ്രതിപക്ഷത്തിന്റെ നീക്കം.
543 അംഗ ലോക്‌സഭയില്‍ 274 സീറ്റുകളാണ് അധികാരത്തിലെത്താന്‍ വേണ്ടത്. 2014ല്‍ തനിച്ച് 282 സീറ്റുകള്‍ നേടി ബി.ജെ.പി കേവലഭൂരിപക്ഷം കടന്നിരുന്നു. എന്‍.ഡി.എ മുന്നണിക്ക് 336 സീറ്റുകളും ലഭിച്ചു. എന്നാല്‍, ഇത്തവണ തൂക്കുസഭക്കുള്ള സാധ്യത മുന്നില്‍ക്കണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യമുണ്ടായിട്ടും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചിരുന്നു. ഇതാകട്ടെ വലിയ രാഷ്ട്രീയ കുതിരക്കച്ചടവടത്തിനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്തു. ഈ അനുഭവം പ്രതിപക്ഷത്തിനു മുന്നിലുണ്ട്.
നിലവില്‍ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വിശാലമായ അര്‍ഥത്തില്‍ സഖ്യമില്ല. എന്നാല്‍, തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഖ്യമുണ്ടാവാനിടയുണ്ട്. ഇതിനുള്ള ശ്രമങ്ങള്‍ ഡല്‍ഹിയില്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ബി.എസ്.പി- എസ്.പി സഖ്യവും ആം ആദ്മി പാര്‍ട്ടിയുമെല്ലാം ഈ സഖ്യത്തിന്റെ ഭാഗമായേക്കും. സഖ്യമില്ലെങ്കിലും വിവിപാറ്റ് ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായ നിലപാണ് കൈക്കൊള്ളുന്നത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപന ചുമതല വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ രാഹുല്‍-
ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്നലെ ഡല്‍ഹിയില്‍ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യസാധ്യതകള്‍ അടക്കമുള്ള വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. പ്രതിപക്ഷനേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മെയ് 21ന് പ്രതിപക്ഷനേതാക്കളുടെ വിശാലയോഗം വിളിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.
19നാണ് അവസാനഘട്ട വോട്ടെടുപ്പ്. 23ന് ഫലവും പുറത്തുവരും. ഈ സാഹചര്യത്തിലാണ് 21ന് യോഗം വിളിച്ചത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും നായിഡു ചര്‍ച്ച നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."