എലിപ്പനി: ജാഗ്രതവേണം; പ്രതിരോധമരുന്ന് ഉറപ്പായും കഴിക്കണം
കൊല്ലം: ജില്ലയില്‍ പകര്‍ച്ചരോഗങ്ങളെ നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. സന്ധ്യ അറിയിച്ചു.
പ്രതിരോധമരുന്ന് കഴിക്കുകയാണ് പ്രധാനം. രോഗലക്ഷണം കണ്ടാല്‍ വിദഗ്ധ ചികിത്സ തേടുകയും വേണം. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്.
എലിപ്പനിക്കൊപ്പം മറ്റ് ജലജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍ എന്നിവയ്‌ക്കെതിരേയും ജാഗ്രത വേണം. മലിനജലത്തില്‍ എലി, ആടുമാടുകള്‍, നായ്, പൂച്ച തുടങ്ങിയവയുടെ വിസര്‍ജ്യം കലര്‍ന്നാണ് രോഗാണു വ്യാപിക്കുന്നത്.
വെള്ളക്കെട്ടുള്ള ഇടങ്ങളിലുള്ളവര്‍ പനി, തലവേദന, ശരീരവേദന, തലവേദന, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. തുടക്കത്തില്‍ ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാം. പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ എല്ലാ ആശുപത്രികളിലും ലഭ്യമാണ്.
കിടത്തി ചികിത്സാ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എലിപ്പനി വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സാഹചര്യത്തിന് അനുസൃതമായി തയ്യാറാക്കിയ മാര്‍ഗരേഖ പ്രകാരം ചികിത്സ നടത്താന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് പ്രതിരോധ ഗുളിക ആഴ്ചയില്‍ രണ്ട് എന്ന തോതില്‍ വിതരണം ചെയ്യുന്നുണ്ട്.
എലിപ്പനി സാധ്യതാ മേഖലകളില്‍ ജോലിചെയ്യുന്ന മൃഗഡോക്ടര്‍മാര്‍, ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കും പ്രതിരോധ മരുന്ന് നല്‍കി വരുന്നു. വെള്ളക്കെട്ടുള്ള ഇടങ്ങളില്‍ തുടരുന്നവര്‍ ആഴ്ചയില്‍ ഒന്ന് വീതം ഡോക്‌സിസൈക്ലിന്‍ 200 മില്ലിഗ്രാം, എട്ട് മുതല്‍ 12 വരെ പ്രായമുള്ളവര്‍ ഡോക്‌സിസൈക്ലിന്‍ 100 മില്ലിഗ്രാം ആഴ്ചയില്‍ ഒന്ന് വീതം, രണ്ടിനും എട്ടിനും മധ്യേയുള്ള കുട്ടികള്‍ ശരീരഭാരത്തിന് ആനുപാതികമായി ഡോക്‌സിസൈക്ലിന്‍ നാല് മില്ലിഗ്രാം എന്നിങ്ങനെ കഴിക്കണം.
ആറാഴ്ചയ്ക്ക് ശേഷം രണ്ടാഴ്ച ഇടവേളയില്‍ ഗുളിക തുടരണം. രോഗബാധ സ്ഥിരീകരിച്ചാല്‍ പ്രാരംഭഘട്ടത്തില്‍ ഡോക്‌സിസൈക്ലിന്‍ അല്ലെങ്കില്‍ അമോക്‌സിലിന്‍ ആണ് കഴിക്കേണ്ടത്. കിടത്തി ചികിത്സാഘട്ടത്തില്‍ പെന്‍സിലിന്‍ അല്ലെങ്കില്‍ സെഫ്ട്രിയസോണ്‍ കുത്തിവയ്‌പ്പെടുക്കണം. ശുചിത്വപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കായി ടി.ടി കുത്തിവയ്പ്പ് മരുന്ന്, ഡോക്‌സിസൈക്ലിന്‍, പ്രാഥമിക ചികിത്സാകിറ്റ് എന്നിവ നല്‍കുന്നു.
ഗംബൂട്ട്, റബര്‍ കൈയുറകള്‍ എന്നിവ ഉപയോഗിക്കുന്നത് സംബന്ധിച്ച ബോധവല്‍കരണവും നല്‍കി വരുന്നു.
ദുരിതാശ്വാസ ക്യാംപുകളിലും രോഗസാധ്യതാമേഖലകളിലും വെള്ളക്കെട്ട് പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുമായി 30,000 ലധികം ഗുളിക വിതരണം ചെയ്തു കഴിഞ്ഞു.
ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, കരുനാഗപ്പള്ളി, പുനലൂര്‍ താലൂക്ക്തല ലബോറട്ടികള്‍ എന്നിവിടങ്ങളില്‍ എലിപ്പനി പരിശോധനാ സംവിധാനം സജ്ജമാക്കിയിട്ടുമുണ്ട്. ജില്ലാതലത്തില്‍ അതിവേഗ രോഗനിര്‍ണയ കിറ്റുകളും ലഭ്യമാണ്.
പനി നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ശരീരവേദനയോടു കൂടിയ ഏതു തരം പനിക്കും ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പ്രത്യേക ശ്രദ്ധക്ക്
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ രക്ഷാശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ പ്രതിരോധ ഗുളിക കഴിക്കാത്തവരെല്ലാം തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തി പരിശോധനയക്ക് വിധേയമായി ചികിത്സതേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സ്വയം ചികിത്സ പാടില്ലെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."