വിവരാവകാശം: മറുപടി നല്‍കാത്തതിന് 10,000 പിഴ
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്കു കൃത്യമായ മറുപടി നല്‍കാതിരുന്ന കാപ്പെക്സിലെ മുന്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. കൃഷ്ണകുമാറിന് സംസ്ഥാന വിവരാവകാശ കമ്മിഷന് 10,000 രൂപ പിഴ ചുമത്തി. കശുവണ്ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ കാപ്പെക്സുമായി ബന്ധപ്പെട്ട വിവരങ്ങളും യോഗങ്ങളുടെ മിനുട്സിന്റെ പകര്‍പ്പും നല്‍കണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ മുളവന രാജേന്ദ്രന് 2013 സെപ്റ്റംബര്‍ 23ന് അപേക്ഷ നല്‍കിയിരുന്നു.
വ്യക്തമായ മറുപടി ലഭിക്കാതിരുന്നതിനാല്‍ മാനേജിങ് ഡയരക്ടര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കാതിരുന്നത് ശിക്ഷാര്‍ഹമാണെന്നു ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം കമ്മിഷന് താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 30 ദിവസത്തിനകം പിഴ നല്‍കണം. സംസ്ഥാന വിവരാവകാശ കമ്മിഷനര്‍ ഡോ. കെ.എല്‍ വിവേകാനന്ദനാണു പിഴ ഈടാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."