വൈദ്യുതി-ജലവിഭവ മന്ത്രിമാര്‍ രാജിവെയ്ക്കണം: മാത്യു കുഴല്‍നാടന്‍
തൊടുപുഴ: നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രളയത്തിലേയ്ക്കും ദൂരവ്യാപകമായ ഗുരുതര പ്രത്യാഘാതങ്ങളിലേയ്ക്കും കേരളത്തെ തള്ളിവിട്ടതില്‍ പ്രധാന ഉത്തരവാദികളായ സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിയും ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസും തല്‍സ്ഥാനങ്ങള്‍ രാജിവെയ്ക്കണമെന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. ധാര്‍മികമായ ഉത്തരവാദിത്തം എന്ന് ഇതിനെ ചുരുക്കിക്കാണാനാവില്ല. തങ്ങളുടെ നിയമപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ ഗുരുതരമായ കൃത്യവിലോപമാണ് ഇവര്‍ കാട്ടിയിരിക്കുന്നത്.
ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തി സ്വന്തം തലയൂരാന്‍ കഴിയാനാവത്ത വിധം ഭീമാകാരവും ഭീകരവുമാണ് ഇവരുടെ നിരുത്തരവാദിത്തവും അലംഭാവവും മൂലമുണ്ടായ ഈ പ്രളയത്തിന്റെ കെടുതികള്‍. നമ്മുടെ സമ്പദ് വ്യവസ്ഥയിലും നമ്മുടെ നാട്ടുകാരുടെ ശാരീരിക, മാനസിക ആരോഗ്യങ്ങളിലും ഈ പ്രളയം ഉണ്ടാക്കിയതും ഇനി തുടര്‍ന്ന് ഉണ്ടാക്കാന്‍ പോകുന്നതുമായ പ്രതിവിധി ഇല്ലാത്ത ആഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇവരുടെ രാജിയില്‍ കുറഞ്ഞ് ഒന്നും സ്വീകാര്യമല്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. ഈ രണ്ട് മന്ത്രിമാരെയും ഇവരുടെ അനാസ്ഥയ്ക്ക് കൂട്ടു നിന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരേയും മാറ്റി നിര്‍ത്തി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."