മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വകുപ്പുതല യോഗം നടത്തി
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സ്വരൂപിക്കുന്നതിന് എല്ലാ ജില്ലാതല മേധാവികളും ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
ആരില്‍നിന്നും നിര്‍ബന്ധപൂര്‍വം പണം വാങ്ങരുത്. അല്ലാതെ തന്നെ സന്മനസുള്ളവര്‍ ധാരാളമായി സംഭാവനയ്ക്ക് തയ്യാറായി വരുന്നുണ്ട്. കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ വകുപ്പ് മേധാവികളായ 56 പേര്‍ പങ്കെടുത്തു. ഓരോ വകുപ്പുതലവന്‍മാരും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മൂന്നു ദിവസത്തെ ശമ്പളത്തിന് പുറമേ കൂടുതല്‍ തുക സാധ്യമായ മറ്റ് മാര്‍ഗങ്ങളിലൂടെ കണ്ടെത്തണമെന്നും ആയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് നവകേരള സൃഷ്ടിയില്‍ പങ്കുചേരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ജില്ലാ ഭരണകൂടം ഇതിനായി പ്രത്യേക പദ്ധതി തന്നെ ആവിഷ്‌കരിക്കും. പൊലിസ് വകുപ്പ് ജീവനക്കാരില്‍ നിന്നും 90 ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ട്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി കൂടുതല്‍ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ നടത്തണം.
പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവരില്‍ നിന്നും തയ്യാറുള്ളവരില്‍ നിന്നു ഫണ്ട് സ്വരൂപിക്കാന്‍ ശ്രമിക്കണം.
35 പഞ്ചായത്തുകളുടെ തനത് ഫണ്ട് സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവനയായി ലഭിക്കാന്‍ സാധ്യതയുള്ളതായി ജില്ലാ പ്ലാനിങ് ഓഫിസര്‍ അറിയിച്ചു.
ശുചിത്വമിഷന്‍കാര്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിറ്റ് കിട്ടുന്ന തുക നിധിയിലേക്ക് ലഭ്യാക്കാന്‍ കഴിയുമെന്നു ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ യോഗം കൂടി ഇതിന്റെ പുരോഗതി അറിയിക്കാന്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."