ജഡ്ജിമാരുടെ നിയമനം: കേന്ദ്രം മടക്കിയ ശുപാര്‍ശ കൊളീജിയം തിരിച്ചയച്ചു
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ കൊളീജിയം വീണ്ടും തിരിച്ചയച്ചു.
നേരത്തെ ഇതു സംബന്ധിച്ച കൊളീജിയത്തിന്റെ ശുപാര്‍ശ മേഖലാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കൊളീജിയത്തിന് തിരിച്ചയച്ചിരുന്നു. ജഡ്ജിമാരുടെ സീനിയോരിറ്റിയാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടിയാണ് കൊളീജിയം വീണ്ടും ശുപാര്‍ശ കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, എന്‍.വി രമണ, ആര്.എഫ് നരിമാന്, അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന കൊളീജിയം ഏപ്രില്‍ 12നാണ് ഇവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്. അഖിലേന്ത്യാ തലത്തില്‍ ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോരിറ്റിയില്‍ 12ാമതാണ് അനിരുദ്ധ ബോസിന്റെ സ്ഥാനം. ബൊപ്പണ്ണയുടെ സ്ഥാനം 36ാമതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."