കേരളത്തിനായി ഭോപ്പാലിന്റെ കരുതല്‍
ഇരിട്ടി: മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഭോപ്പാലില്‍ നിന്ന് മനുഷ്യസ്നേഹത്തിന്റെ മാതൃക. ദുരിതബാധിതരെ സഹായിക്കാന്‍ ഭോപ്പാലിലെ മലയാളി കൂട്ടായ്മയും ഐസര്‍ ഭോപ്പാല്‍ കാംപസും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് 4,99,400 രൂപ സമാഹരിച്ചയച്ചു.
ഐസര്‍ കാംപസ് ബിരുദാനന്തര ബിരുദ ഗവേഷക വിദ്യാര്‍ഥി ഇരിട്ടി കീഴൂര്‍ കുന്നിലെ ഗീതാഗോവിന്ദത്തില്‍ പുത്തന്‍വളപ്പില്‍ ഗോവിന്ദന്-ഗീത ദമ്പതികളുടെ മകന് രാഹുല്‍ ഗോവിന്ദിന്റെ നേതൃത്വത്തിലാണ് മലയാളി കൂട്ടായ്മ രൂപീകരിച്ച് ഫണ്ട് ശേഖരിക്കാന്‍ മുന്നോട്ടുവന്നത്. ഫണ്ട് ശേഖരിച്ചതിന്റെ അനുഭവം പങ്കുവച്ച് സമൂഹമാധ്യമത്തില്‍ രാഹുല്‍ ഷെയര്‍ ചെയ്ത കുറിപ്പ് ദേശവും ഭാഷയും സംസ്കാരവും അതിരുകളിടാത്ത മനുഷ്യ സ്നേഹത്തിലൂന്നിയ മാതൃകാ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയായി.
ഭോപ്പാല്‍ തെരുവില്‍ ബലൂണ്‍ വിറ്റ് ജീവിക്കുന്ന കുട്ടിയും കടത്തിണ്ണ കിടപ്പാടമാക്കിയ തെരുവുയാചകരായവരും ഉള്‍പ്പെടെ ഊരുംപേരും അറിയാത്തവര്‍ നവകേരള സൃഷ്ടിക്കായി മാനവ സാഹോദര്യത്തിന്റെ സഹായ കണ്ണിയിയില് പങ്കാളികളായി.
മനുഷ്യ സ്നേഹത്തിന്റെ മാതൃകാപരമായ കാരുണ്യ സഹായത്തിലേക്ക് ഒഴുകിയെത്തിയത് ദേശവും ഭാഷയും ജാതിയും മതവും വേര്തിരിവുകളിടാത്ത മാനവികതയുടെ കാരുണ്യ സംസ്കാരമായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു.
ഐസര്‍ ഭോപ്പാല്‍ കാംപസില്‍ ഓണാഘോഷത്തിനായി സ്വരൂപിച്ച തുകയായ 28,400 രൂപ അടിയന്തിര സഹായമായി ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടത്തില്‍ തന്നെ കൈമാറിയിരുന്നു.
കാംപസിലെ ഗണേശോത്സവം നടത്തി കഴിഞ്ഞ വര്‍ഷം മിച്ചംവന്ന നീക്കിയിരിപ്പ് തുകയും കൈമാറി. ഭോപ്പാലില്‍ നിന്നുള്ള രാഹുല്‍ ഗോവിന്ദിന്റെ കുറിപ്പിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫിസ് നല്കിയ പണം സ്വീകരിച്ചതിനുള്ള കേരള സര്‍ക്കാരിന്റെ രശീതും ഫേസ്ബുക്കിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."