HOME
DETAILS
MAL
മിന്നും താരങ്ങള്‍
backup
September 23 2020 | 02:09 AM
ഇരുണ്ട രാത്രികളില്‍ ആകാശത്തു തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ. നാം കരുതുന്നതു പോലെ പലപ്പോഴും അവ ഒറ്റപ്പെട്ട നക്ഷത്രമായിരിക്കില്ല. അനേകം നക്ഷത്രങ്ങള്‍ ചേര്‍ന്ന ഗാലക്‌സികളോ നക്ഷത്രങ്ങളും വാതകധൂളി മേഘങ്ങളും കൂടിച്ചേര്‍ന്ന നെബൂലകളോ ആയിരിക്കും.
നമ്മുടെ ആകാശത്ത് കോടിക്കണക്കിന് ഗാലക്‌സികളുണ്ട്. അവയെ നമുക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല. നക്ഷത്ര നിരീക്ഷണത്തിന് വേണ്ടിയുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയാലും ഒരു മനുഷ്യായുസു കൊണ്ട് അവയെ നിരീക്ഷിച്ചറിയാനും സാധ്യമല്ല.
ഗ്യാലക്‌സികള്‍
പതിനായിരം കോടിയിലേറെ ഗ്യാലക്‌സികള്‍ ദൃശ്യപ്രപഞ്ചത്തിലുണ്ടെന്നാണ് കണക്ക്. നക്ഷത്രങ്ങള്‍, നക്ഷത്രാവശിഷ്ടങ്ങള്‍, തമോദ്രവ്യങ്ങള്‍ എന്നിവയടങ്ങിയ വലിയൊരു വ്യൂഹമാണ് ഗ്യാലക്‌സികള്‍. കോടിക്കണക്കിന് നക്ഷത്രങ്ങള്‍ ഓരോ ഗ്യാലക്‌സിയിലും ഉണ്ടാകും. നമ്മുടെ ഭൂമിയും മറ്റു ഗ്രഹങ്ങളും ക്ഷീരപഥം അഥവാ ആകാശ ഗംഗ എന്ന ഗ്യാലക്‌സിയിലാണ് സ്ഥിതി ചെയ്യുന്നത്. നമ്മുടെ ക്ഷീരപഥത്തില്‍ 20000 കോടി നക്ഷത്രങ്ങളുണ്ടാകുമെന്നാണ് നിഗമനം.
ഇതുപോലെ അനേകം ക്ഷീരപഥങ്ങള്‍ പ്രപഞ്ചത്തിലുണ്ട്. ഗ്യാലക്‌സികള്‍ വിവിധ രൂപത്തില്‍ കാണപ്പെടുന്നുണ്ട്. അവയില്‍ എലിപ്റ്റിക്കല്‍ (വൃത്താകൃതി), സ്‌പൈറല്‍(സര്‍പ്പിള്‍) , പെക്യുലിയര്‍(വിചിത്ര രൂപങ്ങള്‍) എന്നിങ്ങനെയാണ് സാധാരണയായി കാണപ്പെടുന്നവ.
മെഗാപാര്‍സെകുകള്‍ വ്യാപ്തിയുള്ള ആയിരത്തിലേറെ ഗ്യാലക്‌സികള്‍ ചേര്‍ന്ന വലിയ ഗ്യാലക്‌സിയാണ് ക്ലസ്റ്ററുകള്‍. പതിനായിരത്തോളം ക്ലസ്റ്ററുകള്‍ നിറഞ്ഞതാണ് സൂപ്പര്‍ ക്ലസ്റ്ററുകള്‍. അനേകം സൂപ്പര്‍ ക്ലസ്റ്ററുകള്‍ ചേര്‍ന്നവയാണ് ഫിലമെന്റുകള്‍.
പാര്‍സെക്
ഒരു നക്ഷത്രത്തില്‍നിന്നു മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം പ്രകാശ വര്‍ഷം കൊണ്ട് അളക്കാം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പാര്‍സെക് എന്ന ഏകകം ആണ് ഇതിനായി ഉപയോഗപ്പെടുത്തുക. ഒരു പാര്‍സെക് 3.26 പ്രകാശ വര്‍ഷത്തിന് തുല്യമാണ്. നമ്മുടെ ഗ്യാലക്‌സിയായ ആകാശ ഗംഗയുടെ മധ്യത്തിലേക്ക് 8000 പാര്‍സെക് ദൂരമുണ്ടെന്നാണ് കണക്ക്. ഇനി മറ്റൊരു ഗ്യാലക്‌സിയിലേക്കുള്ള ദൂരമളക്കാന്‍ ഈ പാര്‍സെക് മതിയാവില്ല. കിലോ പാര്‍സെകും മെഗാ പാര്‍സെകുമൊക്കെ വേണ്ടി വരും. നമ്മുടെ ഗ്യാലക്‌സിയുടെ അയല്‍ ഗ്യാലക്‌സിയായ ആന്‍ഡ്രോ മീഡ ഗ്യാലക്‌സിയിലേക്കുള്ള ദൂരം 0.77 മെഗാ പാര്‍സെകാണ്.
സ്ഥിര നക്ഷത്ര സമൂഹങ്ങള്‍
പൗരാണിക കാലം തൊട്ടുതന്നെ ആകാശത്തുവിരിയുന്ന നക്ഷത്രകൂട്ടങ്ങള്‍ ചില പ്രത്യേക ആകൃതി പാലിക്കുന്നതായി മനുഷ്യര്‍ നിരീക്ഷിച്ചിരുന്നു. ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായ ടോളമി ഗോളത്തിലെ ഉത്തരദക്ഷിണ ഭാഗങ്ങളിലായി കാണാറുള്ള നാല്‍പ്പത്തിയെട്ട് നക്ഷത്രസമൂഹത്തെ നാമകരണം നടത്തി പട്ടികപ്പെടുത്തി.
ടോളമിയെ ശാസ്ത്രലോകത്തെ പല വാനനിരീക്ഷകരും പട്ടിക വികസിപ്പിക്കാന്‍ സഹായിച്ചു. 1922 ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് അസ്‌ട്രോണമി 88 സ്ഥിര നക്ഷത്രസമൂഹത്തെ പട്ടികപ്പെടുത്തി.
വാല്‍ നക്ഷത്രം
കിലോമീറ്റര്‍ മാത്രം വ്യാപ്തിയുള്ള സൗരയൂഥത്തിലെ പദാര്‍ഥമാണ് ധൂമകേതു. മഞ്ഞും പാറക്കഷ്ണങ്ങളുമാണ് ഇതിലുണ്ടാകുക. സൗരയൂഥത്തിലേക്ക് കടക്കുമ്പോഴുള്ള സൂര്യന്റെ സാമീപ്യത്താല്‍ മഞ്ഞ് ബാഷ്പീകരിച്ച് തെറിച്ചു പോകുന്നതാണ് വാലായി തോന്നുന്നത്. സൗരയൂഥത്തിനു പുറത്തുള്ള ഊര്‍ട്ട് മേഘങ്ങളില്‍നിന്ന് രൂപം കൊള്ളുന്നവയാണിവ. സൂര്യനില്‍നിന്ന് ഏകദേശം പതിനായിരം അസ്‌ട്രോണമിക്കല്‍ ദൂരത്തായാണ് ഊര്‍ട്ട് മേഘങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്നാണ് നിഗമനം. സൗരയൂഥത്തിന്റെ അതിര്‍ത്തിയാണിവിടം. ജലം അമോണിയ മീഥേന്‍ എന്നിവ ഘനീഭവിച്ചാണ് ഇവിടെയുള്ള പല വസ്തുക്കളും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ജാന്‍ ഹെന്‍ട്രിക് ഊര്‍ട്ട് എന്ന ജ്യോതി ശാസ്ത്രജ്ഞനാണ് ഈ കണ്ടെത്തല്‍ ആദ്യം അവതരിപ്പിച്ചത്. ഇവിടെനിന്നു വരുന്ന എഴുപതു ശതമാനം ഐസും ബാക്കി പാറക്കഷ്ണങ്ങളും അടങ്ങിയ ഹിമഗോളങ്ങള്‍ സൂര്യനെ വലംവയ്ക്കുന്നതിനിടയില്‍ വഴിതെറ്റി സൗരയൂഥത്തിലേക്ക് കടക്കുന്നവയാണ് ഇവ.
അര്‍സമേജറും
അര്‍സമൈനറും
വലിയ കരടിയെന്നാണ് അര്‍സമേജര്‍(ഉര്‍സ മേജര്‍) അറിയപ്പെടുന്നത്. നല്ല തിളക്കമുള്ള ഈ ഏഴു നക്ഷത്രങ്ങള്‍ പുരാതന ഇന്ത്യയിലെ ഏഴ് ഋഷിമാരുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്.
ജനുവരി മാസത്തിലെ കിഴക്കന്‍ ചക്രവാളത്തില്‍ കാണപ്പെടുന്നു. ചെറിയ കരടി എന്നാണ് അര്‍സമൈനര്‍ അറിയപ്പെടുന്നത്. അര്‍സമേജറേക്കാള്‍ തിളക്കം കുറഞ്ഞ ഏഴ് നക്ഷത്രങ്ങളാണിവ.
സീഫിയസും
കാസിയോപിയോയും
വലിപ്പം കൂടിയതും എന്നാല്‍ പ്രകാശ തീവ്രത കുറഞ്ഞതുമായ നക്ഷത്ര സമൂഹമാണ് സീഫിയസ്. ഈ കൂട്ടത്തിലെ മ്യൂസെഫെയ് എന്ന നക്ഷത്രം ഹെര്‍ഷലിന്റെ മാണിക്യകല്ല് (വില്യം ഹെര്‍ഷല്‍ )എന്നറിയപ്പെടുന്നു. രാജാവിന് അഭിമുഖമായി കാണപ്പെടുന്ന നക്ഷത്ര സമൂഹമാണ് കാസിയോപിയോ. ഇംഗ്ലീഷ് അക്ഷരമാലയിലെ എം, ഡബ്ല്യൂ ആകൃതിയാണിവയ്ക്ക്.
ഡ്രാകോ (വ്യാളി)
നീളം കൂടിയ നക്ഷത്രഗണമാണ് വ്യാളി. വ്യാളിയുടെ തല ഭാഗം ഒഴികെയുള്ള നക്ഷത്രങ്ങള്‍ പ്രകാശം കുറഞ്ഞവയാണ്.
ഓറിയോണ്‍ (വേട്ടക്കാരന്‍)
പൗരാണിക സഞ്ചാരികള്‍ ദിശയറിയാന്‍ ഈ നക്ഷത്രസമൂഹത്തെ ഉപയോഗിച്ചിരുന്നു. ഡിസംബര്‍-ഫെബ്രുവരി മാസങ്ങളില്‍ ആകാശത്ത് കാണപ്പെടുന്നു.
ദൃശ്യകാന്തി
മാനം
ഒരു വസ്തുവിനെ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന പ്രഭയുടെ അളവാണിത്. ഈ അളവനുസരിച്ച് ഏറ്റവും ശോഭയുള്ള നക്ഷത്രം ഒന്നാം കാന്തിമാനമാണ് (first magnitude-) അതുകഴിഞ്ഞാല്‍ രണ്ട്, മൂന്ന് ,അങ്ങനെ ആറാം കാന്തി മാനം വരെ നഗ്നനേത്രം കൊണ്ട് കാണാം. ദൂരദര്‍ശിനിയുടെ അളവുകൂടുന്നതിനനുസരിച്ച് ഉയര്‍ന്ന കാന്തിമാനമുള്ളവയെ നിരീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."