ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തില്ല; കുന്നുംകൈ ടൗണില്‍ ഗതാഗത തടസം
കുന്നുംകൈ: കനത്ത മഴയില്‍ കുന്നുംകൈ ടൗണിലെ ഹൃദയ ഭാഗത്ത് നിലം പതിച്ച കല്ലും മണ്ണും നീക്കം ചെയ്യാത്തതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുന്നു. വലിയ കല്ലുകളും മണ്ണും ടൗണിലെ മിനിമാസ്റ്റ് ലൈറ്റിന്റെ അരികില്‍ കൂട്ടിയിട്ടത് കാരണം വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനു തടസം നേരിടുകയാണ്.
മണ്ണിടിഞ്ഞ സമയത്ത് രാത്രി തന്നെ ഭൂരിഭാഗം മണ്ണും കല്ലും മാറ്റിയിരുന്നു. അവശേഷിക്കുന്നവ മറ്റൊരു ദിവസം മാറ്റാമെന്നാണ് അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും മാറ്റാന്‍ തയാറായില്ല. ഇതോടെ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും വഴി യാത്രക്കാര്‍ക്കും പ്രയാസം നേരിടുകയാണ്.
മുക്കട ഭാഗത്ത്‌നിന്ന് വരുന്ന വാഹനങ്ങള്‍ എതിര്‍ ദിശയിലേക്കു കടന്നു സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ അപകടം പതിവാകുകയാണ്. കഴിഞ്ഞദിവസം ചിറ്റാരിക്കല്‍ ഭാഗത്ത്‌നിന്ന് വന്ന ബൈക്ക് യാത്രക്കാരനെ എതിര്‍ദിശയില്‍നിന്ന് വന്ന ഓട്ടോറിക്ഷ തട്ടി പരുക്ക് പറ്റിയിരുന്നു. ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ഓട്ടോറിക്ഷ മറ്റു ടാക്‌സി വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമില്ലാത്തതും ഇവിടെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. വെള്ളരിക്കുണ്ട് ഭീമനടി ഭാഗത്ത് പോകുന്നവര്‍ക്ക് ബസ് കാത്ത് നില്‍ക്കാനുള്ള സൗകര്യവും ഇല്ലാത്ത അവസ്ഥയിലാണ്. റോഡ് നവീകരണ പക്രിയ നടക്കുന്നതിനു മുന്‍പ് റോഡിന്റെ മധ്യഭാഗത്ത് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതും അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.
റോഡിന്റെ ഘടനയെ തന്നെ മാറ്റി മറിച്ചു നിര്‍മാണം നടത്തിയതാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. റോഡിന്റെ ഒരു ഭാഗത്തുള്ള അന്‍പത് അടിയോളം വരുന്ന കുന്നിടിക്കലില്‍ ഉണ്ടായ പാളിച്ചയാണ് വന്‍ ദുരന്തത്തിനു കാരണമായത്. നിര്‍മാണ സമയത്ത് ഈ മണ്‍തിട്ട മാറ്റുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ മുന്‍ കരുതലോ മറ്റോ എടുക്കാത്തതാണ് അപകടം വരുത്തിവച്ചത്.
നിര്‍മാണ സമയത്ത് വലിയ പാറക്കല്ലുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിച്ചതും അപകടത്തിനുള്ള പ്രധാനകാരണമായെന്ന് നാട്ടുകാര്‍ പറയുന്നു. പാറ പൊട്ടിച്ചു നൂറുക്കണക്കിനു ലോഡുകളാണ് കരാറുകാരന്‍ കടത്തിക്കൊണ്ടു പോയത്. ഇതിന്റെ ഭാഗമായുണ്ടായ മണ്ണിലെ വിള്ളലില്‍ വെള്ളം ഇറങ്ങിയിരുന്നു.
ഇനിയും മണ്ണിടിയാന്‍ സാധ്യത ഉള്ളതിനാല്‍ നാട്ടുകാര്‍ ഭയാശങ്കയിലാണ്. മണ്ണിടിച്ചില്‍ തടയുന്നതിന് 200 മീറ്റര്‍ നീളത്തിലും 15 മീറ്റര്‍ ഉയരത്തിലും കോണ്‍ക്രീറ്റ് പാര്‍ശ്വ ഭിത്തി നിര്‍മിക്കാന്‍ രണ്ടര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റോഡരികില്‍ കൂട്ടിയിട്ട മണ്ണും കല്ലും മാറ്റി എത്രയുംവേഗം ഗതാഗതം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."