ഒരു വര്‍ഷത്തോളമായി ശമ്പളമില്ല; പ്രതിസന്ധിയിലായ 500 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു
ജിദ്ദ: ഒരു വര്‍ഷത്തോളമായി ശമ്പളം മുടങ്ങി പ്രതിസന്ധിയിലായ ജെ ആന്‍ഡ് പി കമ്പനിയുടെ റിയാദിലെയും അല്‍ഖര്‍ജിലെയും മുന്ന് ക്യാംപുകളില്‍ നിന്നായി 500ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. അതേ സമയം എല്ലാവര്‍ക്കും ഇന്ത്യന്‍ എംബസിയാണ് വിമാന ടിക്കറ്റ് നല്‍കിയത്. സഊദി തൊഴില്‍ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ വളണ്ടിയര്‍മാരും നടത്തിയ പ്രയത്നത്തിന്റെ ഫലമായാണ് നാല് മാസത്തിനിടെ ഇത്രയേറെ തൊഴിലാളികളെ നാട്ടിലയക്കാനായത്. ശമ്പള കുടിശ്ശികയും സേവനാനന്തര ആനുകൂല്യവും അടക്കമുള്ളവ ലഭിക്കുന്നതിനുവേണ്ടി തൊഴില്‍ മന്താലയം ചുമതലപ്പെടുത്തിയ അഭിഭാഷകര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി ഒപ്പിട്ട് നല്‍കിയാണ് തൊഴിലാളികളെല്ലാം മടങ്ങിയിരിക്കുന്നത്. തൊഴില്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തീര്‍പ്പായാല്‍ സ്വന്തം നാടുകളിലേക്ക് ശമ്പളവും ആനുകൂല്യവും അയച്ചുകിട്ടും. അതിനുവേണ്ടിയുള്ള സംവിധാനമാണ് മന്ത്രാലയവും എംബസിയും ചേര്‍ന്നൊരുക്കിയിട്ടുള്ളത്.
തൊഴിലാളികള്‍ക്ക് മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം ജെ ആന്‍ഡ് പി കമ്പനിയധികൃതര്‍ 2,000 റിയാല്‍ വീതം ഇടക്കാല ആശ്വാസമായി നല്‍കുകയും ചെയ്തു. ഇവരില്‍ 25ഓളം തൊഴിലാളികള്‍ തീര്‍ത്തും അവശനിലയിലും രോഗബാധിതരുമായിരുന്നു. അവര്‍ക്ക് അതനുസരിച്ചുള്ള സൗകര്യങ്ങളും പരിചരണവും നല്‍കിയാണ് നാട്ടില്‍ പോകാന്‍ വഴിയൊഴുക്കിയത്. റിയാദ് സുലൈയിലെ എക്സിറ്റ് 16ലും 18ലും അല്‍ഖര്‍ജിലുമുള്ള മൂന്ന് ക്യാംപുകളിലായി 700ഓളം ഇന്ത്യാക്കാര്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഇവരുടെ കാര്യങ്ങള്‍ തൊഴില്‍ മന്ത്രാലയം പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ട്. രണ്ടുമാസമായി ഭക്ഷണം നല്‍കുന്നത് മന്ത്രാലയമാണ്. കാലാവധി കഴിഞ്ഞ ഇഖാമകള്‍ പുതുക്കുന്നതടക്കം നിയമാനുസൃതം ഫൈനല്‍ എക്സിറ്റ് വിസ നേടി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളുമാണ് മന്ത്രാലയം നടത്തുന്നത്. അസുഖമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ട്.
അതിനിടെ എക്സിറ്റില്‍ പോകാതെ സഊദിയില്‍ തന്നെ മറ്റ് കമ്പനികളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറി തൊഴിലെടുക്കാന്‍ താല്‍പര്യമുള്ള തൊഴിലാളികള്‍ക്ക് അതിനുള്ള അവസരവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മാസം 15ന് മുന്‍പ് സ്പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്നും അതിന് കഴിയാത്തവര്‍ ഉടന നാട്ടിലേക്ക് മടങ്ങാന്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും മന്ത്രാലയം തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒന്നുകില്‍ 15നുള്ളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റണം. അല്ലെങ്കില്‍ എക്സിറ്റില്‍ പോകാന്‍ തയാറായി അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം അവരെ നിയമവിരുദ്ധരായി കണക്കാക്കും എന്നാണ് മുന്നറിയിപ്പ്. വിവിധ രാജ്യക്കാരായി മൊത്തം രണ്ടായിരത്തിലധികം തൊഴിലാളികള്‍ ക്യാംപുകളിലുണ്ടായിരുന്നു. അവശേഷിക്കുന്നവരില്‍ മറ്റ് രാജ്യാക്കാരുമുണ്ട്. അവരുടെ വിഷയങ്ങളില്‍ അതാത് എംബസികള്‍ ഇടപെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."