ചൂര്‍ണിക്കര വ്യാജരേഖാ കേസ്: രണ്ടുപേര്‍ റിമാന്‍ഡില്‍
ആലുവ: ചൂര്‍ണിക്കര വ്യാജരേഖാ കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ കാലടി ശ്രീമൂലനഗരം ശ്രീഭൂതപുരം അപ്പേലി വീട്ടില്‍ അബൂട്ടി എന്ന അബു (43), ലാന്‍ഡ് റവന്യൂ കമ്മിഷനറുടെ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് ആര്യനാട് പാലോട് വാഴൂട്ട്കാല കോട്ടയപ്പന്‍ കാവിന് സമീപം അരുണ്‍ നിവാസില്‍ അരുണ്‍ കുമാര്‍ (34) എന്നിവരെ റിമാന്‍ഡ് ചെയ്തു. കേസിലകപ്പെട്ട അബുവിനെ ഏഴാറ്റുമുഖത്ത് ഒളിവില്‍ താമസിക്കാന്‍ സഹായിച്ച ബന്ധുക്കളായ അശ്‌റഫ്, റഷീദ് എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസില്‍ ആദ്യം പിടിയിലായത് മുഖ്യപ്രതിയായ അബുവാണ്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അരുണ്‍കുമാറിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. അബുവിന്റെ ബന്ധുവിന്റെ സുഹൃത്താണ് അരുണ്‍. ഇന്നലെ അരുണിനെ ആലുവ ഡിവൈ.എസ്.പി ഓഫിസിലെത്തിച്ചു.
ഭൂമി തരം മാറ്റുന്നതിനായി ഏഴ് ലക്ഷം രൂപയാണ് അബു ഉടമയായ തൃശൂര്‍ മതിലകത്ത് മൂളംപറമ്പില്‍ വീട്ടില്‍ ഹംസയുടെ പക്കല്‍ നിന്ന് കൈപ്പറ്റിയത്. റവന്യൂ ഭാഷയില്‍ ഉത്തരവുകള്‍ തയാറാക്കി പരിചയമുള്ള അബുവാണ് വ്യാജരേഖ നിര്‍മിച്ചത്. കസ്റ്റഡിയിലായ ശേഷം പൊലിസ് അബുവിനെ കൊണ്ട് ഉത്തരവുകള്‍ എഴുതിച്ച് ഇക്കാര്യം ഉറപ്പ് വരുത്തി. രേഖയില്‍ ലാന്‍ഡ് റവന്യൂ കമ്മിഷനറുടെ ഓഫിസിലെ സീല്‍ പതിപ്പിച്ച് നല്‍കുന്നതിനായി മുപ്പതിനായിരം രൂപ അരുണിന് നല്‍കി. രേഖയിലെ സീനിയര്‍ സൂപ്രണ്ടിന്റെ ഒപ്പുള്ള സീല്‍ അരുണ്‍ പതിപ്പിച്ചു നല്‍കി.
കോണ്‍ഗ്രസ് അനുകൂല എന്‍.ജി.ഒ സംഘടനയുടെ ഭാരവാഹിയാണ് അരുണെന്ന് അന്വേഷണ സംഘം അറിയിച്ചു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് ആശ്രിത നിയമനത്തിലാണ് 26ാം വയസില്‍ ഇയാള്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലി സ്ഥലത്ത് ഇയാള്‍ സ്ഥിരമായി ഹാജരാകാറില്ലായിരുന്നു. ഓഫിസിലെത്തി പഞ്ച് ചെയ്ത ശേഷം സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലേക്ക് പോവുകയാണ് ഉണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇരുവരേയും ചോദ്യം ചെയ്തു.
ആലുവ ഡിവൈ.എസ്.പി ഓഫിസിലെത്തി വിജിലന്‍സ് സംഘവും അരുണിനെ ചോദ്യം ചെയ്തു. വ്യാജരേഖ നിര്‍മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലിസ് തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."