സംരക്ഷണം വേണമെന്ന് മലെഗാവ് കേസിലെ പ്രതി സമീര്‍ കുല്‍ക്കര്‍ണി
ന്യൂഡല്‍ഹി: തനിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് 2008 ലെ മലെഗാവ് കേസിലെ പ്രതി സമീര്‍ കുല്‍ക്കര്‍ണി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് കത്തെഴുതി. 2007 ഒക്ടോബര്‍ മുതല്‍ ജാമ്യത്തിലുള്ള സമീര്‍ കുല്‍ക്കര്‍ണി ആരില്‍ നിന്നാണ് തനിക്ക് ഭീഷണിയെന്ന് വ്യക്തമാക്കാതെയാണ് കത്തെഴുതിയിരിക്കുന്നത്. സുരക്ഷ അടിയന്തരമായി വേണമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും കത്തില്‍ പറയുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രസ് ജീവനക്കാരനായിരുന്ന കുല്‍ക്കര്‍ണി മലെഗാവ് സ്‌ഫോടനത്തിന് ആവശ്യമായ രാസവസ്തുക്കള്‍ സംഘടിപ്പിച്ച് നല്‍കിയെന്ന കുറ്റത്തിനാണ് അറസ്റ്റിലായത്.
സ്‌ഫോടനത്തില്‍ പ്രഗ്യാസിങ്ങിന്റെ പങ്കിനെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ചോദ്യം ചെയ്യലിനിടെ കൈമാറിയത് കുല്‍ക്കര്‍ണിയാണ്. കേസില്‍ 2017 ഏപ്രിലിലാണ് സെഷന്‍സ് കോടതി കുല്‍ക്കര്‍ണിക്ക് പ്രഗ്യാസിങ്ങിനൊപ്പം ജാമ്യം അനുവദിക്കുന്നത്. കുല്‍ക്കര്‍ണി നല്‍കിയ മൊഴിയുടെ രേഖകള്‍ പിന്നീട് പ്രോസിക്യൂഷന്റെ പക്കല്‍ നിന്ന് കാണാതായിരുന്നു. എന്നാല്‍ ഇതിന്റെ ഫോട്ടോകോപ്പികള്‍ സംഘടിപ്പിച്ച എന്‍.ഐ.എ ഇത് കോടതി രേഖയുടെ ഭാഗമാക്കാന്‍ അനുമതി നേടി. സമീര്‍ കുല്‍ക്കര്‍ണിയുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു കോടതി ഇതിന് എന്‍.ഐ.എക്ക് അനുമതി നല്‍കിയത്.
കുല്‍ക്കര്‍ണിക്കൊപ്പം കൂട്ടുപ്രതിയായിരുന്ന പ്രഗ്യാസിങ് ഇപ്പോള്‍ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. പ്രഗ്യാസിങ്ങുമായി കുല്‍ക്കര്‍ണിക്ക് നിരവധി കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കര്‍ക്കറെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചിട്ടാണെന്ന പ്രഗ്യാസിങ്ങിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത കുല്‍ക്കര്‍ണി കര്‍ക്കറെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ താന്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നുവെന്ന് പറയുകയും ചെയ്തു. കസ്റ്റഡിയില്‍ തന്നെ പൊലിസ് തല്ലിയപ്പോള്‍ കര്‍ക്കറെയാണ് തടഞ്ഞതെന്നും പിന്നീട് ആരും തന്നെ തല്ലിയിട്ടില്ലെന്നും കുല്‍ക്കര്‍ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."