കര്‍ഷകര്‍ക്ക് തൂക്കുകയര്‍ ഒരുക്കുമ്പോള്‍
കര്‍ഷകരുടെയും നാടിന്റെ സാമ്പത്തിക സ്ഥിതിയുടെയും നട്ടെല്ലൊടിക്കുന്ന പുതിയ വ്യവസ്ഥകളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നു. ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് രാജ്യം അഹംഭാവം നടിക്കാറുണ്ടെങ്കിലും ബഹിരാകാശ പരീക്ഷണങ്ങളുടെയും സാങ്കേതികവിദ്യാ ജ്ഞാനത്തിന്റെയും കാലഘട്ടത്തിലും വ്യാവസായികമായി രാജ്യം ഏറെ പിന്നിലാണ്. വിലയിരുത്തി നോക്കുമ്പോള്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൃഷിയാണ് നമ്മുടെ നട്ടെല്ല് എന്നര്‍ഥം.
വിമാനത്താവളങ്ങളും റയില്‍വേയും ടെലികോമും എല്‍.ഐ.സിയും കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വിറ്റു കാശാക്കാം എന്നതായിരിക്കുന്നു മോദി സര്‍ക്കാരിന്റെ അജന്‍ഡ. ഇതിന്റെ ഭാഗമായെന്നോണം കൃഷികാര്യങ്ങളിലും കൈവച്ചു കഴിഞ്ഞിരിക്കുന്നു. കൃഷി ഉപജീവനമായി കാണുന്ന കോടിക്കണക്കിനു കര്‍ഷകരുടെ നിറമുള്ള സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നതാണ് കാര്‍ഷിക പുരോഗതിക്ക് ഗുണം ചെയ്യുമെന്നു പറഞ്ഞ് കൊണ്ടുവന്ന പുതിയ ബില്ലുകള്‍. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാനങ്ങളുടെ ചുമതലയിലുള്ള കൃഷികാര്യത്തില്‍ ആരുടെയും അഭിപ്രായം ആരായാതെ രണ്ട് ബില്ലുകള്‍ മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തിരിക്കുന്നു. കൊവിഡ് കാലത്ത് കഴിഞ്ഞ ജൂണില്‍, ഓര്‍ഡിനന്‍സായി കൊണ്ടുവന്ന ഈ ബില്ലുകള്‍ കാലാവധി തീരുകയാണെന്നു കണ്ടപ്പോള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ പാസാക്കിയ ഈ കര്‍ഷകദ്രോഹ ബില്ലുകള്‍ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും ചര്‍ച്ചയൊന്നും കൂടാതെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഭക്ഷ്യരംഗത്തെ കുത്തക കോര്‍പറേറ്റുകള്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടു ബില്ലുകളാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുന്നത്. കാര്‍ഷികാഭിവൃദ്ധി ലക്ഷ്യമാക്കുന്നുവെന്ന പേരിലാണ്, കരാര്‍കൃഷി നടപ്പാക്കാനുള്ള കര്‍ഷക ശാക്തീകരണ സംരക്ഷണ ബില്‍ എന്നും വിപണിയിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള കാര്‍ഷികോല്‍പന്ന വ്യാപാര വാണിജ്യ ബില്‍ എന്നും സുന്ദരനാമങ്ങള്‍ നല്‍കി ഇതു പാസാക്കിയിരിക്കുന്നത്.
രാജ്യത്ത് എവിടെയും തങ്ങളുടെ ഉല്‍പന്നങ്ങള്‍ മത്സരവിലക്ക് വില്‍ക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതാണ് ബില്ലെന്നും മത്സരാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതോടെ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കര്‍ഷകനു കഴിയുമെന്നും പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില പോലും കിട്ടാതിരിക്കുകയും ഇടത്തട്ടുകാര്‍ നേട്ടം ഉണ്ടാക്കുകയും ചെയ്യുമെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിപോലും സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ പോലും കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തുനിന്ന് കൊണ്ടുവന്ന ഭേദഗതികള്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യംപോലും പരിഗണിച്ചില്ല. ഒരംഗം ആവശ്യപ്പെട്ടാല്‍ പോലും കൈയടിച്ച് പാസാക്കാതെ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് നിയമപുസ്തകം പറയുമ്പോഴാണ് രാജ്യസഭയുടെ അധ്യക്ഷപദവിയിലിരുന്ന് വൈസ് ചെയര്‍മാന്‍ ഹരിവന്‍ഷ് നാരായണ്‍ സിങ് ഇതു നിരാകരിച്ചത്. എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അവര്‍ പാര്‍ലമെന്റിനു പുറത്ത് ധര്‍ണയിരുന്നു. പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ രാജ്യസഭ ബഹിഷ്‌കരിക്കുകയും ചെയ്തു.
അതേസമയം സര്‍ക്കാര്‍ സഹകരണത്തോടെ കാര്‍ഷികരംഗത്ത് ഹരിതവിപ്ലവം ഫലപ്രദമായി നടപ്പാക്കിയ പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും ബില്ലിനെതിരായ കര്‍ഷകപ്രക്ഷോഭം ആളിക്കത്തുകയാണ്. തെലങ്കാനയും പ്രതിഷേധമറിയിച്ചു കഴിഞ്ഞു. രാജസ്ഥാനും പിന്നാലെ വരുന്നു. ബില്ലുകള്‍ക്കെതിരേ നാളെ രാജ്യവ്യാപകമായി ബന്ദ് ആചരിക്കാന്‍ 250 കര്‍ഷക സംഘടനകളുടെ കൂട്ടായ്മ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള ഏക ശിരോമണി അകാലിദള്‍ മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍നിന്ന് രാജിവച്ചൊഴിഞ്ഞതും ഇതിനോട് ചേര്‍ത്തുവായിക്കണം. പ്രതിഷേധം കനത്തതോടെ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍ ഘടകകക്ഷിയായ ജന നായക് ജനതാ പാര്‍ട്ടിക്കാരനായ ഉപമഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല രാജിക്കായുള്ള സമ്മര്‍ദ ഭീഷണിയിലാണ്. സിറാക്പൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് ട്രാക്ടറുകളില്‍ കയറിയാണ് കര്‍ഷകര്‍ പ്രകടനം നടത്തുന്നത്. വിവിധയിടങ്ങളില്‍ ബില്ലിന്റെ കോപ്പികള്‍ കത്തിച്ചു. പ്രീതംസിങ് എന്ന 71കാരനായ കര്‍ഷകന്‍ മാന്‍സ ജില്ലയില്‍ ആത്മഹത്യ ചെയ്തു.
ബില്ലുകള്‍ പാസായത് കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമാണെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ കര്‍ഷകര്‍ക്കെതിരായ മരണവാറണ്ടാണിതെന്ന് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. ഉല്‍പന്നങ്ങള്‍ എവിടെയും വിറ്റഴിക്കാനുള്ള സൗകര്യങ്ങളാണ് പുതിയ ബില്‍ നല്‍കുന്നതെന്നു പറയുന്നുണ്ടെങ്കിലും വിത്തു മുതല്‍ വിപണിവരെ കൈകാര്യം ചെയ്യാനുള്ള അവകാശം കുത്തകക്കാര്‍ക്കായിരിക്കും. ഗുണമേന്മയെന്നു പറഞ്ഞ് വന്‍കിട കമ്പനികള്‍ നിശ്ചയിക്കുന്ന വില മാത്രമേ കര്‍ഷകനു ലഭിക്കുകയുള്ളൂ. കേരളം ഇതുവരെ എതിര്‍ത്ത ജനിതകമാറ്റം വരുത്തിയ വിളകള്‍പോലും ഒടുവില്‍ നമുക്കിവിടെ കൃഷി ചെയ്യേണ്ടിവരും. ശേഷം ഭക്ഷ്യോല്‍പന്ന വില നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശാധികാരങ്ങള്‍ക്കു മേലും കത്തിവീഴും.
രാപകല്‍ കഷ്ടപ്പെട്ട് വിളയിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍ സൃഷ്ടിക്കുന്ന കര്‍ഷക ആത്മഹത്യകള്‍ വര്‍ഷംതോറും പെരുകിവരികയാണ്. പഞ്ചാബില്‍ തന്നെ സമരത്തില്‍ പങ്കെടുത്ത രണ്ടാമതൊരു കര്‍ഷകന്‍ കൂടി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തു. ഈയിടെ പുറത്തുവന്ന കണക്കുപ്രകാരം, ഓരോ ലക്ഷം കര്‍ഷകരിലും 13 പേര്‍ വര്‍ഷംതോറും ജീവന്‍ സ്വയം അവസാനിപ്പിക്കുകയാണ്. മണ്ഡി എന്ന പേരില്‍ അറിയപ്പെടുന്ന പരമ്പരാഗത ഗ്രാമച്ചന്തയെ പോലും തകര്‍ക്കുന്ന ബില്ലുകളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ നിര്‍ണായകത്വമുള്ള ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, അവിടെയും ഏതവസരത്തിലും സമരം വ്യാപിച്ചേക്കാം എന്നതാണു നിലവിലെ അവസ്ഥ.
എ.പി.എം.ഡി ആക്ട് എന്നറിയപ്പെടുന്ന 17 വര്‍ഷം പഴക്കമുള്ള കാര്‍ഷികോല്‍പന്ന കമ്പോള നിയമത്തിലെ വ്യവസ്ഥകളാണ് പുതിയ ബില്ലോടെ ഭേദഗതി ചെയ്യുന്നത്. കാര്‍ഷിക രംഗത്തിന്റെ ഉന്നമനവും കര്‍ഷകരുടെ അഭിവൃദ്ധിയും ലക്ഷ്യമാക്കിയുള്ളതാണ് ബില്ലുകളെന്നു പ്രധാനമന്ത്രി പറയുന്നുണ്ടെന്നത് ശരിതന്നെ. ഒരു രാജ്യം ഒരു കാര്‍ഷിക വിപണി എന്ന മുദ്രാവാക്യവും അദ്ദേഹം പുറത്തുവിടുകയും ചെയ്യുന്നു. എന്തു തന്നെയായാലും കാര്‍ഷികവൃത്തിയെ ആശ്രയിച്ചു കഴിയുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധത്തിന്റെ വഴിയിലേക്കു വരുമെന്നു തീര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."