ഇംഗ്ലണ്ടില്‍ ഇന്ന് കിരീടപ്പോര്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കിരീടപ്പോരാട്ടം. ഇന്ന് രാത്രി 7.30 ന് നടക്കുന്ന മത്സരങ്ങള്‍ സമാപിച്ചാല്‍ ആരാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തുന്നതെന്നറിയാം. 95 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി, 94 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ എന്നിവര്‍ തമ്മിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി പട്ടികയില്‍ 17-ാം സ്ഥാനത്തുള്ള ബ്രൈറ്റണെയാണ് നേരിടുന്നത്. ഈ മത്സരത്തില്‍ സിറ്റി വിജയിക്കുകയാണെങ്കില്‍ പ്രീമിയര്‍ ലീഗ് കിരീടം സിറ്റിക്ക് നിലനിര്‍ത്താം. സമനിലയിലാവുകയും ലിവര്‍പൂള്‍ ജയിക്കുകയും ചെയ്താല്‍ സിറ്റിക്ക് കിരീടം നഷ്ടമാകും.
കഴിഞ്ഞ സീസണില്‍ 100 പോയിന്റ് സ്വന്തമാക്കിയായിരുന്നു സിറ്റിയുടെ കിരീട നേട്ടം. പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ശക്തരായ എതിരാളികളായ വോള്‍വ്‌സുമായിട്ടാണ് ലിവര്‍പൂളിന്റെ മത്സരം. ലിവര്‍പൂള്‍ ജയിക്കുകയും സിറ്റി തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ മാത്രമേ ക്ലോപ്പിനും സംഘത്തിനും കിരീടം നേടാനാകൂ. ആദ്യ നാലിലുള്‍പ്പെടാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പതിനെട്ടടവും പയറ്റിയെങ്കിലും സീസണില്‍ ആദ്യ നാലിലെത്താകാതെ യുനൈറ്റഡിന് സീസണ്‍ അവസാനിപ്പിക്കേണ്ടി വരും. നിലവില്‍ ചെല്‍സിയും ടോട്ടനവുമാണ് മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്നത്. സിറ്റിക്ക് ഏറ്റവും സമ്മര്‍ദമുണ്ടായിരുന്നു കഴിഞ്ഞ ആഴ്ച നടന്ന ലെസ്റ്ററുമായി നടന്ന മത്സരം.
എന്നാല്‍ ഇതില്‍ നായകന്‍ കൊംപനിയുടെ ഗോളില്‍ സിറ്റി ജയം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലിവര്‍പൂള്‍ ശക്തമായ തിരിച്ച് വരവ് നടത്തിയാണ് പുതിയ സീസണില്‍ സിറ്റിക്കൊപ്പം കിരീടപ്പോരാട്ടത്തില്‍ പങ്ക് ചേര്‍ന്നത്. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും ശക്തമായ ടീമായി മാറിയ ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗിലും കിരീടം തേടിയുള്ള കാത്തിരിപ്പിലാണ്. അടുത്ത മാസം ടോട്ടനവുമായിട്ടാണ് ലിവര്‍പൂളിന്റെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ അരങ്ങേറുന്നത്. സീസണ്‍ പകുതിയായപ്പോള്‍ ഏഴ് പോയിന്റിന്റെ വ്യത്യാസത്തില്‍ ലിവര്‍പൂളായിരുന്നു മുന്നില്‍. എന്നാല്‍ ഒരു തോല്‍വിയും സമനിലയും കാരണമായിരുന്നു സിറ്റിയെ മുന്നിലെത്തിച്ചത്. സീസണ്‍ അവസാനമായപ്പോഴേക്കും ഇരു ടീമുകളും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.
സലാഹ് ഇന്ന് കളിക്കും
പ്രീമിയര്‍ ലീഗിലെ കിരീടപ്പോരിന് ഇറങ്ങുന്ന ലിവര്‍പൂള്‍ നിരയില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഇന്ന് കളിക്കും. പരുക്ക് കാരണം ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ര@ണ്ടാം പാദത്തില്‍ ബാഴ്‌സലോണയ്ക്ക് എതിരേ സലാഹ് കളിച്ചിരുന്നില്ല. ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആയിരുന്നു സലാഹിന് പരുക്കേറ്റത്. ന്യൂകാസില്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച സലാഹിന്റെ തലയ്ക്കായിരുന്നു പരുക്കേറ്റത്.
നിലവില്‍ പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ ആയ സലാഹ് അവസാന ദിവസം ഗോള്‍ഡന്‍ ബൂട്ടും പ്രീമിയര്‍ ലീഗ് കിരീടവും സ്വന്തമാക്കുമെന്ന് പരിശീലകന്‍ ക്ലോപ്പ് പറഞ്ഞു. ലിവര്‍പൂളിന്റെ ഏറ്റവും ശക്തമായ മത്സരമാണ് ഇന്ന് നടക്കുക. അതിനായി ടീം ഒരുങ്ങിക്കഴിഞ്ഞെന്നും ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."