യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകള്‍ വകവയ്ക്കാത്ത യാത്രക്കാര്‍ക്കെതിരേ കര്‍ശന നടപടിയുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്). ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുക, ചാടിക്കയറുക, ചവിട്ടുപടിയില്‍ ഇരുന്നും നിന്നും യാത്രചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്ന യാത്രക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.
നിയമലംഘനം കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്വാഡ് പരിശോധനക്കായി ഇറങ്ങും. യാത്രക്കാരുടെ ഇത്തരം അശ്രദ്ധകള്‍ കാരണം അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
വാതില്‍പ്പടിയില്‍ ഇരുന്നോ നിന്നോ യാത്രചെയ്യുന്നതിനിടെ വാതില്‍ വന്നിടിച്ച് നിരവധി പേരാണ് അപകടത്തില്‍പ്പെടുന്നത്. സാധാരണ ബോഗികളിലെ വാതിലിന് 80 കി.ഗ്രാമും എല്‍.എച്ച്.ബി കോച്ചുകളിലെ വാതിലുകള്‍ക്ക് 65 കി.ഗ്രാമുമാണ് ഭാരം. ഇത്രയും കാറ്റില്‍ വന്നിടിക്കുമ്പോള്‍ ചവിട്ടുപടിയില്‍ യാത്രചെയ്യുന്നയാള്‍ പുറത്തേക്ക് തെറിച്ചുപോവും. ഇത്തരം സംഭവങ്ങളില്‍ മരണസംഖ്യയേക്കാള്‍ ഇരട്ടിയിലധികമാണ് പരുക്കേറ്റവരുടെ എണ്ണമെന്ന് ആര്‍.പി.എഫ് പറയുന്നു.
ട്രെയിനിന്റെ ചവിട്ടുപടിയില്‍ നിന്നോ ഇരുന്നോ യാത്ര ചെയ്യുന്നത് 500 രൂപ പിഴയും മൂന്നുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന ബോധവല്‍ക്കരണവും ആര്‍.പി.എഫ് നല്‍കുന്നുണ്ട്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ അതാത് സെക്ഷനുകളില്‍ നിന്നുള്ള പ്രത്യേക ആര്‍.പി.എഫ് സംഘമാണ് പരിശോധനക്കിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."