ഇന്റര്‍സോണ്‍ കലോത്സവം; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
കോഴിക്കോട്: എട്ട് മുതല്‍ 12 വരെ നടക്കുന്ന കലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ഇന്റര്‍ സോണ്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്റ്റേജ് മത്സങ്ങള്‍ സാഹിത്യകാരന്‍ ടി. പത്മനാഭനും സ്റ്റേജിതര മത്സരങ്ങള്‍ കെ.പി രാമനുണ്ണിയും ഉദ്ഘാടനം ചെയ്യും.
ഹല്ലാ ബോല്‍ എന്ന പേരില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും ഐഎച്ച്.ആര്‍.ഡി കോളേജിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ലക്ഷദ്വീപ് എന്നീ ആറ് സോണലുകളില്‍ നിന്നായി മൂവായിരത്തിലധികം മത്സരാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. 68 ഇനങ്ങളിലായി 102 മത്സരങ്ങളുണ്ട്. ഓഫ് സ്‌റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം എട്ടിന് രാവിലെ പത്തിനും സ്‌റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം പത്തിന് വൈകിട്ടും നിര്‍വഹിക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലാണ് കലോത്സവ നഗരി. എട്ട് വേദികളിലായാണ് മത്സരം അരങ്ങേറുക. കോഴിക്കോട്ടെ സ്ഥലങ്ങളുടെ പേരുകളാണ് കലോത്സവ വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.
മിഠായിത്തെരുവ്, മാനാഞ്ചിറ, വലിയങ്ങാടി, പാളയം, കല്ലായ്, ബേപ്പൂര്‍, കാപ്പാട്, കോഴിക്കോട് കടപ്പുറം എന്നിവയാണ് വേദികളുടെ പേരുകള്‍.
അഞ്ച് പ്രധാനവേദികളില്‍ മൂന്നെണ്ണം ക്രിസ്ത്യന്‍ കോളജിലാണ്. രണ്ടെണ്ണം ഐഎച്ച്ആര്‍ഡിയിലും. ഐഎച്ച്ആര്‍ഡി കോളജിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് ഇന്റര്‍ സോണ്‍ കലോത്സവത്തിന് വേദിയാകുന്നത്. മത്സര ഫലങ്ങള്‍ കലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ വെബ്‌സെറ്റില്‍ ലഭ്യമാകും.
വാര്‍ത്താസമ്മേളനത്തില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ ശരത്പ്രസാദ്, സ്വാഗതസംഘം കണ്‍വീനര്‍ ലിന്റോ ജോസഫ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഡോ. എന്‍ എം സണ്ണി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എ കെ ബിജിത്ത്, യൂനിയന്‍ വൈസ് ചെയര്‍മാന്‍ അജയ്‌ലാല്‍, അജയ് ശശിധരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."