മുസമ്മിലിന്റെ യമണ്ടന്‍ എ പ്ലസ് കഥ
മലപ്പുറം: മുസമ്മില്‍ എന്നാല്‍ മൂടിപ്പുതച്ചു കിടക്കുന്നവന്‍ എന്നാണര്‍ഥം. എന്നാല്‍ വാഴക്കാട് കല്‍പള്ളിയിലെ ചങ്കരത്ത് അബ്ദുല്‍ റസാഖിന്റെയും ഷമീറയുടെയും മൂത്ത മകനായ മുസമ്മിലെന്ന 15കാരന് പുതച്ചുറങ്ങാന്‍ സമയമില്ല. അനിയന്മാരുടെ കാര്യം ശ്രദ്ധിക്കണം. അവര്‍ വഴക്കു കൂടാതെ നോക്കണം. വീട്ടിലെ കറന്റ് ബില്ല് അടയ്ക്കണം. ഇതിലൊക്കെ എന്തു പുതുമ എന്നു തോന്നുന്നുണ്ടെങ്കില്‍ മുസമ്മിലിന്റെ കൈകാലുകള്‍ ഒന്നു നോക്കിയാല്‍ മതി.
ജനിച്ചു വീണ പിഞ്ചുകുഞ്ഞിനെ പോലെ കിടന്ന കിടപ്പില്‍ നിന്ന് എണീക്കാനോ ഇരിക്കാനോ പോലുമാവാത്ത ഈ മിടുക്കന് ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ രണ്ട് കിടിലന്‍ എ പ്ലസ് കിട്ടിയിട്ടുണ്ടെന്നറിയുക. കൂടെ ഇംഗ്ലീഷിലും രസതന്ത്രത്തിലുമുള്‍പ്പെടെ മൂന്ന് എയും!
ജനിച്ചു കൈകാലിട്ടടിക്കുന്ന കുഞ്ഞിനെ പോലെ മലര്‍ന്നുകിടക്കുന്ന മുസമ്മിലിനെ കണ്ടാല്‍ പത്താം ക്ലാസ് പാസായ ഗമയൊന്നും തോന്നില്ല. രണ്ടരയടി മാത്രം വലുപ്പമുള്ള ഈ പയ്യന്‍സ് വാഴക്കാട് ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ്. കംപ്യൂട്ടറില്‍ സെര്‍ച്ച് ചെയ്യാനും ഈ മിടുക്കന് അറിയാം.
കാലുകൊണ്ട് മൗസ് പിടിച്ച് കൈ കൊണ്ട് കീ ബോര്‍ഡില്‍ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. ഇഷ്ട വിഷയം കംപ്യൂട്ടര്‍ സയന്‍സാണ്. പഠിച്ച് നല്ലൊരു കംപ്യൂട്ടര്‍ വിദഗ്ധനാവുകയാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ പ്രതീക്ഷ നിറയുന്നു. എ പ്ലസ് ലഭിച്ച ഒരു വിഷയം ഐ.ടിയാണ്.
മറ്റു വിഷയങ്ങള്‍ മറ്റൊരു കുട്ടിയുടെ സഹായത്തോടെ എഴുതിയ മുസമ്മിലിന് ഐ.ടിയില്‍ ആരുടെയും സഹായം വേണ്ടിവന്നില്ല. തന്റെ കുഞ്ഞു കാലുകള്‍കൊണ്ട് മൗസ് ചലിപ്പിച്ചാണ് അവന്‍ പത്തരമാറ്റുള്ള എ പ്ലസ് നേടിയെടുത്തത്.
അവന്റെ അക്കൗണ്ടിലെ കാശുകൊണ്ട് ഓണ്‍ലൈനായി വൈദ്യുതിബില്ലടച്ചത് താന്‍ പോലുമറിഞ്ഞില്ലെന്ന് പറയുമ്പോള്‍ ഉമ്മ ഷമീറയുടെ മുഖത്ത് ആത്മവിശ്വാസം.
ജന്മനാ ശാരീരിക വളര്‍ച്ചക്കുറവുള്ളതിനാല്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതിരിക്കുക സ്വാഭാവികം. അവിടെ പോയാലും ബെഞ്ചില്‍ ഇരിക്കാന്‍ പോലും അവനാവില്ലല്ലോ. പക്ഷേ സുഹൃത്തുക്കളും അധ്യാപകരും അവനെ കൈവിട്ടില്ല. അവര്‍ അവന്റെ കൈയും കാലുമായി മാറിയപ്പോള്‍ പഠനം മുറയ്ക്ക് നടന്നു. ക്ലാസ് അധ്യാപികയായ മുംതാസ് ടീച്ചര്‍, സുരേന്ദ്രന്‍ ചെത്തുകടവ്, മജീദ് കൂളിമാട്, കെ അശോകന്‍ തുടങ്ങിയ അധ്യാപകരും സഹപാഠികളും ഇടയ്ക്കിടെ വീട്ടില്‍ വന്ന് മുസമ്മിലിന്റെ പഠനത്തില്‍ സഹായിച്ചു.
അധ്യാപകരെ കൂടാതെ 12 വിദ്യാര്‍ഥികള്‍ കൂടി അടങ്ങുന്ന അക്കാദമിക് സമിതിയാണ് പഠനത്തിന് നേതൃത്വം കൊടുത്തത്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വി.കെ സതീഷ് ബാബുവും പി.ടി.എ കമ്മിറ്റി അംഗങ്ങളും വേണ്ട പിന്തുണയുമായി കൂടെയുണ്ട്. സ്‌കൂളില്‍ നടത്തിയ പ്രശ്‌നോത്തരി മല്‍സരങ്ങളിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കന്‍.
സ്‌കൂളില്‍ മുസമ്മിലുള്‍പ്പെടെ ശാരീരിക പ്രയാസങ്ങള്‍ നേരിടുന്ന 32 കുട്ടികളുണ്ടെന്ന് സുരേന്ദ്രന്‍ മാഷ് പറയുന്നു. പ്ലസ് ടുവിന് പഠിക്കാനുള്ള ഒരുക്കത്തിലാണ് മുസമ്മില്‍. എല്ലിന് തകരാറു വരുമോ എന്ന ആശങ്കയുള്ളതിനാല്‍ ഉമ്മയോ ഉപ്പയോ മാത്രമേ മകനെ എടുക്കൂ. ഈ കാരണം കൊണ്ടാണ് ചാരി പോലും ഇരിക്കാത്തതും എം.എല്‍.എ കൊടുത്ത കൊച്ചു വാഹനം ഉപയോഗിക്കാനാവാത്തതും.
ഇത്തവണ ജീവിതത്തിലാദ്യമായി നോമ്പുപിടിക്കുന്നതിന്റെ ത്രില്ലിലാണ് മുസമ്മില്‍. ഒറ്റ നിസ്‌കാരവും ഒഴിവാക്കാറുമില്ല. അറബിയിലും എ പ്ലസ് നേടിയിട്ടുള്ള അവന് ഖുര്‍ആന്‍ വായിക്കാനറിയാം.
സാധിക്കുമെങ്കില്‍ ഈ റമദാന്‍മാസം ഖത്തം ഓതി പൂര്‍ത്തിയാക്കാനും ആഗ്രഹമുണ്ട്. മദ്‌റസയില്‍ പോവാതെ തന്നെ ഖുര്‍ആന്‍ ഓതാന്‍ പഠിച്ചത് മതാധ്യാപകനായ ഉപ്പയുടെ കീഴിലാണ്. ഇക്കാക്കയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രണ്ട് അനിയന്മാരും കുഞ്ഞനിയത്തിയും സദാ കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."