ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം തള്ളുന്നു; ജനങ്ങള്‍ രോഗഭീഷണിയില്‍
പൂച്ചാക്കല്‍: ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം തള്ളുന്നത് ജനങ്ങളെ രോഗഭീതിയിലാക്കുന്നു. തൈക്കാട്ടുശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം രാത്രി ചൂരമന തോട്ടില്‍ പ്ലാസ്റ്റിക് കവറുകളിലും ചാക്കിലുമായാണ് മാലിന്യം തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലിസിലും പഞ്ചായത്തിലും പരാതി നല്‍കി.
തോട്ടില്‍ മാലിന്യം തള്ളുന്നത് പതിവായതിനാല്‍ ഒഴുക്ക് നിലച്ച് വെള്ളം കെട്ടിക്കിടന്ന് ദുര്‍ഗന്ധവും കൊതുക് ശല്യവും രൂക്ഷമായി. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ രോഗ ഭീതിയിലാണ് കഴിയുന്നത്. തോട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം തെരുവ് നായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചു. സമീപത്തെ റോഡിലൂടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് തെരുവ് നായ്ക്കളുടെ ആക്രമണം പല തവണ നേരിടേണ്ടി വന്നിട്ടുണ്ട്.
പക്ഷികളും മറ്റും അറവുമാലിന്യങ്ങള്‍ തൊട്ടടുത്ത വീടുകളിലെ കിണറുകളിലും ജലസ്രോതസുകളിലും കൊണ്ടിടുന്നതുമൂലം ശുദ്ധജലവും ഉപയോഗശൂന്യമായി. രാത്രി സമയങ്ങളിലാണ് ചെറുവാഹനങ്ങളില്‍ മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. തോടിനു സമീപത്തുള്ള ചുടുകാട്ടുപുറം ചൂരമന റോഡില്‍ നിരവധി തെരുവുവിളക്കുകള്‍ ഉണ്ടൈങ്കിലും ഇവ ഒന്നും തന്നെ പ്രകാശിക്കാറില്ല. മാലിന്യ നിക്ഷേപിക്കുന്നതിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികാരികള്‍ അറിയിച്ചിരുന്നു.
എന്നാല്‍ മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അതിനും യാതൊരു നടപടിയുമുണ്ടായില്ല. വര്‍ഷത്തിലൊരിക്കല്‍ ശുചിത്വ ദിനാചരണം കൊണ്ടോ ബോധവല്‍ക്കരണം കൊണ്ടോ പരിഹരിക്കാവുന്നതല്ല മാലിന്യക്കൂമ്പാരങ്ങളും അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും.
പഞ്ചായത്ത് അധികൃതര്‍ എവിടെയൊക്കെ മാലിന്യം നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടോ അവിടെയെല്ലാം ഇപ്പോള്‍ മാലിന്യ തള്ളുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അടിയന്തിരമായി മാലിന്യം നീക്കം ചെയ്യുന്നതിനും ക്യാമറകള്‍ സ്ഥാപിക്കുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."