ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ഗോകുലം ഫൈനലില്‍
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ഗോകുലം ഫൈനലില്‍. ഇന്നലെ നടന്ന സെമി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഗോകുലത്തിന്റെ ജയം. ഫൈനലില്‍ ഗോകുലം ഇന്ത്യന്‍ നേവിയെ നേരിടും. ഫൈനലിലും ജയം ആവര്‍ത്തിക്കാനായാല്‍ ഗോകുലത്തിന് കെ.പി.എല്‍ കിരീടം നിലനിര്‍ത്താം. ബ്ലാസ്റ്റേഴ്സ്-ഗോകുലം മത്സരം കാണാന്‍ നിരവധി കാണികളാണ് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തിലുടനീളം ആര്‍പ്പുവിളികളുമായി ഗാലറി താരങ്ങളെ പിന്തുണച്ചു.
ഐ.എസ്.എല്‍- ഐ ലീഗ് താരങ്ങള്‍ ഇരുടീമിലും അണിനിരന്നിട്ടും മികച്ച ഗോള്‍ അവസരങ്ങള്‍ പോലും സൃഷ്ടിക്കപ്പെട്ടില്ല. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളുകളൊന്നും നേടിയില്ല. ഗോകുലം മുന്നേറ്റനിരയിലുണ്ടായിരുന്ന ക്രിസ്റ്റ്യന്‍ സബ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നെങ്കിലും ഗോളൊന്നും നേടാനായില്ല. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്റ്റൊയാനോവിച് ഇറങ്ങിയപ്പോള്‍ ഗോകുലത്തിനായി സബായും അര്ജുന് ജയരാജും കളത്തിലിറങ്ങി.
അര്ജുന് ജയരാജ് സബ് ആയി എത്തിയ ശേഷം അവസാന നിമിഷങ്ങളില്‍ ഗോകുലം മത്സരത്തില്‍ നേരിയ ആധിപത്യം നേടി. ബ്ലാസ്റ്റേഴ്സ് ഡിഫന്‍സിനെ അവസാന നിമിഷങ്ങളില്‍ സമ്മര്‍ദത്തിലാക്കാനും ഗോകുലത്തിനായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിനായിരുന്നു ഗോകുലത്തിന്റെ ജയം. ഷൂട്ടൗട്ടിലെ ആദ്യ കിക്ക് തന്നെ ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും ജയിച്ചാണ് ഗോകുലം സെമിയില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."