ഗതാഗത കുരുക്കിന് പരിഹാരം മുഖം മിനുക്കി പെരുമ്പ
പയ്യന്നൂര്‍: ദേശീയപാത കടന്നുപോകുന്ന പെരുമ്പയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമായി വീതികൂട്ടല്‍ പ്രവൃത്തി അവസാന ഘട്ടത്തിലെത്തി. ഡിവൈഡര്‍ സ്ഥാപിച്ചും ബസ്ബേ നവീകരിച്ചുമാണ് ഏമ്പേറ്റ് മുതല്‍ കാലിക്കടവ് വരെ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പെരുമ്പയിലും പ്രവൃത്തി നടത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ റോഡ് സുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി 6.6 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് വികസനം.
നേരത്തെ പെരുമ്പയില്‍ നഗരസഭ നിര്‍മിച്ച ബസ്ബേ കൃത്യമായ പുനര്‍നിര്‍മാണം നടത്താത്തതിനാല്‍ തകര്‍ന്നിരുന്നു. ഇപ്പോള്‍ നവീകരണത്തിന്റെ ഭാഗമായി ബസ്ബേക്കും ദേശീയപാതക്കും ഇടയിലെ മരങ്ങള്‍ മുറിച്ച് നീക്കിയും പൊലിസ് എയ്ഡ്പോസ്റ്റ് മാറ്റിയും ടാര്‍ചെയ്തു. പെരുമ്പ ബൈപാസ് ജങ്ഷന് മുതല്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസ് പരിസരം വരെ ദേശീയപാതയില്‍ ഡിവൈഡര്‍ സ്ഥാപിച്ചിട്ടുമുണ്ട്. ഇതോടെ ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നത് കാരണം അനുഭവപ്പെടുന്ന ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. കെ.എസ്.ആര്.ടി.സി സ്റ്റാന്റില്‍ നിന്നു ബസുകളും കാനായി റോഡില്‍ നിന്നു ബസുള്‍പ്പടെയുള്ള വാഹനങ്ങളും ദേശീയപാതയിലേക്ക് കയറുന്നതും ഇറങ്ങുന്നതുമാണ് പെരുമ്പയിലെ പ്രധാന ഗതാഗതകുരുക്കിന് കാരണം. പുതിയ സംവിധാനത്തില്‍ റോഡിന് വീതി വര്‍ധിച്ചത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."