ആദിവാസികള്‍ കുടിയിറക്കപ്പെടുമ്പോള്‍
കേന്ദ്രസര്‍ക്കാരിന്റെ നിശബ്ദാനുമതിയോടെ വന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഇന്ത്യയിലെ 60 ലക്ഷത്തോളം ആദിവാസികള്‍ ജനിച്ചമണ്ണില്‍നിന്ന് കുടിയിറക്കപ്പെടാന്‍ പോവുകയാണ്. 2006ല്‍ പാര്‍ലമെന്റ് പാസാക്കിയ ആദിവാസി വനാവകാശ നിയമത്തിന്റെ സാധുത റദ്ദാക്കുന്നതിന്റെ ഭാഗമായാണ് ഈ വിധി.
വൈദേശികശക്തികള്‍ ഇന്ത്യയില്‍ മേധാവിത്വം സ്ഥാപിച്ചതോടെ വനത്തിന്മേലുള്ള കുത്തകാവകാശം കൊളോണിയല്‍ ശക്തികള്‍ക്കും ഉദ്യോഗസ്ഥമേധാവിത്വത്തിനും നല്‍കുന്ന തരത്തിലാണ് ഇന്ത്യയില്‍ വനനിയമങ്ങളുണ്ടാക്കിയത്. വനം വില്‍പ്പനച്ചരക്കാക്കി ടാറ്റ- ഹാരിസണ്‍ തുടങ്ങിയ വന്‍കിട തോട്ടങ്ങള്‍ സ്ഥാപിച്ചു. വനം സംരക്ഷിച്ചവരും വനത്തെ ആശ്രയിച്ചുജീവിച്ചവരുമായ ആദിവാസികള്‍ കുടിയിറക്കപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയിലും ഇതുതന്നെ തുടര്‍ന്നു. വികസനത്തിന്റെയും വൈദ്യുതിപദ്ധതികളുടെയും പേരില്‍ ലക്ഷക്കണക്കിന് ആദിവാസികള്‍ കുടിയിറക്കപ്പെട്ടു. സുപ്രിംകോടതിയും ആദിവാസികളെ കൈയേറ്റക്കാരായി കണക്കിലെടുത്തതോടെയാണ് 2006ല്‍ പാര്‍ലമെന്റ് ആദിവാസികളുടെ വനാവകാശനിയമം പാസാക്കിയത്. അതോടെ ആദിവാസി ഗ്രാമസഭകള്‍ക്കു നിയമപരവും ഭരണനിര്‍വഹണപരവുമായ അധികാരം ലഭിച്ചു. അംഗീകരിക്കപ്പെട്ടു. വനാവകാശം അംഗീകരിക്കുന്ന നടപടികളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ അധികാരമില്ല.
അതാണിപ്പോള്‍ അട്ടിമറിക്കപ്പെടുന്നത്. 25 ലക്ഷം കുടുംബങ്ങളിലെ 60 ലക്ഷം ആദിവാസികള്‍ കുടിയിറക്കപ്പെടും. ആദിവാസിജനതയുടെ ഐക്യം ശിഥിലമാകും. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവും സമത്വാവകാശവും റദ്ദാക്കുന്ന തരത്തിലുള്ള നിയമനിര്‍മാണങ്ങളും നയങ്ങളും ഇന്ത്യയില്‍ പ്രാബല്യം നേടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്താകെ ദലിത് വിഭാഗങ്ങള്‍ക്കെതിരേ അതിക്രമം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമുണ്ടായിട്ടും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം പരമോന്നത നീതിപീഠം റദ്ദാക്കുന്ന സാഹചര്യമുണ്ടായി. ശക്തമായ ജനരോഷത്തെ തുടര്‍ന്നാണു കേന്ദ്രസര്‍ക്കാര്‍ ഇതു പുനഃസ്ഥാപിച്ചത്.
മുസ്‌ലിംകളും ദലിതരും രാജ്യത്തുടനീളം വേട്ടയാടപ്പെടുകയാണ്. കോര്‍പ്പറേറ്റ് രാജ് രാജ്യം കീഴടക്കുന്നു. സ്വകാര്യവല്‍ക്കരണം ശക്തമാകുന്നു. തൊഴിലില്ലായ്മ പെരുകുന്നു. സാമ്പത്തികസംവരണത്തിലൂടെ സാമുദായികസംവരണവും സമത്വാവകാശവും അട്ടിമറിക്കാനാണു സംഘ്പരിവാര്‍ ശ്രമിക്കുന്നത്.
ബ്രിട്ടീഷ് അധിനിവേശം മുതല്‍ വനത്തിന്മേലുള്ള അവകാശം അധീശശക്തികള്‍ക്കു തിരിച്ചുകിട്ടാനാണ് ആദിവാസികളെ വനത്തില്‍നിന്ന് ആട്ടിയോടിക്കുന്നത്. കോളനിവാഴ്ചക്കാലത്ത് കാട്ടിലെ തടികളും വിലപ്പെട്ട സുഗന്ധദ്രവ്യങ്ങളും കൊള്ളചെയ്യാനുള്ള സൗകര്യത്തിനാണ് ഇംപീരിയലിസ്റ്റ് ഫോറസ്റ്റ് റൂള്‍ എന്ന നിയമം കൊണ്ടുവന്ന് ആദിവാസികളുടെ അധികാരം തട്ടിയെടുത്തത്. അന്നു തുടങ്ങിയതാണ് ആദിവാസി സമൂഹത്തിന്റെ കഷ്ടകാലം.
ഇന്ത്യയിലെമ്പാടും ഇതാണവസ്ഥ. അക്കാലത്തുതന്നെ അതിനെതിരേ പോരാട്ടമുണ്ടായിരുന്നു. വയനാട്ടിലെ കുറിച്യ കലാപം അതിലൊന്നാണ്. വയനാട് സബ്കലക്ടറായിരുന്ന ജനറല്‍ വാര്‍ഡന്‍ 1806ല്‍ വയനാട്ടില്‍ നികുതി ഏര്‍പ്പെടുത്തിയതോടെ ആദിവാസി ജനതയുടെ കൃഷിയവകാശം നഷ്ടപ്പെട്ടു. ഇതൊക്കെ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിന് ആദിവാസി ജനതയെ പ്രേരിപ്പിച്ചു. ജന്മനാട് സ്വാതന്ത്ര്യം നേടുന്നതോടെ തങ്ങളുടെ ജീവിതദുരിതങ്ങള്‍ക്കും അറുതിയുണ്ടാകുമെന്ന് അവര്‍ വ്യാമോഹിച്ചു.
എന്നാല്‍, സ്വതന്ത്രഭാരതത്തില്‍ കൂടുതല്‍ ഭീകരമായ പീഡനങ്ങളാണ് അവര്‍ക്കു നേരിടേണ്ടി വന്നത്. വനത്തിലും വനവിഭവങ്ങളിലും അവര്‍ക്കുണ്ടായിരുന്ന അവകാശം തിരിച്ചുകിട്ടിയില്ലെന്നു മാത്രമല്ല, കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടുവന്ന് ഈ ജനതയുടെ അതിജീവനം തന്നെ അസാധ്യമാക്കുകയാണു ചെയ്തത്. വന്‍കിട ഡാമുകളും റിസോര്‍ട്ടുകളും വ്യവസായങ്ങളും മറ്റും അവരില്‍ ബഹുഭൂരിപക്ഷത്തെയും അവരുടെ അധികാരപ്രദേശങ്ങളില്‍നിന്ന് ആട്ടിയോടിച്ചു. ഇവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയുടെ വിശാലഭൂപ്രദേശങ്ങളില്‍ അഭയാര്‍ഥികളെപ്പോലെ അലയുകയാണ്.
ഇതിനിടയിലാണ് 23 ലക്ഷം ആദിവാസികുടുംബങ്ങളെക്കൂടി വനാവകാശനിയമത്തിന്റെ മറവില്‍ വനത്തില്‍നിന്നു പുറത്താക്കാന്‍ സുപ്രിംകോടതി വിധിപ്രഖ്യാപനം നടത്തിയിരിക്കുന്നു. 16 സംസ്ഥാനങ്ങളിലെ ആദിവാസി കുടുംബങ്ങളെ ഇതു ബാധിക്കും. ഇവരിലേറെയും മധ്യപ്രദേശിലാണ്. ഏറ്റവും കുറവ് കേരളത്തിലും. കേരളത്തില്‍ 894 ആദിവാസി കുടുംബങ്ങള്‍ കുടിയിറക്കപ്പെടും.
സ്വാതന്ത്ര്യത്തിന്റെ 71 ാം വര്‍ഷം പിന്നിടുമ്പോഴും രാജ്യം പുത്തന്‍ കൊളോണിയല്‍ വാഴ്ചയുടെ പിടിയില്‍തന്നെയാണെന്ന് ഇത്തരം സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. 1970 ലെ കേരള ഭൂപരിഷ്‌ക്കരണ ബില്ലും 1975 ലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കല്‍ നിയമവും 2006 ലെ വനാവകാശനിയമവും മറ്റും ഭൂരഹിതര്‍ക്ക് അനുകൂലമായി വന്നെങ്കിലും സംഘടിത സവര്‍ണ സാമുദായിക ശക്തികളുടെ പിന്തുണയോടെ അതെല്ലാം റദ്ദുചെയ്യുകയോ അസ്ഥിരപ്പെടുത്തുകയോ ആണുണ്ടായത്. അതേസമയം, കേരളത്തിലെ ഏറ്റവും വലിയ ഭൂമാഫിയയായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ 76,000 ഏക്കര്‍ ഭൂമിയില്‍ വിളയുന്ന റബറും തേയിലയും വിറ്റുകിട്ടുന്ന 1000 കോടിയിലേറെ രൂപ ഇപ്പോഴും പ്രതിവര്‍ഷം ലണ്ടനിലേയ്ക്ക് ഒഴുക്കുകയാണ്.
ഹാരിസണ്‍ പ്ലാന്റേഷന്‍ 76,000 ഏക്കര്‍, ടാറ്റ പ്ലാന്റേഷന്‍ 50,000 ഏക്കര്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 6093.50 ഏക്കര്‍, ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് 90050.60 ഏക്കര്‍ തേയില, കാപ്പി, റബര്‍, ഏലം തോട്ടങ്ങളുമായി ബന്ധപ്പെട്ട് അനധികൃതമായി മറ്റുള്ളവര്‍ കൈവശപ്പെടുത്തിയിട്ടുള്ളത് 15,67914 ഏക്കര്‍ ഭൂമിയാണ്. ഇതൊന്നും സര്‍ക്കാരോ കോടതികളോ ഒഴിപ്പിച്ചെടുക്കാന്‍ തയാറല്ല.
മുത്തങ്ങയും ചെങ്ങറയും അരിപ്പയും ഭൂരഹിതരായ ദരിദ്രരുടെ വേലിയേറ്റങ്ങളാണ്. ഇന്നു ദലിതരില്‍ 55 ശതമാനം 26,198 കോളനികളിലും ആദിവാസികളില്‍ 92.36 ശതമാനം കുടുംബങ്ങളും 4645 ഗിരിജന്‍കോളനികളിലും ജീവിക്കുന്നു. മത്സ്യത്തൊഴിലാളികളില്‍ 9.25 ശതമാനംപേര്‍ക്കും ഒരു സെന്റില്‍ താഴെ മാത്രമേ ഭൂമിയുള്ളൂ. കേരളത്തിലെ 66.43 ശതമാനം പേര്‍ക്കും അഞ്ചു സെന്റില്‍ താഴെ മാത്രമാണു ഭൂമിയുള്ളത്.
കൃഷിഭൂമിയുടെ 60 ശതമാനം വരുന്ന തോട്ടം ഭൂമിയെ ഭൂപരിഷ്‌ക്കരണത്തില്‍ നിന്നൊഴിവാക്കിയതും കുട്ടനാട് പോലുള്ള നെല്‍വയലുകള്‍ മാറ്റിനിര്‍ത്തിയതും ആരെ സഹായിക്കാനായിരുന്നു. ഭൂപരിഷ്‌ക്കരണത്തിന്റെ കേരളീയാനുഭവം ഭൂരഹിതരായിരുന്ന ദലിദ്, ആദിവാസി, പാര്‍ശ്വവത്കൃത സാമൂഹിക വിഭാഗങ്ങള്‍ക്കു കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചില്ലെന്നതാണ്. അവരിപ്പോഴും ഭൂമിക്കുവേണ്ടിയുള്ള സമരത്തിലാണ്. സമരക്കാരെ സര്‍ക്കാര്‍ ചതിക്കുകയാണ്. മുത്തങ്ങ സമരത്തെ ചോരയില്‍ മുക്കിക്കൊന്നു. ചെങ്ങറസമരത്തെ വാഗ്ദാനങ്ങളിലൂടെ നക്കിക്കൊന്നു. കല്‍പ്പറ്റ കലക്ടറേറ്റിനുസമീപത്തു സമരത്തിലേര്‍പ്പെട്ട ആദിവാസികളോടു ചര്‍ച്ച ചെയ്യാന്‍പോലും സര്‍ക്കാര്‍ തയാറല്ല.
ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ തന്നെ ജനങ്ങളില്‍നിന്ന് ബലംപ്രയോഗിച്ച് ഭൂമി പിടിച്ചെടുത്ത് നല്‍കുകയാണ്. എക്‌സ്പ്രസ് ഹൈവേ, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, സ്മാര്‍ട്ട് സിറ്റി, അതിവേഗ റെയില്‍പാത, പ്രത്യേക സാമ്പത്തിക മേഖലകള്‍, കിനാലൂര്‍ എസ്റ്റേറ്റ്, ഗെയില്‍വാതക പൈപ്പ്‌ലൈന്‍, എമര്‍ജിങ് കേരള എന്നിവയടക്കം അവസാനമില്ലാതെ നീളുകയാണ്.
നിയമം കൊണ്ട് പരിഹാരമല്ലാത്ത കാര്യങ്ങളെ നീതിനിഷേധത്തിലൂടെ പരിഹരിക്കാമെന്നത് വ്യാമോഹം മാത്രമാണ്. എല്ലാം നിയമ വ്യവസ്ഥക്കുകീഴില്‍ പരിമിതപ്പെടുകയും ചുരുക്കുകയും ചെയ്യുന്നതിലൂടെ കീഴ്‌പെടുത്തലാണ് ഭരണകൂട ലക്ഷ്യം. ജനാധിപത്യ മനുഷ്യാവകാശ-വനാവകാശ-പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ നീണ്ടകാല സമരത്തിന്റെ ഫലമായാണ് സത്യാഗ്രഹസമരങ്ങളും സായുധ സമരങ്ങളും രൂപപ്പെടുത്തിയത്. ദലിതരെയും ആദിവാസികളെയും മുസ്‌ലിംകളെയും മാത്രമല്ല, കര്‍ഷകരെയും തൊഴിലാളികളെയും മാവോയിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയുംവരെ വെടിവച്ചു കൊല്ലുകയും തല്ലിക്കൊലകള്‍ക്ക് ഇരയാക്കുകയും നീതിനിഷേധിച്ചു ജയിലിലടയ്ക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍തന്നെ മൂന്നുകോടി മുസ്‌ലിംകള്‍ക്കും നാലുകോടി ദലിതര്‍ക്കും വോട്ടില്ലെന്നതും നാം അറിയണം. രാജ്യത്തെ മൊത്തം വോട്ടര്‍മാരില്‍ 15 ശതമാനവും മുസ്‌ലിം വോട്ടര്‍മാരില്‍ 25 ശതമാനവും വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താണെന്ന വസ്തുത അമ്പരപ്പിക്കുന്നതാണ്. ആകാശവും ഭൂമിയും കാടും കടലും ഈ മണ്ണിന്റെ മക്കളുടെയാണ്. ദലിതന്റെയും മുസ്‌ലിംകളുടെയും ആദിവാസിയുടെയും കര്‍ഷകന്റെയും തൊഴിലാളിയുടെയും ആത്മാവു കൂടിയാണ് ഈ ഭൂമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."