നിലച്ചു ആ നാദധാര; എസ്.പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു
ചെന്നൈ: കേട്ടാലും കേട്ടാലും മതിവരാത്ത പതിനായിരക്കണക്കിന് സമ്മാനിച്ച സംഗീത പ്രേമികളുടെ പ്രിയ ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു. ഏറെ നാളായി ചെന്നെയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74 വയസായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇദ്ദേഹത്തിന് കൊവിഡ് ഭേദമായെങ്കിലും കടുത്ത പ്രമേഹബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയായിരുന്നു. എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിക്ക് മുന്‍പ് വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40000ത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് എസ്.പി.ബിയുടെ പേരിലാണ്.
ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ എന്‍ ടി ആര്‍ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷന്‍ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ദേശീയ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിനാണ് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചത്.
മികച്ച ഗായകനുളള ദേശീയ അവാര്‍ഡുകള്‍
ശങ്കരാഭരണം (1979-തെലുങ്ക്)
ഏക് ദൂജേ കേലിയേ (1981-ഹിന്ദി)
സാഗര സംഗമം (1983-തെലുങ്ക്)
രുദ്രവീണ (1988-തെലുങ്ക്)
സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995-കന്നഡ)
മിന്‍സാര കനവ് (1996-തമിഴ്)
ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന സിനിമയില്‍ കെ.ജെ യേശുദാസിനൊപ്പം പാടിയ അയ്യാ സാമി എന്ന പാട്ടാണ് മലയാളത്തില്‍ അവസാനമായി പാടിയത്. ഗായകന് പുറമെ നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.
1946 ജൂണ്‍ 4ന് തെലുങ്ക് ബ്രാഹ്‌മണ കുടുംബത്തില്‍ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരില്‍ ജനിച്ചു. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്.
ചെറുപ്പം മുതല്‍ക്കു തന്നെ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന എസ് പി ബി സ്‌കൂള്‍ സംഗീതമത്സരങ്ങളിലും പങ്കെടുത്തിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിനായി ചെന്നൈ അനന്ത്പൂരിലെ ജെ എന്‍ ടി യു കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയ്ഡ് പിടിപെട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പഠനത്തിനിടയിലും സംഗീതപഠനം തുടര്‍ന്ന അദ്ദേഹം ഇളയരാജ അംഗമായിരുന്ന ലളിതസംഗീത ട്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തിയതോടെ സംഗീതലോകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് എം ജി ആര്‍, ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍, തുടങ്ങിയ മുന്‍നിരനായകന്മാര്‍ക്കുവേണ്ടി പാടി. കടല്‍പ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തില്‍ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തില്‍ ആദ്യമായി പാടിയത്.
1980ല്‍ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലന്നിരിക്കെ, കര്‍ണാടക സംഗീതവുമായി വളരെ അടുത്ത് നില്‍ക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് സംഗീതലോകത്തിനു തന്നെ വിസ്മയമായിരുന്നു. 'ശങ്കരാഭരണവും' ചിത്രത്തിലെ 'ശങ്കരാ' എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.
120 ഓളം മലയാളഗാനങ്ങള്‍ക്ക എസ്.പി.ബി ശബ്ദം നല്‍കിയിട്ടുണ്ട്. ഓ പ്രിയാ പ്രിയാ (ഗീതാഞ്ലി), താരാപഥം ചേതോഹരം (അനശ്വരം), ഊട്ടിപട്ടണം (കിലുക്കം), നെഞ്ചില്‍ കഞ്ചബാണം (ഗാന്ധര്‍വ്വം) കാക്കലാ കണ്ണമ്മാ (ഒരു യാത്രമൊഴി), തൈ ഒരു തെനവയല്‍ (ചന്ദ്രനുദിക്കുന്ന ദിക്കില്‍),മേരേ പ്യാര്‍കിയാ (സി.ഐ.ഡി മൂസ), പ്രതിഘടിന്‍സു (ശിക്കാര്‍) എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയമായ പാട്ടുകളില്‍ ചിലത്.
ഭാര്യ സാവിത്രി. മകന്‍ എസ് പി ബി ചരണ്‍ പ്രശസ്ത ഗായകനാണ്. പല്ലവി മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."