വെറുപ്പ് തോല്‍ക്കും; സ്‌നേഹം ജയിക്കും: രാഹുല്‍
ജനം എന്തു വിധിച്ചാലും അംഗീകരിക്കും
ന്യൂഡല്‍ഹി: വെറുപ്പല്ല, സ്‌നേഹമാണ് ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് സ്‌നേഹവും വെറുപ്പും തമ്മിലാണ്. വെറുപ്പാണ് മോദിയുടെ പ്രചാരണായുധം. ഞങ്ങള്‍ സ്‌നേഹമാണ് പ്രചരിപ്പിക്കുന്നത്. സ്‌നേഹം തന്നെയാണ് വിജയിക്കാന്‍ പോകുന്നത്- വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു. ന്യൂഡല്‍ഹി മണ്ഡലത്തിലെ വോട്ടറായ രാഹുല്‍ ഔറംഗസീബ് ലൈനിലെ എന്‍.പി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ്മാക്കനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.
തുഗ്ലക് ലൈനിലെ വീട്ടില്‍ നിന്ന് അജയ്മാക്കനൊപ്പം പോളിങ് ബൂത്ത് വരെ നടന്നെത്തുകയായിരുന്നു രാഹുല്‍. വോട്ട് ചെയ്ത ശേഷം പോളിങ് ബൂത്തിന് അല്‍പം അകലെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസും ബി.ജെ.പി പോലുള്ള എതിര്‍ പാര്‍ട്ടികളും തമ്മില്‍ മികച്ച പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ നടന്നത്. തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, നോട്ടു നിരോധനം, ജി.എസ്.ടി എന്നിങ്ങനെ നാലു വിഷയങ്ങളായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഉണ്ടായിരുന്നത്. അതോടൊപ്പം റാഫേലും അഴിമതിയും പ്രധാന വിഷയങ്ങളായി. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു അതെല്ലാം. ജനവിധി എന്തായിരുന്നാലും അത് അംഗീകരിക്കുമെന്നും- രാഹുല്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് ബി.ജെ.പി ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ലോധി എസ്റ്റേറ്റ് മേഖലയിലുള്ള സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തില്‍ റോബര്‍ട്ട് വാദ്രയ്‌ക്കൊപ്പമെത്തിയാണ് പ്രിയങ്ക വോട്ട് ചെയ്തത്. ബി.ജെ.പി സര്‍ക്കാര്‍ പുറത്തുപോവുകയാണെന്ന് വ്യക്തമാണ്. ജനങ്ങള്‍ രോഷാകുലരാണ്. അവര്‍ക്കിടയില്‍ കടുത്ത അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. മോദി യഥാര്‍ഥ പ്രശ്‌നങ്ങള്‍ സംസാരിക്കുന്നതിന് പകരം വിവാദ പ്രസ്താവനകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."