ഊരകത്ത് സുന്നീ വഖ്ഫ് ഭൂമിയില്‍ മുജാഹിദ് ആസ്ഥാന നിര്‍മാണം; നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്പ്പിച്ചു
വേങ്ങര: മരിച്ചുപോയവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യണമെന്ന വ്യവസ്ഥയില്‍ വഖ്ഫ് ചെയ്ത ഭൂമിയില്‍ മുജാഹിദ് വിഭാഗത്തിനു ആസ്ഥാന നിര്‍മാണ നീക്കം. വേങ്ങരക്കടുത്ത് ഊരകം കാരാത്തോടുള്ള വഖ്ഫ് ഭൂമിയിയാണ്, ഉദ്ദേശത്തിനു വിരുദ്ധമായി മുജാഹിദ് വിസ്ഡം വിഭാഗം കെട്ടിടം പണി തുടങ്ങിയത്്. സംഭവത്തിനെതിരേ നാട്ടുകാര്‍ രംഗത്ത് വന്നതോടെ, നിര്‍മാണ പ്രവൃത്തി അധികൃതര്‍ നിര്‍ത്തിവച്ചു.
ഊരകം കാരാത്തോട് ജുമാമസ്ജിദിന് സമീപത്തായി 1893ലാണ് 49 സെന്റ് ഭൂമി പ്രദേശത്തെ കുടുംബം വഖ്ഫായി രജിസ്റ്റര്‍ ചെയ്തത്. കുടുംബത്തിലെ മരിച്ചുപോയവര്‍ക്ക് വേണ്ടി എല്ലാ ദിവസവും ഒന്‍പത് ജുസുഅ് ഖുര്‍ആന്‍ പാരായണം ചെയ്യണമെന്ന ലക്ഷ്യത്തോടെയാണിത് വഖ്ഫ് ചെയ്തത്. അതേസമയം, ഇപ്പോഴത്തെ കൈവശക്കാരുമായി മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ജാമിഅ അല്‍ ഹിന്ദ്് ഭാരവാഹികള്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് സ്ഥലത്ത് നിര്‍മാണം തുടങ്ങിയത്. സംഘടനയുടെ ആദര്‍ശ ബ്രോഡ്കാസ്റ്റിങിനു വേണ്ടിയാണത്രെ പ്രവൃത്തി നടക്കുന്നത്. സ്‌കൂള്‍ നിര്‍മാണമാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇതിനായി ഗ്രാമ പഞ്ചായത്തില്‍ അനുമതിക്ക് അപേക്ഷ നല്‍കിയത്. പൂര്‍വികര്‍ ഖുര്‍ആന്‍ ഓതുന്നതിനു
വഖ്ഫ് ചെയ്ത ഭൂമി, മുജാഹിദ് സംഘടനക്കു ഏല്‍പിച്ച നടപടിക്കെതിരേ പരാതിയുമായി നാട്ടുകാര്‍ വഖ്ഫ് ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.
കെട്ടിടത്തിന്റെ ആദ്യനിലയുടെ കോണ്‍ക്രീറ്റ് ജോലികളാണ് നടന്നുവന്നത്. നിര്‍മാണം തടയണമെന്നാവശ്യപ്പെട്ടു രണ്ടുദിവസം മുന്‍പാണ് വഖ്ഫ് ബോര്‍ഡ് ഊരകം പഞ്ചായത്തിന് നോട്ടിസ് നല്‍കിയത്. തുടര്‍ന്നു പഞ്ചായത്ത് അധികൃതര്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, നിര്‍മാണം തുടര്‍ന്നതോടെ വ്യാഴാഴ്ച നാട്ടുകാര്‍ പഞ്ചായത്തില്‍ ഉപരോധവും നടത്തി.
വഖ്ഫ് ചെയ്ത പൂര്‍വീകരുടെ ഉദ്ദേശം നിറവേറ്റപ്പെടാത്ത വിധം മുജാഹിദ് വിഭാഗം ആശയപ്രചാരണത്തിനു വഖ്ഫ് ഭൂമി ദുരുപയോഗപ്പെടുത്തുന്നതിനെതിരേയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയത്. മലപ്പുറം എസ്.പിക്കും ഇതു സംബന്ധിച്ചു നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പൊലിസ് ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."