ജലജന്യരോഗങ്ങള്‍ക്കെതിരേ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം
തൃശൂര്‍: പ്രളയദുരന്തത്തിനുശേഷം ജില്ലയില്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണം 22 ആയി. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഭക്ഷണത്തിനുശേഷം പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളിക 200 മി. ഗ്രാം വീതം കഴിക്കണം.
ഏതു പനിയും എലിപ്പനിയാവാം. എലി മറ്റു വളര്‍ത്തുമൃഗങ്ങള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയാണ് പ്രധാനമായും എലിപ്പനി പകരുന്നത്. കടുത്ത പനി, ഛര്‍ദി, വയറിളകം, സന്ധിവേദന, കണ്ണിനു ചുറ്റും ചുവപ്പ്, മഞ്ഞ നിറം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
കൊക്കാലെ മെട്രോപൊളിറ്റന്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ 15 വരെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പനി-എലിപ്പനി ക്ലിനിക്ക് സംഘടിപ്പിക്കും. മറ്റു ജലജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം എന്നിവയ്‌ക്കെതിരേയും മുന്‍കരുതലുകളെടുക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാരപദാര്‍ഥങ്ങള്‍ അടച്ചുസൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക, കിണറുകളും കുടിവെള്ള സംഭരണികളും ക്ലോറിനേഷന്‍ നടത്തുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."