ഓര്‍മവീചികളില്‍ ഇനി ആ മാന്ത്രിക ശബ്ദം
ആ നാദം നിലച്ചുവെന്ന് ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഭാഷാതിര്‍ത്തികളില്ലാതെ എസ്.പി.ബിയുടെ കണ്ഠങ്ങളില്‍ നിന്ന് ഒഴുകിവന്നിരുന്ന ആ സംഗീതമാധുര്യം നുകരാത്തവര്‍ ഒരുപക്ഷേ ആരുമുണ്ടാകില്ല. തന്റെ അഞ്ചു പതിറ്റാണ്ടോളമായി നീണ്ട സംഗീതസപര്യയ്ക്കിടെ 40,000 ഓളം പാട്ടുകള്‍ പാടിയാണ് എസ്.പി.ബി വിടപറഞ്ഞിരിക്കുന്നത്. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ആ ഭാവഗായകന്റെ കണ്ഠം വിട്ടൊഴുകിയെത്തിയ ഗാനവീചികള്‍ അത്രമാത്രം അദ്ദേഹത്തിന് ആരാധകരെ സൃഷ്ടിച്ചു. ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ഡബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മാതാവ് അങ്ങനെ വിശേഷണങ്ങള്‍ ഏറെ നീളുന്ന ബഹുമുഖ പ്രതിഭയായ എസ്.പി ബാലസുബ്രഹ്മണ്യം എന്ന എസ്.പി.ബി വിടവാങ്ങുമ്പോള്‍ ഇന്ത്യന്‍ കലാരംഗത്ത് ബാക്കിയാകുന്നത് ഒരിക്കലും നികത്താനാവാത്ത വിടവാണ്. ശാസ്ത്രീയ സംഗീതം പഠിക്കാതെ, ഈണമിട്ടുകൊടുക്കാന്‍ ഗുരുവില്ലാതെ, കുടുംബത്തിന് അവകാശപ്പെടാനുള്ള സംഗീത പാരമ്പര്യവുമില്ലാതെ ആ മധുരശബ്ദം ആസ്വാദക ഹൃദയങ്ങള്‍ കീഴിടക്കിയത് അഞ്ചര പതിറ്റാണ്ടാണ്.
1966ല്‍ 'ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ' എന്ന ചിത്രത്തിലൂടെയാണ് എസ്.പി.ബി പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. അതിനുശേഷം 16ഓളം ഭാഷകളിലായി ഏറ്റവും കൂടുതല്‍ ചലച്ചിത്ര പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡും എസ്.പി.ബിയുടെ പേരിലായി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒഡിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയില്‍ നാടക അഭിനേതാവും ഹരികഥാ കലാകാരനുമായ എസ്.പി സംബമൂര്‍ത്തി-ശകുന്തളാമ്മ ദമ്പതികളുടെ മകനായി 1946 ജൂണ്‍ നാലിനായിരുന്നു ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി.ബിയുടെ ജന നം. മകനെ ഒരു എന്‍ജിനിയറാക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹം. ഇതിനായി അനന്തപൂരിലെ ജെ.എന്‍.ടി.യു എന്‍ജിനിയറിങ് കോളജില്‍ ചേര്‍ത്തു. എന്നാല്‍, അക്കാലത്ത് പിടിപെട്ട ടൈഫോയ്ഡ് എസ്.പി.ബിയുടെ പഠനം നിലയ്ക്കാന്‍ ഇടയാക്കി. പിതാവിന്റെ എന്‍ജിനിയറിങ് മോഹത്തിന് ചിറകുനല്‍കാന്‍ എസ്.പി.ബി പിന്നീട് ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍ പ്രവേശനം നേടി. ഇവിടെവച്ചാണ് എസ്.പി.ബിയുടെ ജീവിതത്തില്‍ സംഗീതം ഈണമിട്ടു തുടങ്ങുന്നത്. കോളജ് തലത്തില്‍ നടന്ന പല മത്സരങ്ങളിലും നല്ല ഗായകനായി ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ കോദണ്ഡപാണി, ഗന്ധശാല എന്നിവര്‍ വിധികര്‍ത്താക്കളായിരുന്ന ഒരു സംഗീത മത്സരത്തില്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതായിരുന്നു ജീവിത വഴിത്തിരിവില്‍ ഒന്ന്. 1964ല്‍ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അമേച്വര്‍ ഗായകര്‍ക്കുള്ള സംഗീത മത്സരത്തില്‍ ഒന്നാംസമ്മാനം നേടി.
കാലം എസ്.പി.ബിയെ പിന്നീട് സംഗീതസാഗരത്തിലാണ് കൊണ്ടെത്തിച്ചത്. എണ്ണമറ്റ ഗാനങ്ങള്‍ പാടി. മികച്ച അഭിനേതാവായും തിളങ്ങി. 72 സിനിമകളില്‍ വേഷമിട്ടു. നൂറിലേറെ സിനിമകള്‍ക്ക് ഡബ്ബ് ചെയ്തു. 46 സിനിമകള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചു. നിരവധി ഗാനങ്ങള്‍ക്ക് ശബ്ദംനല്‍കി അശ്വരമാക്കിയഎസ്.പി.ബിയുട അനശ്വരമായ ആ ഗാനവീചികള്‍ ഇനിയും പുതിയ ആസ്വാദകരെയും കീഴടക്കിക്കൊണ്ടിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."