കേരളത്തില്‍ ഇരുപത് സീറ്റിലും വിജയിക്കുമെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റിലും ജയിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഇന്നലെ രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് യു.ഡി.എഫ് യോഗം ചേര്‍ന്നത്. 18-19 സീറ്റുകള്‍ ഉറപ്പാണെങ്കിലും പാലക്കാടിന്റെ കാര്യത്തില്‍ മാത്രമാണ് സംശയം.
കെ.എം മാണി ഇല്ലാത്ത ആദ്യ യു.ഡി.എഫ് യോഗം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു ആരംഭിച്ചത്. മോദി, പിണറായി സര്‍ക്കാരുകള്‍ക്കെതിരായ വികാരവും കേരളത്തില്‍ മത്സരിക്കാനുള്ള തീരുമാനത്തിലൂടെ സൃഷ്ടിക്കപ്പെട്ട രാഹുല്‍ ഗാന്ധി തരംഗവും യു.ഡി.എഫിന് ഗുണകരമായി.
മോദിയെ താഴെയിറക്കി മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നുമാണ് യോഗത്തിന്റെ വിലയിരുത്തലെന്ന് യോഗ ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, വോട്ടര്‍പട്ടികയില്‍ നിന്നും ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ പേരുകള്‍ വെട്ടിമാറ്റിയത് അറിയാതിരുന്നത് സംഘടനാപരമായ വീഴ്ചയാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനും മറ്റുമായി സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് വന്‍ വീഴ്ചയാണ്. പേര് നീക്കം ചെയ്തവരില്‍ കഴിയുന്നത്ര ആള്‍ക്കാരെ ഉള്‍പ്പെടുത്തി പരാതികള്‍ നല്‍കിക്കണമെന്നും യോഗത്തില്‍ ധാരണയായി.
കള്ളവോട്ട് തടയുന്ന കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് പൂര്‍ണ പിന്തുണ നല്‍കും. ഇതൊഴികെയുള്ള വിഷയങ്ങളില്‍ ആലോചിച്ച് മാത്രം പിന്തുണച്ചാല്‍ മതിയെന്നും തീരുമാനിച്ചു.
പല മണ്ഡലങ്ങളിലും സി.പി.എംകാരുപോലും യു.ഡി.എഫിന് വോട്ടുചെയ്തിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
സംസ്ഥാനത്തിന് സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് മസാല ബോണ്ട്.
ലാവലിനെ മണിടയിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ലണ്ടനില്‍ പോയത്. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഒന്നും കേരളത്തില്‍ നടക്കുന്നില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ലഭിച്ച 4000 കോടി രൂപ ചെലവഴിക്കാതെയാണ് മസാല ബോണ്ടിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ പാടില്ല. കേരളം സാമ്പത്തിക ദാരിദ്ര്യത്തിലേക്കാണ് നീങ്ങുന്നതെന്നും യു.ഡി.എഫ് യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."