അസാന്‍ജിനെതിരായ കേസ് സ്വീഡന്‍ പുനരന്വേഷിക്കുന്നു
സ്റ്റോക്ക്‌ഹോം: ലണ്ടനില്‍ അറസ്റ്റിലായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ പേരിലുള്ള ബലാത്സംഗക്കേസ് പുനരന്വേഷിക്കാനും തുടര്‍ വിചാരണ നടത്താനും തീരുമാനിച്ചതായി സ്വീഡന്റെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
അസാന്‍ജിനു നേരെ ആരോപണമുന്നയിച്ച യുവതികളുടെ അഭിഭാഷക കേസ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതായും ഇക്കാര്യം പരിഗണിക്കുന്നതായും സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബലാത്സംഗത്തിനിരയായ ഒരാള്‍ക്കും ഒമ്പതുവര്‍ഷത്തോളം നീതി കാത്തിരിക്കാനാവില്ലെന്നു യുവതികളുടെ അഭിഭാഷക എലിസബത്ത് മാസി ഫ്രിറ്റ്‌സ് പറഞ്ഞു.
അതേസമയം, ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിനും കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത കുറ്റത്തിനുമായി അസാന്‍ജിനെ വിട്ടുനല്‍കാന്‍ യു.എസില്‍ നിന്നുള്ള സമ്മര്‍ദങ്ങളും ശക്തമാകുന്നുണ്ട്.
2017ല്‍ അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയതോടെ അവസാനിപ്പിച്ച ലൈംഗികാരോപണ കേസാണ് പുനഃപരിശോധിക്കുന്നത്. 2010ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന വിക്കിലീക്‌സ് സമ്മേളനത്തിനിടെ അസാന്‍ജ് ബലാത്സംഗത്തിനും മറ്റ് ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാക്കിയെന്നാണു യുവതികളുടെ പരാതി.
എന്നാല്‍, പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണു നടന്നയതെന്നായിരുന്നു അസാന്‍ജിന്റെ വിശദീകരണം.
ജാമ്യവ്യവസ്ഥ തെറ്റിച്ചതിന് അറസ്റ്റിലായ അസാന്‍ജ് ഇപ്പോള്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ്. 50 ആഴ്ചത്തെ ശിക്ഷയാണ് ഈ കേസില്‍ അദ്ദേഹത്തിനു കോടതി വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."