അര്‍ധവര്‍ഷം പിന്നിടുന്ന കൊവിഡ്
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി കൊവിഡ് പടരാന്‍ തുടങ്ങിയിട്ട് ആറുമാസം പിന്നിട്ടിരിക്കുകയാണ്. ഇന്നലെ വരെയുള്ള കണക്കുകള്‍പ്രകാരം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കഴിഞ്ഞു. ജനപ്രതിനിധികളും പ്രശസ്തരുമടക്കം നിരവധിപേര്‍ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ ഏറ്റവും അവസാനത്തേതാണ് ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ച പ്രശസ്ത ഗായകന്‍ പത്മഭൂഷണ്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റേത്. വിദ്യാഭ്യാസ, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളെല്ലാം പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ആറുമാസമായി.
കേരളത്തില്‍ ഇതിനകം ഒന്നര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസിനെതിരേയുള്ള വാക്‌സിന്‍ ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്. ഇതുവരെ കണ്ടെത്തിയ പ്രതിരോധ വാക്‌സിനുകളൊന്നും ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തില്‍ മാത്രം ഒരു ലക്ഷം പുതിയ രോഗികളുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
പ്രതിദിന പരിശോധനയുടെ മൊത്തക്കണക്ക് വച്ചാണ് കേരളത്തില്‍ പോസിറ്റീവ് നിരക്ക് കണക്കാക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം പതിനായിരം രോഗികള്‍ വരെ ഉണ്ടാകാമെന്നും അവരില്‍ ഗുരുതരാവസ്ഥയിലാകുന്നവര്‍ക്കാവശ്യമായ വെന്റിലേറ്ററുകളുടെ അപര്യാപ്തത വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത് ദിവസങ്ങള്‍ക്കുമുന്‍പാണ്. ആരോഗ്യ മന്ത്രി ആശങ്കപ്പെടുന്ന പ്രതിസന്ധി സംജാതമാകുന്നതിന് മുന്‍പുതന്നെ ഗുരുതരാവസ്ഥയില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ രോഗിയെ വെന്റിലേറ്റര്‍ സൗകര്യമില്ലെന്നുപറഞ്ഞ് തിരിച്ചയച്ചതും മതിയായ ചികിത്സകിട്ടാതെ അവര്‍ മരിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടനല്‍കിയത്. മെഡിക്കല്‍ കോളജില്‍ 35 വെന്റിലേറ്ററുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഇത്തരമൊരു അനാസ്ഥ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നുണ്ടായത്.
രോഗവ്യാപനം കൂടുമ്പോള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ ഉദാസീനരായി മാറരുത്. രോഗവിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അറിയിച്ചു കഴിഞ്ഞാലും മണിക്കൂറുകള്‍ കഴിഞ്ഞാണ് ആംബുലന്‍സുകള്‍ എത്തുന്നതെന്ന പരാതികള്‍ വ്യാപകമാണ്. കടുത്ത മാനസികസമ്മര്‍ദമാണ് രോഗിയും വീട്ടുകാരും ഇതിലൂടെ അനുഭവിക്കുന്നത്. ആംബുലന്‍സുകളാകട്ടെ ആശുപത്രി മുറ്റത്ത് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു. രോഗിയാണെന്ന് അറിയുന്ന നിമിഷംമുതല്‍ കടുത്ത മാനസികസമ്മര്‍ദത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. രോഗപ്രതിരോധ സന്നാഹങ്ങളും നാട്ടുകാരും സ്വന്തം വീട്ടുകാര്‍പോലും അനുവര്‍ത്തിച്ചുപോരുന്ന നിലപാടുകളും രോഗിക്ക് കടുത്ത മാനസികസംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്. ഈയൊരു ചുറ്റുപാടില്‍ ആശുപത്രികളിലും മതിയായ പരിഗണന കിട്ടാതെവരുമ്പോള്‍ രോഗികള്‍ മാനസികമായി തകരുക സ്വാഭാവികം. പലരും ഇതിനകം ആത്മഹത്യകളില്‍ അഭയംതേടുകയും ചെയ്തു. പരിചരണത്തോടൊപ്പം സാന്ത്വനവുമാണ് അവര്‍ക്കുവേണ്ടത്.
ക്വാറന്റൈനിലും ലോക്ക്ഡൗണിലും ഇളവുകള്‍വന്നതോടെ പൊതുസമൂഹത്തിന്റെ സൂക്ഷ്മതയ്ക്ക് അയവുവന്നിരിക്കുകയാണ്. ഇത് രോഗവ്യാപനം അതിതീവ്രനിലയില്‍ എത്തിച്ചിട്ടുണ്ട്. ലക്ഷണമില്ലാത്തതും സമ്പര്‍ക്കത്തിലൂടെയുള്ളതും ഉറവിടമറിയാത്തതുമായ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് ഇതിനാലാണ്. സംസ്ഥാനത്ത് രോഗപ്പകര്‍ച്ച തുടങ്ങി ആറുമാസം കഴിയുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ വരുംകാലങ്ങളിലെ അവസ്ഥയെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വാക്‌സിന്‍ കണ്ടുപിടുത്തം മരീചിക പോലെ അകന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ പ്രത്യേകിച്ചും.
വരുംദിവസങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നും മരണനിരക്ക് കുത്തനെ കൂടുമെന്നും ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. യുവാക്കള്‍ക്ക് ബാധിക്കുകയില്ലെന്നത് അബദ്ധ ധാരണയാണെന്നും അവര്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു. ജനിതകമാറ്റം സംഭവിച്ച വൈറസാണ് പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കുപോലും ഇപ്പോള്‍ രോഗമുണ്ടാക്കുന്നതത്രെ. ലോകത്തും അതിഭീകരമായി രോഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസവും മൂന്നുലക്ഷത്തിന് മുകളില്‍ ആളുകള്‍ക്കാണ് രോഗം ബാധിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം വരെ ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,22,09,019 കഴിഞ്ഞുവെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മരിച്ചവര്‍ 9,83,767 പേരാണ്.
ഇന്ത്യ തന്നെയാണ് ഇപ്പോഴും ലോകത്ത് രോഗികളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്ത്. ബ്രസീലിനെ മറികടന്ന് ആഴ്ചകള്‍ക്കുമുന്‍പാണ് ഇന്ത്യ രണ്ടാംസ്ഥാനത്ത് എത്തിയത്. മരണസംഖ്യയില്‍ മൂന്നാമതും. മരണത്തിലും രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാംസ്ഥാനത്ത്. രണ്ടാംഘട്ട രോഗവ്യാപനം ശക്തമാകാന്‍ കാരണം വൈറസിന് ജനിതകമാറ്റം സംഭവിച്ചതിനാലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. വൈറസിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം കൊവിഡിനെതിരേ വാക്‌സിന്‍ കണ്ടെത്താന്‍ കഠിനശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷകരെ സമ്മര്‍ദത്തിലാഴ്ത്തുകയാണ്.
പതിനെട്ടാം നൂറ്റാണ്ടിനുശേഷം പടര്‍ന്നുപിടിച്ച പ്ലേഗില്‍ 20 കോടിയോളം ആളുകളാണ് ലോകത്ത് മരിച്ചത്. തുടര്‍ന്ന് നിരവധി പകര്‍ച്ചവ്യാധികള്‍ ലോകത്തൊട്ടാകെ പടര്‍ന്നുപിടിക്കുകയുണ്ടായി. 2019 അവസാനപാദത്തില്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് 2020 ജനുവരിയില്‍ ഇന്ത്യയിലെത്തി. ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതുവരെ ചെറുത്തുനില്‍ക്കുകയല്ലാതെ പിടിച്ചുനില്‍ക്കാന്‍ മറ്റു വഴികളൊന്നും ഇല്ല. ഈ ചെറുത്തുനില്‍പ്പിലൂടെ വേണം കൊറോണക്കൊപ്പമുള്ള നമ്മുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."