ഐ.പി.എല്‍ ബാക്കിവച്ചത്
ഐ.പി.എല്‍ സീസണ്‍ 12 കഴിഞ്ഞ ദിവസം അവസാനിച്ചു. ഇനി ക്രിക്കറ്റ് ലോകകപ്പിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കേണ്ട നാളുകള്‍. ഐ.പി.എല്‍ സീസണ്‍ അവസാനിച്ചപ്പോള്‍ ഓര്‍ത്തിരിക്കാന്‍ ഒട്ടനവധി സംഭവങ്ങളും ഒരുപാട് റെക്കോര്‍ഡുകളും പിറവിയെടുത്തു. നാലാം കിരീടത്തില്‍ മുംബൈയുടെയും രോഹിത് ശര്‍മയുടെയും മുത്തം പതിഞ്ഞു. ഏകപക്ഷീയമായി മുംബൈ ജയം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും ഷെയ്ന്‍ വാട്‌സണ്‍ എന്ന ഗെയിം ചെയ്ഞ്ചറുടെ കരുത്തില്‍ മുംബൈയുടെ വിജയത്തിന് അവസാന പന്ത് വരെ കാത്തിരിക്കേണ്ടി വന്നു. ഫൈനലിലെ അവസാന പന്തിന് ഒരു സീസണിന്റെ മുഴുവന്‍ കരുത്തുള്ള പോലെ തോന്നിയിരുന്നു. സീസണില്‍ എത്ര നല്ല ജയം സ്വന്തമാക്കിയിരുന്നെങ്കിലും മലിംഗയുടെ അവസാന പന്തായിരുന്നു പന്ത്രണ്ടാം സീസണിലെ സര്‍പ്രൈസ്. 12-ാം സീസണിലെ ഐ.പി.എല്‍ വിശേഷങ്ങള്‍ എന്തൊക്കെയെന്ന് വായിക്കാം.
വാര്‍ണര്‍-സ്മിത്ത് തിരിച്ചുവരവ്
പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം തിരിച്ചെത്തിയ ആസ്‌ത്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ നടത്തിയ ഗംഭീര തിരിച്ചുവരവിന് സാക്ഷിയാകാന്‍ ഐ.പി.എല്‍ 12-ാം സീസണായി. ഒരു വര്‍ഷത്തോളം കളത്തിന് പുറത്തിരുന്ന് എത്തിയ താരങ്ങളാണ് രണ്ടു പേരുമെന്ന് ഒരിക്കലും തോന്നിയതേ ഇല്ല. 692 റണ്‍സുമായി സീസണിലെ ടോപ് സ്‌കോററായിട്ടായിരുന്നു വാര്‍ണര്‍ നാട്ടിലേക്ക് തിരിച്ചത്. ലോകകപ്പ് ടീമില്‍ ചേരുന്നതിന് വേണ്ടി നേരത്തെ നാട്ടിലേക്ക് തിരിക്കേണ്ടി വന്നതിനാലാണ് വാര്‍ണറിന്റെ സ്‌കോര്‍ 692ല്‍ ഒതുങ്ങിയത്. അല്ലെങ്കില്‍ സ്‌കോര്‍ അതിലും ഉയരുമായിരുന്നു. എന്നിട്ടും മറ്റൊരാള്‍ വാര്‍ണറുടെ സ്‌കോറിനടുത്തെത്തിയില്ല. ആദ്യം രാജസ്ഥാന്റെ നായക സ്ഥാനം കൈയാളിയിരുന്ന അജിങ്ക്യാ രഹാനയെ പിന്‍വലിച്ച് സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനം ഏല്‍പിച്ചു. നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷം രാജസ്ഥാനെ വിജയവഴിയിലെത്തിക്കാനും സ്മിത്തിനായി. കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ കൂടി സ്മിത്തിന് ലഭിക്കുകയാണെങ്കില്‍ വാര്‍ണര്‍ക്കൊപ്പം റണ്‍സെടുക്കാന്‍ കഴിയുമായിരുന്നു. രാജസ്ഥാനൊപ്പം നാലാമനായും മൂന്നാമനായും അഞ്ചാമനായും കളിച്ച സ്മിത്തിന് കൃത്യമായൊരു പൊസിഷന്‍ ലഭിക്കാത്തതായിരുന്നു തിരിച്ചടി.
ക്രീസിലെത്തിയ മങ്കാദിങ്
സീസണിന്റെ തുടക്കത്തില്‍ തന്നെ പഞ്ചാബ് നായകന്‍ അശ്വിന്റെ മങ്കാദിങ്ങായിരുന്നു ചര്‍ച്ചാ വിഷയം. ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തിനിടെയായിരുന്നു അശ്വിന്റെ മങ്കാദിങ് പ്രയോഗം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ മികച്ച നിലയില്‍ തുടങ്ങി. 78 റണ്‍സിലായിരുന്നു റോയല്‍സിന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്.
ജോസ് ബട്‌ലറും സഞ്ജു സാംസണും അടിച്ച് തകര്‍ത്ത് മത്സരം ജയിപ്പിക്കാനുള്ള ഒരുക്കത്തിനിടെയായിരുന്നു അശ്വിന്റെ കൈവിട്ട കളി. മങ്കാദിങ് നടത്തുന്നതിന് മുന്‍പ് ബട്‌ലര്‍ ക്രീസ് വിട്ട് പോകരുതെന്ന് ഒരു പ്രാവശ്യം പോലും മുന്നറിയിപ്പ് നല്‍കാതെയായിരുന്നു അശ്വിന്റെ കടുംകൈ. നിയമപരമാണെന്ന് പറഞ്ഞ് റഫറിമാര്‍ ഔട്ട് വിളിച്ചു. 69 റണ്‍സുമായി അടിച്ച് തകര്‍ത്തിരുന്ന ബട്‌ലര്‍ക്ക് നിസഹായനായി ക്രീസ് വിടാനെ കഴിഞ്ഞുള്ളു. സംഭവത്തിന് ശേഷം പലരും അശ്വിനെ വിമര്‍ശിച്ചു. കളിക്കിടയിലും പലരും അശ്വിനെ കളിയാക്കുകയും ചെയ്ത് കൊണ്ടേയിരുന്നു. പന്ത്രണ്ടാം സീസണിന്റെ തുടക്കത്തിലെ കല്ലുകടിയായിരുന്നു മങ്കാദിങ്.
താഴോട്ട് വളര്‍ന്ന് ബാംഗ്ലൂര്‍
ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം തേടിപ്പോകുന്ന ഇന്ത്യയെ നയിക്കേണ്ട വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വളര്‍ച്ച താഴേക്കായിരുന്നു. സീസണില്‍ 14 മത്സരത്തില്‍നിന്ന് എട്ട് തോല്‍വിയും അഞ്ച് വിജയവുമാണ് സമ്പാദ്യം. 11 പോയിന്റാണ് സീസണിലുടനീളം കളിച്ചിട്ടും ബാംഗ്ലൂരിന് ലഭിച്ചത്. ഏറ്റവും മികച്ച നായകനും മികച്ച ടീമുമായി ഏറ്റവും അവസാനം ഫിനിഷ് ചെയ്യാനായിരുന്നു ബാംഗ്ലൂരിന്റെ വിധി. പാര്‍ഥിവ് പട്ടേല്‍, മൊയീന്‍ അലി, വിരാട് കോഹ്‌ലി, എ.ബി ഡിവില്ലേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിങ്ങനെ പരിചയ സമ്പന്നരായ ബാറ്റ്‌സ്മാന്‍മാരുടെ നീണ്ട നിര. ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന ബൗളിങ് നിര. ആദ്യ മത്സരത്തില്‍ ചെന്നൈയോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയുമായിട്ടായിരുന്നു സീസണിന്റെ തുടക്കം. പിന്നീട് പല മത്സരങ്ങളിലും 150ന്റ മുകളില്‍ സ്‌കോര്‍ കണ്ടെത്തിയിരുന്നെങ്കിലും ബൗളിങ്ങില്‍ പൂര്‍ണ പരാജയമായിരുന്നു. 205 റണ്‍സെടുത്ത മത്സരത്തില്‍ പോലും കൊല്‍ക്കത്തയോട് അഞ്ച് വിക്കറ്റിന് തോല്‍ക്കേണ്ടി വന്നു. ദൗര്‍ഭാഗ്യം പിന്തുടര്‍ന്ന കോഹ്‌ലിയും സംഘവും അടുത്ത തവണ നോക്കാമെന്ന് പറഞ്ഞാണ് സീസണ്‍ അവസാനിപ്പിച്ചത്.
വീണ്ടും കൂളായി ക്യാപ്റ്റന്‍
ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ വീണ്ടും വീണ്ടും കൂളാണെന്ന് തെളിയിച്ച് കൊണ്ടേയിരുന്നു. പ്രതിസന്ധി വരുമ്പോള്‍ അതി സമ്മര്‍ദം കാണിക്കാതെ സന്തോഷം വരുമ്പോള്‍ അമിതമായി സന്തോഷിക്കാതെ എല്ലാം കൂളായി തന്നെ ധോണി നിയന്ത്രിച്ചു. ആദ്യമായി കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് മത്സരത്തില്‍ നോട്ടൗട്ട്, ഒന്നില്‍ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല, ഒന്നില്‍ ഔട്ടാവുകയും ചെയ്തു. നോട്ടൗട്ടായ മൂന്ന് മത്സരത്തിലും ധോണിയായിരുന്നു മത്സരം ഫിനിഷ് ചെയ്ത് വിജയിപ്പിച്ചത്.
ഡല്‍ഹി-ചെന്നൈ മത്സരം, ചെന്നൈ രാജസ്ഥാന്‍ മത്സരം, ചെന്നൈ-പഞ്ചാബ് മത്സരം എന്നീ മൂന്ന് മത്സരത്തിലും ധോണിയായിരുന്നു ഫിനിഷ് ചെയ്തത്.
ഓപ്പണിങ് പരാജയമായി മാറിയാല്‍ ക്യാപ്റ്റന്റെ കടമ കൃത്യമായി നിര്‍വഹിക്കുന്നതില്‍ ധോണി വിജയിച്ചു. പക്ഷെ ഇടക്കെപ്പോഴോ ചെറിയ വിവാദവും ക്യാപ്റ്റന്‍ കൂളിന് കളങ്കം ചാര്‍ത്തി. ചെന്നൈ-രാജസ്ഥാന്‍ മത്സരത്തിനിടെ അമ്പയര്‍ നോ ബോള്‍ വിളിക്കാത്തതിനെ ചോദ്യം ചെയ്ത് ഗ്രൗണ്ടിലിറങ്ങിയത് വിവാദമായി. ഇവിടെ മാത്രമാണ് ക്യാപ്റ്റന്‍ കൂള്‍ ക്യാപ്റ്റന്‍ ഹോട്ടായത്. ഫൈനലില്‍ മുംബൈ ബാറ്റിങ്‌നിര അടിച്ച് തകര്‍ത്തപ്പോഴും ഭാവ വ്യത്യാസമില്ലാത്ത ക്യാപ്റ്റന്റെ മുഖം ടെലിവിഷന്‍ സ്‌ക്രീനില്‍ കാണിച്ചു കൊണ്ടേയിരുന്നു. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഒരു യുവത്വം കൂടി ബാക്കിയുണ്ടെന്ന് കാണിക്കുന്നതായിരുന്നു ധോണിയുടെ ഓരോ പ്രകടനവും.
യുവനിരയുമായി ഡല്‍ഹി
ആസ്‌ത്രേലിയന്‍ നായകനായിരുന്നു റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയും ചെര്‍ന്നൊരുക്കിയ ഡല്‍ഹി കാപിറ്റല്‍സായിരുന്നു സീസണിലെ മറ്റൊരു സര്‍പ്രൈസ്. പ്രിഥ്വി ഷാ, ഷ്രെയസ് അയര്‍, ഋഷഭ് പന്ത്, കോളിങ് ഇന്‍ഗ്രാം, റൂഥര്‍ ഫോര്‍ഡ്, അക്‌സര്‍ പട്ടേല്‍, കീമോ പോള്‍, അമിത് മിശ്ര എന്നിവരടങ്ങുന്ന യുവ രക്തങ്ങള്‍ക്ക് ക്വാളിഫയര്‍ വരെ എത്താനായി. കൊല്‍ക്കത്ത, പഞ്ചാബ്, ബാംഗ്ലൂര്‍, രാജസ്ഥാന്‍ എന്നിവരെയെല്ലാം പിറകിലാക്കിയായിരുന്നു ഡല്‍ഹിയുടെ നേട്ടം.
എലിമിനേറ്ററില്‍ കരുത്തരായ ഹൈദരാബാദിനെ തകര്‍ത്ത് രണ്ടാം ക്വാളിഫയറില്‍ ചെന്നൈക്ക് മുന്നിലാണ് ഡല്‍ഹി മുട്ട് മടക്കിയത്. ശിഖര്‍ ധവാന്‍ മാത്രമായിരുന്നു ഡല്‍ഹി നിരയിലുണ്ടായിരുന്ന പരിചയ സമ്പന്നനായ താരം. പോണ്ടിങ്ങും ഗാംഗുലിയും ചേര്‍ന്ന് മികച്ച നിരയെ തന്നെയായിരുന്നു ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."