കശ്മിരിലെ പ്രക്ഷോഭകര്‍ക്ക് ഐ.എസ്.ഐ ലക്ഷങ്ങള്‍ നല്‍കിയതായി വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: കശ്മിരില്‍ ഇന്ത്യന്‍ സൈന്യത്തിനുനേരെ കല്ലെറിയുന്നവര്‍ക്ക് പാക് ചാരസംഘടന ഐ.എസ്.ഐ ലക്ഷങ്ങള്‍ നല്‍കിയതായി വെളിപ്പെടുത്തല്‍. ഹുര്‍റിയത് നേതാവ് ശബീര്‍ ഷാ മുഖേനെയാണ് പ്രക്ഷോഭകര്‍ക്കായി 70 ലക്ഷത്തിലേറെ രൂപ പാക് ചാരസംഘടന എത്തിച്ചുനല്‍കിയത്. ദേശീയ ചാനലായ 'ടൈംസ് നൗ' ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത് തങ്ങള്‍ക്ക് സ്ഥിരമായി പണം നല്‍കിയതായി അടുത്തിടെ ഇന്ത്യയുടെ പിടിയിലായ രണ്ട് ഐ.എസ്.ഐ ഏജന്റുമാരുടെ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചാണ് ചാനല്‍ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. കശ്മിരിലടക്കം ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാക് സര്‍ക്കാരും പാകിസ്താനിലെ സര്‍ക്കാരിതര സംഘടനകളും ഫണ്ട് ചെയ്യുന്നതായുള്ള ഇന്ത്യയുടെ കാലങ്ങളായുള്ള ആരോപണത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
പണം കശ്മിരിലെ പ്രക്ഷോഭകര്‍ക്കെത്തുന്നതിന്റെ കൃത്യമായ രേഖകള്‍ സഹിതമാണ് ചാനല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാക് ചാരസംഘടനയുടെ പണമിടപാട് രേഖകള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ഐ.എസ്.ഐയുടെ ആസ്ഥാനമായ റാവല്‍പിണ്ടിയില്‍നിന്ന് ഹുര്‍റിയത്ത് ആസ്ഥാനമായ കശ്മിരിലെ ശ്രീനഗറിലേക്കാണ് പണം എത്തുന്നതെന്ന് കണ്ടെത്തിയതായി ചാനല്‍ അവകാശപ്പെട്ടു. ശ്രീനഗറില്‍നിന്ന് സൈന്യത്തിനെതിരേയുള്ള പ്രക്ഷോഭം ശക്തമായ അനന്ത്‌നാഗ്, പുല്‍വാമ, കുപ്‌വാര എന്നിവിടങ്ങളിലേക്കാണ് പണം കൊണ്ടുപോയത്. റാവല്‍പിണ്ടിയിലുള്ള ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ അഹ്മദ് സാഗര്‍ ഹുര്‍റിയത്തിന്റെ ശബീര്‍ ഷായെപ്പോലുള്ള നേതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വിവിധ ജില്ലകളിലെ ഹുര്‍റിയത് ആസ്ഥാനങ്ങള്‍ വഴിയാണ് ശബീര്‍ ഷാ പ്രക്ഷോഭകര്‍ക്ക് പണം വിതരണം ചെയ്യുന്നതെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
ചാനല്‍ വാര്‍ത്ത പുറത്തുവന്നയുടന്‍ കശ്മിരിലെ ഹുര്‍റിയത് നേതാക്കളുമായും വിഘടനവാദികളുമായും അടുത്ത ബന്ധമുള്ള വ്യവസായികളുടെ സാമ്പത്തിക ഇടപാട് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി നിലവിലെ സ്ഥിതിവിവരം ഉടന്‍ കൈമാറണമെന്നും കശ്മിര്‍ ഡി.ജി.പിക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."