തോക്ക് കാണാതായ സംഭവം: എസ്.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കാസര്‍കോട്: പൊലിസ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ച തോക്ക് കാണാതായ സംഭവത്തില്‍ എസ്.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എട്ടുവര്‍ഷം മുമ്പ് ആദൂര്‍ പൊലിസ് സ്റ്റേഷനില്‍ ഏല്‍പിച്ച ഒറ്റക്കുഴല്‍ തോക്ക് അപ്രത്യക്ഷമായ സംഭവത്തിലാണ് ആദൂര്‍ സി.ഐയോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലിസ് ചീഫ് ഡോ. എ. ശ്രീനിവാസ് ആവശ്യപ്പെട്ടത്. തോക്ക് കാണാതായ സംഭവം അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനെ നിയമിച്ചിരുന്നുവെങ്കിലും തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്റ്റേഷനില്‍ ഹാജരാക്കിയ തോക്കുകള്‍ ഉടമകള്‍ക്കു പരസ്പരം മാറി നല്‍കിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
2010 മാര്‍ച്ച് 18നാണ് മുളിയാര്‍ മേഖലയിലെ കര്‍ഷകന്‍ ഒറ്റക്കുഴല്‍ തോക്ക് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത്. പ്രസ്തുത തോക്കാണ് സ്റ്റേഷനില്‍നിന്നു കാണാതായത്. ഇതേതുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ലൈസന്‍സുള്ള തോക്ക് കൈവശമുള്ള 126 പേരോടും തങ്ങളുടെ തോക്ക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു. എ.ആര്‍ ക്യാംപിലെ ആര്‍മര്‍ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവ പരിശോധിച്ചെങ്കിലും കാണാതായ തോക്ക് കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് സ്റ്റേഷനില്‍ തോക്ക് ഏല്‍പിച്ച ദിവസം മുതല്‍ കാണാതായതായി റിപോര്‍ട്ടു ചെയ്ത ദിവസം വരെ സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന എസ്.എച്ച്.ഒ, റൈറ്റര്‍മാര്‍, അസി. റൈറ്റര്‍മാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേഷനില്‍നിന്നു തോക്ക് കാണാതായ സംഭവം കുറ്റകരമായ വീഴ്ചയാണെന്നു കണ്ടെത്തിയിട്ടുണ്ട്.
സമീപപ്രദേശത്ത് ഉത്സവം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു എട്ടുവര്‍ഷം മുമ്പ് തോക്ക് സ്റ്റേഷനില്‍ ഏല്‍പിച്ചത്. തോക്ക് ഏല്‍പിക്കുന്ന സമയത്ത് ലൈസന്‍സിന്റെ കാലാവധി കഴിയാറായിരുന്നു.
ഇതുപുതുക്കിയ ശേഷമേ തോക്ക് തിരികെയെടുക്കാന്‍ കഴിയൂവെന്നതിനാല്‍ ലൈസന്‍സ് പുതുക്കാന്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനു തോക്കുടമ അപേക്ഷ നല്‍കി. ചില സാങ്കേതിക കാരണങ്ങളാല്‍ 2013 ലാണ് തോക്കുടമക്ക് ലൈസന്‍സ് പുതുക്കിക്കിട്ടിയത്.
തുടര്‍ന്നു തോക്ക് തിരികെയെടുക്കാന്‍ സ്റ്റേഷനില്‍ ചെന്നതോടെയാണ് ഇതു കാണാതായതായി വ്യക്തമായത്. ഇതേ തുടര്‍ന്ന് കലക്ടറേറ്റില്‍ പരാതി നല്‍കുകയായിരുന്നു.
കലക്ടര്‍ പരാതി ജില്ലാ പൊലിസ് മേധാവിക്കു കൈമാറിയതിനെ തുടര്‍ന്ന് അന്വേഷണം സ്‌പെഷല്‍ബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും യാതൊരു വിവരവുമില്ലാതെ വന്നതോടെയാണ് ജില്ലാ പൊലിസ് മേധാവി ആദൂര്‍ സി.ഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."