തട്ടിപ്പില്‍ കുരുങ്ങുന്ന കേരളം ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ വ്യാപക തട്ടിപ്പ്
കോഴിക്കോട്: ക്രിപ്‌റ്റോ കറന്‍സിയുടെ പേരിലുള്ള തട്ടിപ്പില്‍ കുരുങ്ങി മലയാളികള്‍. മണിചെയിന്‍ മാതൃകയില്‍ ഓണ്‍ലൈനിലും അല്ലാതെയും വന്‍ സംഘമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. തുക നിക്ഷേപിച്ചാല്‍ ദിവസേന അക്കൗണ്ടുകളില്‍ പണമെത്തുമെന്ന മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്.
കമ്പനികളുടെ ദുരൂഹമായ പ്രവര്‍ത്തനങ്ങള്‍ വലിയൊരു നിക്ഷേപ തട്ടിപ്പിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അയ്യായിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപമായി സ്വീകരിക്കുന്ന വിവിധ സംഘങ്ങളുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലൊഴികെ നിക്ഷേപ തുകയുടെ രണ്ടുശതമാനം പ്രതിദിന ലാഭമായി അക്കൗണ്ടിലേക്ക് നല്‍കുമെന്നാണ് മിക്ക കമ്പനികളുടെയും വാഗ്ദാനം.
അറുപത് ദിവസങ്ങള്‍ കൊണ്ട് നിക്ഷേപം ഇരട്ടിയോ അതിലധികമോ ആക്കാമെന്നുപറഞ്ഞാണ് ഇത്തരം സംഘങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നത്.
ആദ്യഘട്ടത്തില്‍ ചേര്‍ന്നവര്‍ക്ക് ദിവസേന ലാഭവിഹിതം ലഭിച്ചിരുന്നു. എന്നാല്‍, പൊടുന്നനെ പലരുടെയും അക്കൗണ്ടുകളില്‍ പണമെത്തുന്നത് നിന്നു. ഇതോടെ ഇടപാടുകാര്‍ പരാതിയുമായി രംഗത്തുവന്നെങ്കിലും കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായത് തുടര്‍നടപടികള്‍ക്ക് തടസമായി.
അതേസമയം, ലാഭവിഹിതം ഇപ്പോഴും ലഭിക്കുന്നവരില്‍ ചിലര്‍ കമ്പനികളുടെ പ്രചാരകരായി രംഗത്തുണ്ട്. എത്രദിവസം ഇങ്ങനെ ലാഭവിഹിതം നല്‍കാന്‍ കഴിയുമെന്ന ചോദ്യമാണ് സാമ്പത്തികവിദഗ്ധര്‍ ഉന്നയിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായ ലോങ് റിച്ച് ടെക്‌നോളജീസ് എന്ന കമ്പനി മോറിസ് കോയിന്‍ എന്ന പേരില്‍ ഇങ്ങനെ വന്‍ നിക്ഷേപമാണ് കൈക്കലാക്കിയത്. 15,000 രൂപയോ അതിന്റെ ഗുണിതങ്ങളോ ആണ് നിക്ഷേപമായി സ്വീകരിക്കുന്നത്. 15,000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ദിവസം 270 രൂപ വീതം 300 ദിവസങ്ങളിലായി 81,000 രൂപ ലാഭവിഹിതം നല്‍കുമെന്നാണ് വാഗ്ദാനം.
ഒരു മോറിസ് കോയിന് 1,000 രൂപപ്രകാരം 15 കോയിന്റെ വിലയായാണ് 15,000 രൂപ ഈടാക്കുന്നത്. പതിനയ്യായിരം രൂപയുടെ ഗുണിതങ്ങളായി ഒരാള്‍ക്ക് എത്രവേണമെങ്കിലും നിക്ഷേപിക്കാം.
ക്രിപ്‌റ്റോ കറന്‍സിയാണെന്ന തരത്തില്‍ മറ്റൊരു കമ്പനിയും ഇതേരീതിയില്‍ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഒന്നിന് 1,500 രൂപ വിലവരുന്ന തങ്ങളുടെ കോയിനുകള്‍ വാങ്ങിയാല്‍ നിക്ഷേപിക്കുന്ന തുകയുടെ 0.5 ശതമാനം മുതല്‍ രണ്ടുശതമാനം വരെ തുക ദിവസവും ഉപഭോക്താവിന് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയതായി ആളുകളെ ചേര്‍ക്കുന്നതിന് റെഫറല്‍ കമ്മിഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.
നാട്ടിന്‍പുറങ്ങളില്‍ ഏജന്റുമാരെ വച്ച് നിക്ഷേപരെ ആകര്‍ഷിക്കുന്ന മറ്റൊരു കമ്പനി ഒരു ലക്ഷത്തിന് പ്രതിദിനം 1,600 രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. എത്രവേണമെങ്കിലും ഇങ്ങനെ നിക്ഷേപിക്കാം. മാര്‍ഗറ്റ് ഗെയിന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കമ്പനി അയ്യായിരം രൂപയുടെ നിക്ഷേപത്തിന് 140 രൂപയാണ് ഒരു ദിവസത്തെ ലാഭവിഹിതമായി നല്‍കുക.
അന്‍പതിനായിരം രൂപയ്ക്ക് 1,400 രൂപയും രണ്ടുലക്ഷത്തിന് അയ്യായിരം രൂപയും നല്‍കുമെന്നാണ് ഇവരുടെ വാഗ്ദാനം. ഒന്ന് മുതല്‍ 10 ശതമാനം വരെ ലാഭമാണ് കാപ്പിറ്റല്‍ ട്രേഡ് ലൈന്‍ എന്ന പേരിലുള്ള കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡോളറായിട്ടാണ് ഇവര്‍ നിക്ഷേപം സ്വീകരിക്കുന്നത്.
നിക്ഷേപം വര്‍ധിച്ച് ആയിരം ഡോളര്‍ ആയാല്‍ ഒറ്റയടിക്ക് രണ്ടായിരം ഡോളറായി വര്‍ധിപ്പിച്ചാലെ തുടരാനാകൂവെന്ന വിചിത്ര നിയമാവലിയും ഇവര്‍ക്കുണ്ട്. നിക്ഷേപം പിന്‍വലിക്കാന്‍ മാസത്തില്‍ രണ്ടുതവണ ഇവര്‍ അവസരം നല്‍കും. എന്നാല്‍, പിന്‍വലിക്കുന്ന തുകയുടെ 20 ശതമാനം സര്‍വിസ് ചാര്‍ജായി ഈടാക്കും.
കുറഞ്ഞകാലം കൊണ്ട് നിക്ഷേപം രണ്ടിരട്ടി ആക്കാമെന്നാണ് ബെറ്റര്‍ ബോണ്ട് സെക്യൂരിറ്റീസ് എന്ന കമ്പനിയുടെ വാഗ്ദാനം. അയ്യായിരം രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഇത് 15,000 രൂപയായി വര്‍ധിക്കും. ഒരു ലക്ഷം രൂപയിട്ടാല്‍ മൂന്നുലക്ഷമായി തിരിച്ചുനല്‍കുമെന്നും ഇവര്‍ പറയുന്നു. അഞ്ചുശതമാനം അഡ്മിന്‍ ഫീസും അഞ്ചുശതമാനം നികുതിയും ഈടാക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
കൃത്യമായ മേല്‍വിലാസമോ രജിസ്‌ട്രേഷനോ ഇല്ലാതെയാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണമില്ലാത്തത് ഇവരുടെ തട്ടിപ്പിന് മറയാകുന്നു.
ഇതുവരെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത കമ്പനികളാണ് ഓഹരിവിപണിയില്‍ ട്രേഡിങ് നടത്താമെന്നുപറഞ്ഞ് പണം വാങ്ങുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പുറമെ ക്രിമിനല്‍ കുറ്റകൃത്യങ്ങളും ഈ തട്ടിപ്പിന്റെ ഭാഗമായി നടക്കുന്നുണ്ട്. സാധാരണ കറന്‍സി ഇടപാടുകള്‍ക്കുള്ള ദോഷത്തിന് പരിഹാരമെന്നോണം വിഭാവനംചെയ്യപ്പെട്ട ക്രിപ്‌റ്റോ കറന്‍സിയുടെ മറപിടിച്ചാണ് ഈ തട്ടിപ്പുകള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."