വനാശ്രിത ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന സര്‍ക്കാര്‍ നയം: മന്ത്രി കെ രാജു
കൊല്ലം: വികസന കാര്യങ്ങളില്‍ വനാശ്രിത ജനവിഭാഗങ്ങള്‍ക്ക് കൂടതല്‍ പരിഗണന നല്‍കുന്നതാണ് സര്‍ക്കാര്‍ നയമെന്ന് വനം മന്ത്രി കെ രാജു. അഞ്ചല്‍ റേഞ്ച് പരിധിയിലെ 149 വനസംരക്ഷണ സമിതി കുടുംബങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് സൗജന്യമായി നല്‍കുന്ന പാചകവാതക കണക്ഷന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആദിവാസി ക്ഷേമവും പരിസ്ഥിതി സംരക്ഷണവും മുന്‍നിര്‍ത്തി യൂക്കാലിപ്റ്റസ്, മാഞ്ചിയം, ഗ്രാന്റിസ്, അക്കേഷ്യാ പ്ലാന്റേഷനുകളുടെ വ്യാപനം പരമാവധി കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്.
ആദിവാസി സമൂഹത്തെ വന്യജീവി ആക്രമണത്തില്‍ നിന്നു സംരക്ഷിക്കുന്നതിനായി സോളാര്‍ ഫെന്‍സിങ് ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും വന മേഖലയില്‍ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന റോഡുകളുടെ നിര്‍മാണം നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ നിര്‍മാണം പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നളിനിയമ്മ അധ്യക്ഷത വഹിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ ആര്‍ ഷീജ, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി.ആര്‍ ബാലചന്ദ്രന്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു എബ്രഹാം, അഞ്ചല്‍ ബ്ലോക്ക് പഞ്ചാത്തംഗം മിനി റോയി, വാര്‍ഡംഗങ്ങളായ എല്‍.ഡി ദിവ്യ, ബി.എസ് വിഷ്ണു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(ഫോറസ്റ്റ് മാനേജ്‌മെന്റ്) വര്‍ഗീസ്, പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ഐ സിദ്ദിഖ്, അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബി.ആര്‍ ജയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."