ലൈഫിലെ വിദേശ പണം: യു.വി ജോസിനെ സി.ബി.ഐ ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും. നിയമവിരുദ്ധമായി വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ലൈഫ് മിഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ മന്ത്രി എ.സി മൊയ്തീനും സി.ബി.ഐയുടെ അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിന്റെ ഭാഗമായി ഇവരില്‍ നിന്നും സി.ബി.ഐ മൊഴിയെടുത്തേക്കും.
യൂണിടാക്, സേന്‍ വെഞ്ചേഴ്‌സ് എന്നിവയുടെ ഓഫിസുകളിലും ഉടമകളുടെ വീട്ടിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ബാങ്ക് ഇടപാടിന്റേയും മറ്റു രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.വി ജോസിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ ഒരുങ്ങുന്നത്. റെയ്ഡില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ യു.വി ജോസിനെ ചോദ്യം ചെയ്തതിനു ശേഷമാകും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മൊഴിയെടുക്കുന്ന കാര്യത്തില്‍ സി.ബി.ഐ തീരുമാനമെടുക്കുക. നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണ് സി.ബി.ഐ നടത്തുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.ഐ) അനുസരിച്ച് ലൈഫ് ഇടപാടില്‍ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐയ്ക്കു കഴിയില്ല. ആരാണ് വിദേശത്തുനിന്നു പണം അയച്ചത്, ആരു സ്വീകരിച്ചു, എന്തിനു വേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്‍തുണ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സി.ബി.ഐ പരിശോധിക്കുക.
മൂന്നാമത്തെ പ്രതികളുടെ പട്ടികയിലാണ് ലൈഫ് മിഷന്റെ 'അണ്‍നോണ്‍ ഒഫിഷ്യല്‍സ്' എന്ന് ചേര്‍ത്തിരിക്കുന്നത്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഭാരവാഹികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടിവരും. ഈ പ്രതിപ്പട്ടികയിലേക്ക് ആരൊക്കെ വരുമെന്ന് പറയാനാകില്ല. അണ്‍നോണ്‍ ഒഫിഷ്യല്‍സ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുള്ളവരുമാണ്.
ഇതിലാണ് മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും വരുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയില്‍ നിന്നടക്കം സി.ബി.ഐയ്ക്ക് വിവരങ്ങള്‍ തേടാതിരിക്കാനാകില്ല. ഇതാകട്ടെ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും കൂടുതല്‍ പ്രതിസന്ധിയിലേക്കാകും എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."