എലിപ്പനി: മരുന്ന് വിതരണത്തില്‍ വീഴ്ചയെന്ന് എം.കെ മുനീര്‍
തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിച്ച പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. പ്രോട്ടോക്കോളിന് വിരുദ്ധമായാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ മരുന്ന് വിതരണം സംബന്ധിച്ച് സര്‍ക്കുലറില്‍ പറയുന്നത്.
2-8, 8- 12, 12 നുമുകളില്‍ വയസുള്ളവര്‍ വിവിധ രീതിയിലാണ് മരുന്ന് കഴിക്കേണ്ടത്. ഗുളിക നല്‍കുന്നതിന്റെ ഡോസ് പലര്‍ക്കും അറിയില്ല. രണ്ടുമുതല്‍ എട്ടുവയസുവരെ കുട്ടിയുടെ തൂക്കം അനുസരിച്ചാണ് ഗുളിക നല്‍കേണ്ടത്. ആറാഴ്ച വരെ മുടങ്ങാതെ കഴിക്കേണ്ട മരുന്നാണിത്. നിലവില്‍ എലിപ്പനി മരുന്ന് വിതരണത്തില്‍ വ്യക്തതയില്ലെന്നും മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗര്‍ഭിണികളും മുലയൂട്ടുന്നവരും ആന്റി ബയോട്ടിക്കായ അമോക്‌സിലിനാണ് കഴിക്കേണ്ടത്. എലിപ്പനി മരുന്ന് കഴിക്കുന്നവര്‍ക്കുണ്ടാവുന്ന നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ പ്രത്യേകം മരുന്നു നല്‍കുന്നില്ലെന്നും മുനീര്‍ ആരോപിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടവര്‍ക്കായി പ്രത്യേകം സഹായ പദ്ധതി നടപ്പാക്കണം. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരുടെ കണക്കെടുക്കണം.
മുഖ്യമന്ത്രി വിദേശത്ത് ചികിത്സയ്ക്കു പോയതോടെ മന്ത്രിമാര്‍ തമ്മില്‍ കലഹം തുടങ്ങുകയും കലോത്സവം, ചലച്ചിത്രമേള എന്നിവ മാറ്റിവച്ച് അരാജകത്വം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ഒരു മാസത്തെ ശമ്പളം നല്‍കുമോ ഇല്ലയോ എന്ന് ജീവനക്കാരും അധ്യാപകരും എഴുതി നല്‍കണമെന്നാണ് ധനമന്ത്രി സര്‍വിസ് സംഘടനാ നേതാക്കളുടെ യോഗത്തില്‍ ആവശ്യപ്പെട്ടത്. ജീവനക്കാര്‍ 20 ദിവസത്തെ ശമ്പളം നല്‍കിയാല്‍ അംഗീകരിക്കുകയും രണ്ടു മാസ ശമ്പളം നല്‍കിയാല്‍ സ്വീകരിക്കുകയും വേണം. ശമ്പളം പിടിക്കുന്നതിന് ഓപ്ഷന്‍ വേണം. പ്രളയക്കെടുതിയില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കണം. ശമ്പളം പിടിക്കാമെന്ന് എഴുതി നല്‍കിയില്ലെങ്കില്‍ നടപടി വരുമെന്ന് ജീവനക്കാര്‍ ഭയക്കുകയാണ്.
കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതികള്‍ മുന്‍ഗണന അനുസരിച്ച് ബ്ലൂ പ്രിന്റ് തയാറാക്കിയാല്‍ തങ്ങളും കൂടെനില്‍ക്കും. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണ് നിലനില്‍ക്കുന്നത്. എല്ലാ ഭാരവും പുതുതലമുറയുടെ മേല്‍ കെട്ടിവയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."