തൊവരിമല സമരം: നേതാക്കള്‍ക്ക് ജാമ്യമില്ല
കല്‍പ്പറ്റ: തൊവരിമലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കുടില്‍കെട്ടി സമരം ചെയ്തതിനെ തുടര്‍ന്ന് റിമാന്‍ഡിലായ അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍സഭ നേതാവ് എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്, കെ.ജി മനോഹരന് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല.
സര്‍ക്കാര്‍ അഭിഭാഷകന് എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇവരുടെ ജാമ്യാപേക്ഷയില്‍ അനുകൂല തീരുമാനം ഉണ്ടാകാതെ പോയത്. ജാമ്യം അനുവദിച്ചാല്‍ ഭൂസമരം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സമരസമിതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അവിടെയും കാര്യങ്ങള്‍ പ്രതികൂലമായി.
നേതാക്കളുടെ ജാമ്യാപേക്ഷ 20ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ആറിന് ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നേതാക്കളിലൊരാളായ കുഞ്ഞിക്കണാരന്‍ വൈത്തിരി സബ്ജയിലില്‍ നിരാഹാര സമരമാരംഭിച്ചിരുന്നു.
സമരം തുടര്‍ന്നതോടെ മൂവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. എന്നാല്‍, അവിടെയും സമരം തുടര്‍ന്ന കുഞ്ഞിക്കണാരന്റെ നിരാഹാര സമരം ഒന്‍പത് ദിവസം പിന്നിട്ടിരിക്കുകയാണ്. ആരോഗ്യനില വഷളായതോടെ ഇദ്ദേഹത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സമരം തുടരുകയാണ്.
ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് നിലവില്‍ കുഞ്ഞിക്കണാരന്റെ സമരം നടക്കുന്നത്. കുഞ്ഞിക്കണാരന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് കലക്ടറേറ്റിന് മുന്നില്‍ ഭൂസമരസമിതിയുടെ നിരാഹാര സത്യഗ്രഹം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."