രാജവാഴ്ച
രാജഭരണവും സാമ്രാജ്യവുമില്ലാത്ത ഒരു രാജ്യവും ലോകത്തുണ്ടായിട്ടില്ല. ധ്രുവപ്രദേശങ്ങളൊഴികെ ആളുകളുള്ള ഏതൊരു പ്രദേശവും പരോക്ഷമായെങ്കിലും രാജഭരണത്തിന്റെ കീഴിലായിരുന്നു.
ആദ്യകാലത്ത് പ്രധാനമായും മൂന്നു ശക്തികളായിരുന്നു മാമലനാട് വാണിരുന്നത്. തെക്കുഭാഗം ആയ് രാജാക്കന്മാരും വടക്കേഭാഗം ഏഴിമല രാജാക്കന്മാരും മധ്യകേരളം ചേരരാജാക്കന്മാരുമായിരുന്നു. ഈ കാലമെല്ലാം കേരളം വിശാലമായ തമിഴകത്തിന്റെ ഭാഗവുമായിരുന്നു. വേണാട്, കുട്ടനാട്, കുടനാട്, ചൂഴിനാട്, കര്‍ക്കാനാട് എന്നിങ്ങനെ അഞ്ചുഭാഗങ്ങളായിട്ടായിരുന്നു കേരളം വിഭജിച്ചിരുന്നത്. ക്രിസ്തുവര്‍ഷം 500 വരെയായിരുന്നു ഈ സ്ഥിതി. 500 മുതല്‍ 800 വരെയുള്ള കാലങ്ങളിലെ വ്യക്തമായ ചിത്രങ്ങള്‍ ലഭ്യമല്ല. 1729 മുതല്‍ 1758 വരെ തിരുവിതാംകൂര്‍ ഭരിച്ച, ആധുനിക തിരുവിതാംകൂറിന്റെ ശില്‍പി മാര്‍ത്താണ്ഡവര്‍മ മുതല്‍ അവസാനത്തെ രാജാക്കന്മാവരെ പരിചയപ്പെടാം.
മാര്‍ത്താണ്ഡവര്‍മ
തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രമാണ് മാര്‍ത്താണ്ഡവര്‍മയില്‍ ആരംഭിക്കുന്നത്. കോലത്തിരി രാജവംശത്തില്‍ നിന്ന് തിരുവിതാംകൂറിലേക്ക് ദത്തെടുത്ത'മൂത്തമ്പുരാന്‍'(മൂത്തതമ്പുരാന്‍) എന്ന പേരില്‍ വാഴിക്കപ്പെട്ട, ആറ്റിങ്ങല്‍ റാണിയുടെ പുത്രനാണ് മാര്‍ത്താണ്ഡവര്‍മ. കിളിമാനൂര്‍ കോയിത്തമ്പുരാനാണ് പിതാവ്.1706ലാണ് വര്‍മ ജനിച്ചത്.
മാടമ്പിമാരുടെയും എട്ടുവീട്ടില്‍ പിള്ളമാരുടേയും ദ്രോഹപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്ത് രാജാധികാരവും രാജവാഴ്ചയും വര്‍മ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രധാനമന്ത്രിമാരായിരുന്നു അറുമുഖംപിള്ളയും രാമയ്യന്‍ ദളവയും. കുമാരസ്വാമി പിള്ളയായിരുന്നു സര്‍വസൈന്യാധിപന്‍.
സാമ്രാജ്യവികസനം
തിരുവിതാംകൂറിന്റെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ വര്‍മ പ്രയത്‌നിച്ചിരുന്നു. രാജ്യാവകാശമുന്നയിച്ച ബന്ധുക്കളായ തമ്പിമാരെ അദ്ദേഹം വധശിക്ഷയ്ക്കു വിധേയരാക്കി. ആറ്റിങ്ങല്‍ ദേശം, ഇളയിടത്തു സ്വരൂപം, അമ്പലപ്പുഴ, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ നാട്ടുരാജ്യങ്ങളെ തോല്‍പ്പിച്ച് തിരുവിതാംകൂറില്‍ ലയിപ്പിച്ച് സാമ്രാജ്യം വികസിപ്പിച്ചു. തെക്കേയറ്റം മുതല്‍ വടക്ക് കൊടുങ്ങല്ലൂര്‍ വരെയുള്ള ചെറുരാജ്യങ്ങളെല്ലാം തന്റെ രാജ്യത്തോടു കൂട്ടിച്ചേര്‍ക്കുകയോ, അധീനതയില്‍ നിര്‍ത്തുകയോ ചെയ്തു. പല രാജാക്കന്മാരുടേയും മാടമ്പിമാരുടേയും ഭൂസ്വത്തുക്കളെല്ലാം കണ്ടുകെട്ടി 'പണ്ടാരവകഭൂമി'യാക്കി.
പടയോട്ടങ്ങള്‍
കൊല്ലം-ദേശം സ്വനിയന്ത്രണത്തിലാക്കാന്‍ വര്‍മയ്ക്കു കഴിഞ്ഞിരുന്നില്ല. ദേശിങ്ങനാട് (കൊല്ലം)രാജാവും തന്റെ മാതുലനുമായ ഉണ്ണികേരളവര്‍മയെ യുദ്ധത്തില്‍ തോല്‍പ്പിച്ച് തടവുകാരനാക്കിയെങ്കിലും കൊല്ലം, അധീനതയില്‍ വന്നില്ല. തെക്കുംകൂറില്‍ രാഷ്ട്രീയ അഭയം തേടിയ ഇളയിടം സ്വരൂപത്തിലെ മൂത്തറാണിയെ ഡച്ചുകാര്‍ വീണ്ടും റാണിയായി വാഴിച്ചപ്പോള്‍, ആ സ്വരൂപം 1741ല്‍ വര്‍മ പിടിച്ചടക്കി.'കുളച്ചല്‍ യുദ്ധത്തില്‍' ഡച്ചുകാരെ പരാജയപ്പെടുത്തിയത് വര്‍മയുടെ ജീവിതത്തിലെ മഹത്തായ സംഭവമായിരുന്നു, 1741ല്‍ ഡച്ചുകാരുടെ സഹായമുണ്ടായിരുന്ന കായംകുളം രാജാവിനെ 1742ല്‍ തോല്‍പ്പിച്ച് ദേശിങ്ങനാടിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ വര്‍മ വീണ്ടെടുത്തു.1746ല്‍ അമ്പലപ്പുഴയും 1749-54കളില്‍ വടക്കുംകൂറും തെക്കുംകൂറും നിയന്ത്രണത്തിലാക്കി 1754ല്‍ കൊച്ചി രാജാവിനേയും തോല്‍പ്പിച്ചു.
'പതിവു കണക്ക് '
തിരുവിതാംകൂറിന്റെ മാത്രമല്ല, ദക്ഷിണകേരളത്തിലേയും ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയായി മാറിയ മാര്‍ത്താണ്ഡവര്‍മയുടെ ആസ്ഥാന സദസ്സിനെ അലങ്കരിച്ച കവികളായിരുന്നു രാമപുരത്തു വാര്യരും കുഞ്ചന്‍ നമ്പ്യാരും. ഭരണപരിഷ്‌ക്കാരങ്ങളിലെ ശ്രദ്ധേയമായത് 'പതിവുകണക്ക്' എന്ന ചെലവുപട്ടിക നിശ്ചയിച്ചതായിരുന്നു. ദേവസ്വം, ഊട്ടുപുര, കൊട്ടാരങ്ങള്‍, റവന്യൂ, സൈനികചെലവുകള്‍, പെന്‍ഷന്‍, സംഭാവന, ദാനം, തുടങ്ങിയവയെല്ലാം ഈ പതിവുകണക്കില്‍ ഉണ്ടായിരുന്നു.
ഭരണപരിഷ്‌ക്കാരങ്ങള്‍
1759ല്‍ തിരുവിതാംകൂര്‍ രാജ്യം തിരുവനന്തപുരം ക്ഷേത്രപ്രതിഷ്ഠയായ അനന്തപത്മനാഭനു ദാനമായി സമര്‍പ്പിച്ച മാര്‍ത്താണ്ഡവര്‍മ ജലസംഭരണികള്‍, തോടുകള്‍, റോഡ്, കോട്ടകള്‍, എന്നിവയുടെ നിര്‍മിതി, യൂറോപ്യന്‍ മോഡലിലുള്ള സൈനികപുനഃസംഘടനയും പരിശീലനവും ഏര്‍പ്പെടുത്തിയിരുന്നു. പാട്ടവും നികുതിയും നിജപ്പെടുത്തല്‍, ചരക്കുകച്ചവടത്തിന്റേയും ഉപ്പുനിര്‍മാണത്തിന്റേയും സര്‍ക്കാര്‍ നിയന്ത്രണം, ചൗക്കകളുടെ സ്ഥാപനവും ചുങ്കം പിരിവും ഗ്രാമഭരണരംഗത്തെ പരിഷ്‌ക്കാരങ്ങളും വാര്‍ഷിക ബജറ്റ് സമ്പ്രദായവും രാജ്യത്തു നടപ്പാക്കിയിരുന്നു.1758ല്‍ അന്തരിച്ചു.
'ധര്‍മരാജാ' കാര്‍ത്തിക തിരുനാള്‍
മാര്‍ത്താണ്ഡവര്‍മയുടെ അനന്തരാവകാശിയായിരുന്നു കാര്‍ത്തികതിരുനാള്‍ രാമവര്‍മ.1758 മുതല്‍ 1798 വരെ തിരുവിതാംകൂറില്‍ ഭരണം നടത്തിയ രാമവര്‍മയുടെ കാലത്താണ് 1762ല്‍ തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ സഖ്യത്തിലാകുന്നത്. 1765ല്‍ ഇംഗ്ലീഷുകാരുടെ ആഭിമുഖ്യത്തില്‍ നവാബും രാജാവും തമ്മില്‍ സന്ധിയുണ്ടായി. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയതും കാര്‍ത്തികതിരുനാള്‍ രാമവര്‍മയായിരുന്നു.
ഗ്രന്ഥകാരന്‍
പണ്ഡിതനും കവിയുമായിരുന്ന രാമവര്‍മ വിദ്വാന്മാര്‍ക്കും കലാകാരന്മാര്‍ക്കും വലിയ പ്രോത്സാഹനമാണു നല്‍കിയിരുന്നത്. ഉണ്ണായിവാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നീ പ്രതിഭകള്‍ അദ്ദേഹത്തിന്റെ സദസ്യരായിരുന്നു.'ധര്‍മരാജ' എന്നറിയപ്പെട്ടിരുന്ന രാമവര്‍മ ഗ്രന്ഥകാരനുമാണ്. ബാലരാമഭാരതം എന്ന നാട്യശാസ്ത്രഗ്രന്ഥവും, സുഭദ്രാപഹരണം,രാജസൂയം, കല്യാണസൗഗന്ധികം, പാഞ്ചാലീസ്വയംവരം, ഗന്ധര്‍വവിജയം, നരകാസുരവധം തുടങ്ങിയ ആട്ടക്കഥകളും അദ്ദേഹത്തിന്റേതായുണ്ട്.
ഗൗരിലക്ഷ്മിബായി
രാമവര്‍മയും പിന്‍മുറക്കാരനായ ബാലരാമവര്‍മയും 1798 മുതല്‍ 1810 വരെയാണ് ഭരണം നടത്തിയത്. ദുര്‍ബലനായ അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നത് മന്ത്രിമാരടങ്ങുന്ന ഒരു ഉപജാപകവൃന്ദമായിരുന്നു. ഇവരുടെ അഴിമതിക്കെതിരേ ജനകീയ പ്രക്ഷോഭമുണ്ടാക്കിയാണ് വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയായത്.
1810ലാണ് 'റാണി ഗൗരിലക്ഷ്മീബായി' ഭരണമേല്‍ക്കുന്നത്. കേണല്‍ മണ്‍റോ എന്ന ഇംഗ്ലീഷുകാരനായിരുന്നു റാണിയുടെ ദിവാന്‍. തിരുവിതാംകൂറില്‍ ബ്രിട്ടീഷ് മേധാവിത്വം അങ്ങനെ പൂര്‍ണമാകുകയും ചെയ്തു.1795ലും 1805ലും തിരുവിതാംകൂറും ഈസ്റ്റിന്ത്യാകമ്പനിയും ഒപ്പുവച്ച ഉടമ്പടിപ്രകാരം കമ്പനിയുടെ പരിഷ്‌കാരങ്ങള്‍ കേണല്‍ മണ്‍റോ തിരുവിതാംകൂറിലും വരുത്തി.
ഗൗരിപാര്‍വതീ ബായി
1815 മുതല്‍ 1829 വരെയായിരുന്നു'ഗൗരിപാര്‍വതീബായി തിരുവിതാംകൂറിന്റെ ഭരണയന്ത്രം തിരിക്കുന്നത്. ഈ റീജന്റ് ഭരണം പുരോഗതിയുമുണ്ടാക്കി. കൃഷിയും വാണിജ്യവും ഗതാഗതവും പുരോഗതിയിലേക്കു മുന്നേറി. സാമൂഹികസ്വാതന്ത്ര്യവും പൗരസമത്വവും ലക്ഷ്യമാക്കിയുള്ള വളരെയേറെ പരിഷ്‌കാരങ്ങള്‍ ഗൗരീപാര്‍വതീബായിയുടെ ഭരണകാലത്തുണ്ടായി.
ഉത്രം തിരുനാള്‍
തിരുവിതാംകൂറിനെ പുരോഗതിയിലേക്കു നയിച്ച ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ(1847-1860)യുടെ കാലത്താണ് അടിമ ബാലന്മാര്‍ക്കു മോചനവും ചാന്നാര്‍ സ്ത്രീകള്‍ക്കു മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യവും നല്‍കിയത്. ബാലികമാര്‍ക്കു മാത്രമുള്ള വിദ്യാലയം സ്ഥാപിച്ചതും പ്രഥമ തപ്പാലാഫീസ് 1857ല്‍ ആലപ്പുഴയില്‍ തുറന്നതും അദ്ദേഹത്തിന്റെ കാലത്താണ്.
ആയില്യം തിരുനാള്‍
'ആയില്യം തിരുനാളും (1860- 1880) മുന്‍ഗാമികളുടെ നയം പിന്‍തുടര്‍ന്നിരുന്നു.1867ലെ ജന്മി-കുടിയാന്‍ വിളംബരം കുടിയാന്മാര്‍ക്ക് വളരെയേറെ ആനുകൂല്യങ്ങള്‍ നല്‍കി. കൃഷിക്കും വാണിജ്യത്തിനും പ്രോത്സാഹനം നല്‍കി. ബ്രിട്ടീഷ് റാണി പതിച്ചുനല്‍കിയ 'മഹാരാജ' ബഹുമതിയും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. 1865ലെ 'പണ്ടാരപ്പാട്ടം വിളംബരം'സര്‍ക്കാരിന്റെ പാട്ടവസ്തുക്കള്‍ക്കുമേല്‍ ഏതൊരു കുടിയാനും അവകാശം നല്‍കുന്നതായിരുന്നു.
വിശാഖം തിരുനാള്‍
'വിശാഖം തിരുനാളിന്റെ'കാലം 1880 മുതല്‍ 1885 വരെയായിരുന്നു. തിരുവിതാംകൂറിലെ പൊലിസ് സേനയെ പുനഃസംഘടിപ്പിച്ചു. കൃഷിയും വ്യവസായവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിച്ചു. ജലസേചനപദ്ധതിയിലും പുരോഗതി വരുത്തി.
1885 മുതല്‍ 1924 വരെ ഭരിച്ച ശ്രീമൂലം തിരുനാളും വിദ്യാഭ്യാസരംഗത്ത് സമൂലമായ പുരോഗതി വരുത്തിയിരുന്നു. അയിത്തം എന്ന ദുരാചാരം ശക്തമായിരുന്ന അക്കാലത്ത് അയിത്തജാതിക്കാരുടെ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കുകയും വൈദ്യശാസ്ത്രരംഗത്തെ അദ്ദേഹം ഉത്തേജിപ്പിക്കുകയും ചെയ്തു.
ചിത്തിര തിരുനാള്‍
'ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ അരചന്‍'എന്നാണ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മയെ ചരിത്രം വിശേഷിപ്പിക്കുന്നത്. പന്ത്രണ്ടാം വയസില്‍ രാജാവായെങ്കിലും റാണി സേതുലക്ഷ്മിബായിയുടെ റീജന്റ് ഭരണമായിരുന്നു ഏഴുവര്‍ഷം നിലനിന്നത് (1924-1931). ദിവാന്‍ സി.പി രാമസ്വാമി അയ്യരായിരുന്നു ഉപദേഷ്ടാവ്. ഭരണപരവും സാമൂഹികവുമായ പരിഷ്‌കാരങ്ങള്‍ ഇക്കാലത്തുണ്ടായി.'ശ്രീമൂലം അസംബ്ലി,'ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സില്‍' എന്നീ രണ്ടു മണ്ഡലങ്ങള്‍ രൂപീകരിച്ച് തിരുവിതാംകൂര്‍ നിയമനിര്‍മാണ സഭ 1932ല്‍ പരിഷ്‌ക്കരിച്ചു.
ഭരണപരിഷ്‌കാരങ്ങള്‍
തിരുവിതാംകൂര്‍ സര്‍വകലാശാല 1937ലും ഭൂപണയബാങ്ക് സ്ഥാപനം 1932ലും കാര്‍ഷിക കടാശ്വാസ നിയമം, കുണ്ടറ കളിമണ്‍ ഫാക്ടറി, ഏലൂര്‍ ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ്, പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി എന്നിവയും ബാലരാമവര്‍മയുടെ പരിഷ്‌കാരങ്ങളില്‍പ്പെടുന്നു.
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ ഇടുക്കി ജില്ലയിലെ മുതിരപ്പുഴ ആറില്‍ തുടങ്ങിയതും ചിത്തിരതിരുനാളായിരുന്നു. (1934ല്‍ പണി തുടങ്ങുകയും 1946ല്‍ പണിതീരുകയും ചെയ്തു) കൂടാതെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയും ആരംഭിച്ചു.
നിവര്‍ത്തന പ്രക്ഷോഭം
ഇദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രക്ഷുബ്ധമാക്കിയ പ്രക്ഷോഭങ്ങളായിരുന്നു'നിവര്‍ത്തന പ്രസ്ഥാനവും' 'ഉത്തരവാദഭരണ പ്രക്ഷോഭവും.' 1949ല്‍ രൂപീകൃതമായ തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി, 1957 കേരളസംസ്ഥാനം രൂപപ്പെടുന്നതുവരെ ഈ പദവിയില്‍ തുടര്‍ന്നു. 1931 മുതല്‍ 1949 വരെ തിരുവിതാംകൂര്‍ ഭരിച്ച ഇദ്ദേഹം ജനിച്ചത് 1912 നവംബര്‍ ഏഴിനായിരുന്നു. മരണപ്പെട്ടത് 1991 ജൂലായ് 19നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."