പാസഞ്ചര്‍ ട്രെയിന്‍ വൈകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
തുറവൂര്‍: തീരദേശ റെയില്‍വേപ്പാതയില്‍ പാസഞ്ചര്‍ തീവണ്ടികള്‍ വൈകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
യാത്രക്കാരുടെ പരാതികളോ, ജനപ്രതിനിധികളുടെ നിര്‍ദേശങ്ങളൊ, റെയില്‍വേ അധികൃതര്‍ മാനിക്കാത്ത സ്ഥിതിയാണ്. കൃത്യമായി ഓടിക്കാന്‍ കഴിയില്ലെങ്കില്‍ സീസണ്‍ ടിക്കറ്റിന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ സംഘടനയായ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.
ഉദ്യോഗസ്ഥരടക്കമുള്ള പതിവു യാത്രക്കാര്‍ക്ക് രാവിലെ എട്ടിനുശേഷം ആലപ്പുഴയിലോ, എറണാകുളത്തോ എത്താനുള്ള ഏക ആശ്രയമാണ് പാസഞ്ചര്‍. വൈകി ഓടുന്നതുമൂലം ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഓഫീസിലെത്താന്‍ ബസ് തന്നെയാണ് ആശ്രയം. സീസണ്‍ എടുത്തു പോകുന്നവര്‍ക്ക് ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ഉദ്യോഗസ്ഥ സംഘത്തിന്റെ പ്രതിനിധിയായ നിഷ മോള്‍ സലിം വ്യക്തമാക്കി. ആലപ്പുഴയില്‍ നിന്നും എറണാകുളത്ത് നിന്നും വണ്ടി വിടുന്നതിലുണ്ടാകുന്ന കാലതാമസമാണ് പ്രശ്‌നം.
ചില ദിവസങ്ങളില്‍ മാത്രം കൃത്യമായി ഓടുകയും ചെയ്യും. ജനശതാബ്ദിക്ക് വേണ്ടി പലപ്പോഴും പാസഞ്ചര്‍ പിടിച്ചിടുന്നുണ്ട്. നേരത്തെ പരാതി ശക്തമായപ്പോള്‍ ജനശതാബ്ധി കുറച്ചു നേരം ഹരിപ്പാട്ട് പിടിച്ചിടുകയും പാസഞ്ചര്‍ കൃത്യമായി വിടുകയും ചെയ്തിരുന്നു. സൂപ്പര്‍ഫാസ്റ്റായതിനാല്‍ ജനശതാബ്ദി ഓട്ടത്തില്‍ ആ താമസം നികത്തുകയും ചെയ്തിരുന്നു. മറ്റു വണ്ടികള്‍ക്ക് വേണ്ടി പലയിടത്തും പാസഞ്ചര്‍ പിടിച്ചിടുന്ന സ്ഥിതിയാണ് ഇപ്പോള്‍ നടക്കുന്നത്. വണ്ടി കൃത്യമായി മോണിറ്റര്‍ ചെയ്തു വിടണമെന്ന് കെ.സി വേണുഗോപാല്‍ എം.പി.
നിരവധി തവണ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതാണ്. ഉദ്യോഗസ്ഥന്മാരുടെ സംഘടനകളും പരാതി നല്‍കിയിരുന്നു. മെമുവാകട്ടെ പതിവു യാത്രക്കാര്‍ക്ക് ഉപകാരപ്പെടാതെ സമയങ്ങളിലാണ് ഓടുന്നതെന്നാണ് യാത്രക്കാരുടെ പരാതി. പാസഞ്ചര്‍ വൈകുന്നത് മറ്റു വണ്ടികളുടെ ക്രോസിങിനായി പിടിച്ചിടേണ്ടി വരുന്നതുകൊണ്ടാണെന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജി.നന്ദകുമാര്‍ പറഞ്ഞു. പരമാവധി സമയ ക്ലിപ്തത പാലിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."